Sun. Apr 28th, 2024

ഞെട്ടിച്ച്‌ ഗവര്‍ണറുടെ മിന്നല്‍ നീക്കം; വെട്ടിലായി സര്‍ക്കാര്‍

By admin Mar 3, 2024
Keralanewz.com

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല കോളജ് വിദ്യാർഥി സിദ്ധാർഥിന്‍റെ മരണത്തില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ മിന്നല്‍ ഇടപെടല്‍ സംസ്ഥാന സർക്കാറിനെ വെട്ടിലാക്കി.

സിദ്ധാർഥിന്‍റെ മരണത്തില്‍ കോളജ് അധികാരികളും കുറ്റക്കാരാണെന്ന പൊതുവികാരം നിലനില്‍ക്കെയാണ് വൈസ് ചാൻസലർ ഡോ. എം.ആർ. ശശീന്ദ്രനാഥിനെ ഗവർണർ ഇടപെട്ട് നീക്കി ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. എസ്.എഫ്.ഐയും സി.പി.എം അനുകൂല അധ്യാപകരും പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സംഭവത്തില്‍ വി.സി അടക്കം കോളജ് അധികാരികള്‍ക്കെതിരായ ആക്ഷേപം കണ്ടില്ലെന്ന് നടിച്ച്‌, നടപടി വിദ്യാർഥികള്‍ക്കെതിരെ മാത്രമായി ഒതുക്കാനാണ് സംസ്ഥാന സർക്കാറും പൊലീസും ശ്രമിച്ചത്.

സർവകലാശാലകളുടെ അധികാരത്തില്‍നിന്ന് ഗവർണറെ മാറ്റിനിർത്താൻ സംസ്ഥാന സർക്കാർ കൊണ്ടുവന്ന മൂന്നു നിയമഭേദഗതി ബില്ലുകള്‍ രാഷ്ട്രപതി തടഞ്ഞുവെച്ചത് ഏതാനും ദിവസം മുമ്ബാണ്. ഇതോടെ സർവകലാശാലകളില്‍ ചാൻസലർ എന്ന നിലയില്‍ കൂടുതല്‍ ഇടപെടലിന് ഗവർണർ ശ്രമിക്കുമെന്ന് ഉറപ്പായിരുന്നു. എസ്.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തില്‍ നടന്ന ആള്‍ക്കൂട്ട ആക്രമണത്തിന്‍റെ വിവരങ്ങള്‍ പുറത്തുപോകാതിരിക്കാനാണ് കോളജ് അധികൃതർ ആദ്യം ശ്രമിച്ചത്. വിവരം പുറത്തായിട്ടും പൊലീസ് അന്വേഷണം കോളജ് അധികാരികളുടെ വീഴ്ചകളിലേക്ക് നീണ്ടില്ല. വി.സി കുട്ടികളോട് സ്നേഹമുള്ളയാളാണെന്നായിരുന്നു വകുപ്പു മന്ത്രി ചിഞ്ചുറാണിയുടെ പ്രതികരണം.

വിദ്യാർഥികള്‍ക്ക് അപ്പുറത്തേക്ക് പൊലീസ് നടപടിയുണ്ടാകില്ലെന്ന ഘട്ടത്തിലാണ് സിദ്ധാർഥിന്‍റെ വീട് സന്ദർശിച്ച ഗവർണർ വി.സിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഗവർണർ ഇടപെടുമെന്ന് മനസ്സിലാക്കി ഡീൻ, ഹോസ്റ്റല്‍ വാർഡൻ എന്നിവരെ സസ്പെൻഡ് ചെയ്യാൻ സർക്കാർ ശനിയാഴ്ച രാവിലെ വി.സിയോട് നിർദേശിച്ചിരുന്നു. ഈ ഉത്തരവില്‍ ഒപ്പിടാൻ സാവകാശം നല്‍കാതെ വി.സിയെതന്നെ സസ്പെൻഡ് ചെയ്ത അത്യപൂർവ നടപടിയിലൂടെ സർക്കാറിന്‍റെ കണക്കൂകൂട്ടല്‍ ഗവർണർ തെറ്റിച്ചു.

സർക്കാറിനോട് ഒന്നും പറയാതെയാണ് വി.സിയെ സസ്പെൻഡ് ചെയ്തതെന്ന മന്ത്രി ചിഞ്ചുറാണിയുടെ പ്രതികരണത്തില്‍ അമ്ബരപ്പ് പ്രകടമാണ്. അപ്പോഴും വി.സിക്കെതിരായ നടപടിയെ തുറന്ന് എതിർക്കാൻ സർക്കാറിനും പാർട്ടിക്കും കഴിയുന്നില്ല.

Facebook Comments Box

By admin

Related Post