വിശുദ്ധ ദിനത്തിൽ നിശബ്ദ പ്രചാരണം ; കുമരകത്ത് സൗഹൃദ സന്ദർശനം നടത്തി എൽ ഡി എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ.

കോട്ടയം: വിശുദ്ധ ദിനങ്ങളില്‍ നിശബ്ദ പ്രചാരണവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍. ഇന്നലെ (വ്യാഴം) രാവിലെ ഏഴുമണിക്ക് സ്വന്തം ഇടവകയായ എസ് എച്ച് മൗണ്ട് സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ തിരുക്കര്‍മ്മങ്ങളില്‍ സ്ഥാനാര്‍ത്ഥി പങ്കെടുത്തു. ദേവാലയത്തിലെത്തിയ വിശ്വാസികള്‍ക്ക് പെസഹ ആശംസകളും സ്ഥാനാര്‍ത്ഥി നേര്‍ന്നു.

തുടര്‍ന്ന് സംക്രാന്തി ലിറ്റില്‍ ഫ്ളവര്‍ ക്നാനായ കത്തോലിക്കാ ദേവാലയത്തിലെത്തിയ സ്ഥാനാര്‍ത്ഥി പെസഹ ആചരണത്തിന്റെ ഭാഗമായി പരമ്പരാഗതമായി നടന്നുവരുന്ന കഞ്ഞി നേര്‍ച്ചയിലും പങ്കെടുത്തു. വിശ്വാസികള്‍ക്ക് ആശംസകള്‍ നേര്‍ന്നും കഞ്ഞി നേര്‍ച്ച വിളമ്പിയും സ്ഥാനാര്‍ത്ഥി പെസഹ ചടങ്ങുകളില്‍ പങ്കെടുത്തു. പിന്നീട് കുമരകം പഞ്ചായത്തില്‍ സൗഹൃദ സന്ദര്‍ശനത്തിനെത്തിയ സ്ഥാനാര്‍ത്ഥി കവണാറ്റിന്‍കരയില്‍ നിന്നാണ് പ്രചാരണം തുടങ്ങിയത്. കുമരകം സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് പള്ളിയിലെത്തിയ സ്ഥാനാര്‍ത്ഥിയെ വിശ്വാസികളും വികാരിയും സ്വീകരിച്ചു. എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്ന് സൗഹൃദം പങ്കിച്ച് അടുത്ത സ്ഥലത്തേക്ക്. കുമരകത്ത് സ്ഥാനാര്‍ത്ഥിയെ കൊന്നപ്പൂ കൊടുത്താണ് സ്ത്രീകളടക്കമുള്ളവര്‍ വരവേറ്റത്. കുമരകത്തെ ആരാധനാലയങ്ങളും കന്യാസ്ത്രീ മഠങ്ങളും സമുദായ സംഘടനാ ഓഫീസുകളിലും സ്ഥാനാര്‍ത്ഥി എത്തി. ചെങ്ങളെ മുസ്ലീം ജമാ അത്തിലെത്തിയ സ്ഥാനാര്‍ത്ഥിയെ അവിടെയുണ്ടായിരുന്ന കുട്ടികളടക്കമുള്ളവര്‍ സ്വീകരിച്ചു. എല്‍ഡിഎഫ് നേതാക്കളും സ്ഥാനാര്‍ത്ഥിക്ക് ഒപ്പമുണ്ടായിരുന്നു.

ഇന്ന്(വെള്ളി) രാവിലെ എസ് എച്ച് മൗണ്ട് സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ ദുഖവെള്ളി തിരുകര്‍മ്മങ്ങളില്‍ സ്ഥാനാര്‍ത്ഥി പങ്കെടുക്കും. നാളെ ( ശനിയാഴ്ച) കോട്ടയം മണ്ഡലത്തിലാണ് സൗഹൃദ സന്ദര്‍ശനം. ഈസ്റ്റര്‍ ദിനത്തില്‍ കുര്‍ബാനയില്‍ പങ്കെടുക്കുന്നതും ഇടവക പള്ളിയില്‍ തന്നെയാകും.