Fri. Apr 26th, 2024

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഇന്ന് നൂറ് ദിവസം

By admin Aug 27, 2021 #news
Keralanewz.com

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഇന്ന് നൂറ് ദിവസം. കൊവിഡ് ഉള്‍പ്പെടെ ഉള്ള നിരവധി പ്രതിസന്ധികളിലൂടെയാണ് തുടക്കത്തിലേ യാത്ര. നിരവധി വിവാദങ്ങളും ചുരുങ്ങിയ കാലയളവില്‍ ഉണ്ടായി. നൂറ് ദിന കര്‍മ പരിപാടികളും ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ ഹൈക്കോടതി വിധി നടപ്പാക്കാനുള്ള നടപടികളും സര്‍ക്കാരിന് നേട്ടമായി.


ചരിത്രം കുറിച്ചായിരുന്നു മെയ് 20 ന് പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടര്‍ഭരണമേറിയത്. രണ്ട് പ്രളയങ്ങളേയും കൊവിഡ് മഹാമാരിയേയും നേരിട്ട് കരുതല്‍ കാട്ടിയ സര്‍ക്കാരിന് 100 മാര്‍ക്കും നല്‍കിയാണ് ജനങ്ങള്‍ രണ്ടാം അവസരം നല്‍കിയത്. തീരാതെ തുടരുന്ന കൊവിഡ് പ്രതിസന്ധി തുടക്കം മുതല്‍ രണ്ടാം പിണറായി സര്‍ക്കാരിനെ ആടിയുലയ്ക്കുന്നു. ലോകം വാഴ്ത്തിയ കൊവിഡ് പ്രതിരോധം എവിടെയോ കൈവിട്ടുപോയെന്ന വിമര്‍ശനങ്ങള്‍ നാള്‍ക്കുനാള്‍ ശക്തമാവുകയാണ്.


കൊവിഡിനെ മെരുക്കാന്‍ ജനങ്ങളെ പിഴയീടാക്കി നേരിടുന്ന പൊലീസ് നടപടി പലവട്ടം ദുഷ്പേര് കേള്‍പ്പിച്ചു. കൊവിഡില്‍ ജീവിതം വഴിമുട്ടിയവര്‍ ജീവനൊടുക്കിയത് സര്‍ക്കാരിന് നേരെ ചോദ്യങ്ങളുയര്‍ത്തി. നിനച്ചിരിക്കാതെ നാനാ വഴികളില്‍ നിന്നും വിവാദങ്ങള്‍ വന്നു കയറി. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് നടന്ന മുട്ടില്‍ മരംമുറി തീര്‍ത്ത അലയൊലികള്‍ അവസാനിക്കുന്നില്ല. കേസിലെ ധര്‍മ്മടം ബന്ധമെന്തെന്ന പ്രതിപക്ഷ ചോദ്യം മുഖ്യമന്ത്രിക്ക് മുന്നില്‍ എത്തി നില്‍ക്കുന്നു.


കേസുമായി ബന്ധപ്പെട്ട വിവരാവകാശ രേഖ നല്‍കിയ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥയ്ക്കതിരെ പ്രതികാര നടപടി സ്വീകരിച്ചത് സര്‍ക്കാരിന് ക്ഷീണമായി. കുണ്ടറയിലെ പീഡനകേസില്‍ മന്ത്രി എകെ ശശീന്ദ്രന്റെ അനാവശ്യ ഇടപെടല്‍ വീണ്ടുമൊരു സ്ത്രീ വിഷയത്തിലേക്ക് സര്‍ക്കാരിനെ വലിച്ചിഴച്ചു. പൊലീസ് നിഘണ്ടു നിരത്തി വ്യാഖ്യാനിച്ച് ശശീന്ദ്രനെ ക്ലീനാക്കി. ആറ് വര്‍ഷം മുന്‍പ് നടന്ന നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രി ശിവന്‍ കുട്ടി വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധി സര്‍ക്കാരിന് കനത്ത തിരിച്ചടിയായി.


കരിപ്പൂര്‍ സ്വര്‍ണക്കടത്തും ആയങ്കി പാര്‍ട്ടി ബന്ധവും മറ്റൊരു സ്വര്‍ണക്കേസിലേക്ക് കുടുക്കുമെന്ന് തോന്നിയെങ്കിലും ഉണ്ടായില്ല. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ പുതുതായി വന്ന കസ്റ്റംസിന്റെ വെളിപ്പെടുത്തലും ഏശിയില്ല. ഇതിനിടയില്‍ നൂറ് ദിന കര്‍മ പരിപാടികള്‍ പ്രഖ്യാപിച്ച് വിവാദത്തിന് പിറകെയല്ല വികസനത്തിനൊപ്പമാണ് സര്‍ക്കാരെന്ന് വീണ്ടും പ്രഖ്യാപിച്ചു. കൊവിഡ് കാലത്തെ കിറ്റ് വിതരണം തുടര്‍ന്നതും സൗജന്യ ഓണക്കിറ്റ് നല്‍കിയതും കരുതലിന്റെ മറ്റൊരു മുഖമായി. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ സ്ത്രീ സുരക്ഷ സംബന്ധിച്ച് ആശങ്കകള്‍ക്ക് ഇടയാക്കി. സ്ത്രീസുരക്ഷയ്ക്കായി സംസ്ഥാന ഭരണത്തലവനായ ഗവര്‍ണര്‍ തന്നെ ഉപവാസം നടത്തിയത് കേരള ചരിത്രത്തില്‍ ആദ്യ സംഭവമായി.


കരുവന്നൂര്‍ സഹകരണ ബാങ്ക് ഉള്‍പെടെയുള്ള സാമ്പത്തിക തട്ടിപ്പും അതിലെ പാര്‍ട്ടി ബന്ധവും സര്‍ക്കാരിനെ ചെറുതല്ലാതെ ഉലച്ചു. സ്ത്രീപീഡനങ്ങളിലും സാമ്പത്തിക തട്ടിപ്പുകളിലും നടപടി സ്വീകരിച്ചത് വിവാദങ്ങളുടെ കനം കുറച്ചു. ഘടകകക്ഷിയായ ഐഎന്‍എല്‍ തെരുവില്‍ തല്ലിയത് ഭരണമുന്നണിക്കാകെ മാനക്കേടായി. ഈ സര്‍ക്കാരിന്റെ രണ്ടാം സഭാ സമ്മേളനം വിവാദ വിഷയങ്ങളാല്‍ പ്രകമ്പനം കൊണ്ടു.. എന്തിനെയും കണ്ണടച്ച് വിമര്‍ശിക്കേണ്ടെന്ന വിഡി സതീശന്റെ പ്രതിപക്ഷ നയം സര്‍ക്കാരിന് തെല്ലൊരാശ്വാസമായി.


ഇതിനിടയില്‍ കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണങ്ങള്‍ ഭരണപക്ഷത്തിന് പിടിവള്ളിയായി. കോണ്‍ഗ്രസിലേയും ലീഗിലേയും പടലപ്പിണക്കങ്ങളും പാളയത്തില്‍ പടയും പ്രതിപക്ഷത്തിന്റെ ശക്തി ചോര്‍ത്തി. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച ഹൈക്കോടതി വിധി നടപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ സര്‍ക്കാരിന്റെ നേട്ടമായി. കൊവിഡിന്റെ തുടരുന്ന താണ്ഡവം തന്നെയാണ് രണ്ടാം പിണറായി സര്‍ക്കാരിനും വെല്ലുവിളി തീര്‍ക്കുന്നത്

Facebook Comments Box

By admin

Related Post