HealthKerala

പാലാ മാര്‍ സ്ലീവാ ആശുപത്രിയില്‍ നടക്കുന്ന സമരത്തിനെതിരെ പ്രതിഷേധവുമായി സീറോ മലബാര്‍ സഭാ അല്‍മായ ഫോറം, ക്രൈസ്തവ സ്ഥാപനങ്ങള്‍ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ജനം തിരിച്ചറിയണം

Keralanewz.com

പാലാ മാര്‍ സ്ലീവാ ആശുപത്രിയില്‍ നടക്കുന്ന സമരത്തിനെതിരെ പ്രതിഷേധവുമായി സീറോ മലബാർ സഭാ അല്‍മായ ഫോറം. ക്രൈസ്തവ സ്ഥാപനങ്ങള്‍ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അല്‍മായ ഫോറം ആവശ്യപ്പെട്ടു.

ക്രൈസ്തവ സ്ഥാപനങ്ങള്‍ തകര്‍ക്കാൻ ശ്രമിക്കുന്നവരുടെ അജണ്ടകള്‍ തിരിച്ചറിയണമെന്ന് സീറോ മലബാർ അല്‍മായ ഫോറം അഭിപ്രായപ്പെട്ടു.പൊതുജനങ്ങള്‍ക്ക് ആശ്വാസമേകുന്ന ക്രൈസ്തവ സ്ഥാപനങ്ങള്‍ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാൻ ഫോറം ആവശ്യപ്പെടുന്നു.

ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആശുപത്രികളെയും ലക്ഷ്യമിട്ടുകൊണ്ടുള്ള സമരങ്ങളും അപവാദപ്രചരണങ്ങളും അടുത്ത കാലത്തായി വര്‍ധിച്ചുവരുകയാണെന്ന് ഫോറം വിലയിരുത്തി.സമാനമായ വിഷയങ്ങള്‍ മറ്റു സ്ഥാപനങ്ങളില്‍ ഉണ്ടാകുമ്ബോള്‍ മൗനം പാലിക്കുന്ന രാഷ്ട്രീയ,സമുദായ സംഘടനകള്‍ക്ക്, ക്രൈസ്തവ സ്ഥാപനങ്ങളില്‍ മാത്രം വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനു പിന്നില്‍ വ്യക്തമായ അജണ്ടകള്‍ ഉണ്ട്.ലോകത്തിലെ ഏറ്റവും വലിയ സർക്കാരിതര ആരോഗ്യ സേവന ദാതാവാണ് ക്രൈസ്തവ സഭകള്‍ നടത്തുന്ന ആശുപത്രികള്‍.

നല്ല നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ക്രൈസ്തവ മാനേജ്‌മെന്റ് ആശുപത്രികളെ തകർക്കാൻ ചില തീവ്ര ബാഹ്യശക്തികള്‍ നടത്തുന്ന ശ്രമങ്ങള്‍ പൊതുസമൂഹം തിരിച്ചറിയണം. അഴിമതിക്കറ പുരണ്ട അച്ചാരംപറ്റികളായ ചില നഴ്‌സിംഗ് സംഘടന നേതാക്കളെ മുമ്ബില്‍ നിര്‍ത്തി ക്രൈസ്തവ മാനേജ്‌മെന്റ് ആശുപത്രികളില്‍ മാത്രം നടത്തുന്ന സമരങ്ങള്‍ക്കെതിരെ ക്രൈസ്തവ സമൂഹം ഒന്നടങ്കം ജാഗ്രത പാലിക്കണം.

ക്രൈസ്തവ മാനേജ്‌മെന്റ് ആശുപത്രികളെ അസ്ഥരിരപ്പെടുത്തുന്ന സമരങ്ങള്‍ ഒരു വശത്തു നടക്കുമ്ബോള്‍, മറ്റൊരു വിഭാഗത്തിന്റെ ആശുപത്രികളോട് മൃദു സമീപനമാണ് സമരക്കാർ സ്വീകരിച്ചിക്കുന്നത്.ഇത്തരം കുടിലതന്ത്രങ്ങള്‍ ക്രൈസ്തവർ തിരിച്ചറിയണം.ഇത്തരം വ്യാജമായ സമരങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങളും ചെറുത്തുനില്‍പ്പുകളും നടത്താന്‍ ക്രൈസ്തവ സംഘടനകള്‍ ഒറ്റക്കെട്ടായിത്തന്നെ രംഗത്തിറങ്ങണം.

ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ നടത്തുന്ന ആശുപത്രികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അസ്ഥിരപ്പെടുത്തുന്ന രീതിയിലുള്ള സമരങ്ങള്‍ക്കെതിരെ സര്‍ക്കാരും മത സാംസ്‌കാരിക രാഷ്ട്രീയ മാധ്യമ പ്രവര്‍ത്തകരും ജാഗ്രതയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കപ്പെടും.കുറച്ചു വർഷങ്ങള്‍ക്കു മുൻപ് ക്രൈസ്തവ മാനേജ്‌മെന്റ് ആശുപത്രികളില്‍ അഴിച്ചു വിട്ടത് മാസങ്ങളോളം നീണ്ടുനിന്ന അതിശക്തമായ സമരങ്ങളായിരുന്നു. അന്ന് സമരത്തില്‍ പങ്കെടുത്ത ഭൂരിഭാഗം നഴ്സുമാര്‍ പോലും അവരുടെ കുടിലതന്ത്രങ്ങള്‍ തിരിച്ചറിഞ്ഞത് പിന്നീടായിരുന്നു.

സ്തുത്യര്‍ഹമായ ആതുര സേവനങ്ങള്‍ നിരന്തരം സമൂഹത്തിന് നല്‍കുന്ന ക്രൈസ്തവ സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താനും, അട്ടിമറിക്കാനുമുള്ള ഹീനമായ നീക്കങ്ങള്‍ക്ക് പിറകിലുള്ള ബാഹ്യശക്തികള്‍ ആരാണെന്ന് കണ്ടെത്താൻ സർക്കാർ അടിയന്തരമായ ഇടപെടലുകള്‍ നടത്തണമെന്ന് സീറോമലബാർ സഭാ അല്‍മായ ഫോറം സർക്കാരിനോട് ആവശ്യപ്പെടുന്നു.

Facebook Comments Box