Fri. Apr 19th, 2024

‘സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല; ജാഗ്രത തുടരണം’- മുഖ്യമന്ത്രി

By admin Sep 4, 2021 #news
Keralanewz.com

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇനി ഏര്‍പ്പെടുത്തുന്നത് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തരുതെന്ന നിലപാടാണ് വിദഗ്ധര്‍ മുന്നോട്ടു വയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് സാഹചര്യം വിലയിരുത്താനും മാര്‍ഗ നിര്‍ദ്ദേശം സ്വീകരിക്കുന്നതിനുമായി പ്രമുഖ ആരോഗ്യ വിദഗ്ധരുമായി നടത്തിയ ഓണ്‍ലൈന്‍ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയേയും നമ്മുടെ ജീവനോപാധികളേയും ഇത് വലിയ തോതില്‍ പ്രതികൂലമായി ബാധിക്കും. അത് സൃഷ്ടിക്കുന്ന പ്രതിസന്ധി വളരെ വലുതായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈറസിനെതിരെ സാമൂഹിക പ്രതിരോധ ശേഷി കൈവരിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

കോവിഡ് പ്രതിരോധത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ണായക സ്ഥാനമാണുള്ളതെന്ന് മുഖ്യമന്ത്രി പറയുന്നു. ആദ്യ ഘട്ടത്തില്‍ രോഗ വ്യാപനമുണ്ടായപ്പോള്‍ കാണിച്ച ജാഗ്രത രണ്ടാം ഘട്ടത്തില്‍ പല തദ്ദേശ സ്ഥാപനങ്ങളും കാണിച്ചില്ലെന്ന വിമര്‍ശനവും മുഖ്യമന്ത്രി ഉന്നയിച്ചു. വാര്‍ഡ് തലത്തില്‍ രൂപീകരിച്ച പല സമിതികളും രണ്ടാം തരംഗ സമയത്ത് വളരെ നിര്‍ജീവമായെന്നും അദ്ദേഹം ആരോപിച്ചു. 

പലയിടങ്ങളിലും ക്വാറന്റൈന്‍ ലംഘനമടക്കമുള്ള സംഭവിച്ചു. രോഗികളില്‍ ചിലര്‍ ഇറങ്ങി നടക്കുന്ന സാഹചര്യം വരെയുണ്ടായി. അത്തരം സാഹചര്യങ്ങള്‍ രോഗ വ്യാപനം ഉയരാന്‍ ഇടയാക്കിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതുകൊണ്ട് തദ്ദേശ പ്രതിനിധികളും ഉദ്യോഗസ്ഥരും ഒരിക്കല്‍ കൂടി സടകുടഞ്ഞ് എഴുന്നേല്‍ക്കണം. അങ്ങനെയെങ്കില്‍ രണ്ടാഴ്ച കൊണ്ട് ഇപ്പോഴത്തെ വ്യാപനത്തെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

Facebook Comments Box

By admin

Related Post