Fri. Apr 26th, 2024

ഇല്ലാത്ത കോട്ടയം ജില്ലാ പഞ്ചായത്ത് കരാറിന്റെ പേരിൽ ജോസ് കെ മാണിയെ പുറത്താക്കി: പഞ്ചായത്ത്, നിയമസഭാ ഇലക്ഷനുകളിൽ തോറ്റു തുന്നവുംപാടി, ഇപ്പോൾ എഴുതപ്പെട്ട കരാർ പോലും ജോസഫ് ഗ്രൂപ്പ് പാലിക്കുന്നില്ല; ഡിസിസി പ്രസിഡണ്ട് വിവാദത്തിനു പിന്നാലേ ഏറ്റുമാനൂർ മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ രാജിവെക്കാത്തതിൽ യു.ഡി.എഫ് പൊട്ടിത്തെറിയുടെ വക്കിൽ

By admin Sep 4, 2021 #news
Keralanewz.com

ഏറ്റുമാനൂർ മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ ജോസഫ് ഗ്രൂപ്പിലെ കെ പി ജയമോഹനൻ കരാർപ്രകാരമുള്ള ആറു മാസം കാലാവധി കഴിഞ്ഞിട്ടും രാജി വെക്കാത്തതിൽ യുഡിഎഫിൽ അസ്വസ്ഥത പുകയുന്നു. ഡിസിസി ഓഫീസിൽ ആറുമാസത്തിന് കരാർ എഴുതി വച്ച ശേഷമാണ് ജോസഫ് ഗ്രൂപ്പിലെ ജയമോഹനനെ മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ ആക്കിയത്. ആറുമാസത്തിനുശേഷം ജയമോഹന് പകരം കോൺഗ്രസിലെ വിശ്വനാഥനെ വൈസ് ചെയർപേഴ്സൺ ആക്കണമെന്നും, വിശ്വനാഥൻ വഹിക്കുന്ന പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനം  കോൺഗ്രസിലെതന്നെ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ, ടോമി കുരുവിള പുള്ളിമാൻതടത്തിലെ ആകണമെന്നുമായിരുന്നു എഴുതിവെച്ച കരാർ. എന്നാൽ എഴുതിവച്ച ഈ കരാർ പാലിക്കേണ്ടതില്ല, എന്നാണ് ജോസഫ് ഗ്രൂപ്പിന്റെ തീരുമാനം

കോട്ടയം ജില്ലാ പഞ്ചായത്ത് വിഷയത്തിൽ  ഇല്ലാത്ത കരാറിന്റെ പേരിലാണ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്നും പുറത്താക്കിയത്. തന്മൂലം കോട്ടയം ജില്ലാ പഞ്ചായത്ത് അടക്കം തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കോട്ടയം ജില്ലയിലും കേരളമൊന്നാകെയും വൻ പരാജയമാണ് യു ഡി എഫ് നേരിട്ടത്. ഏറ്റുമാനൂർ നിയമസഭാ സീറ്റ് അടക്കം ജോസഫ് ഗ്രൂപ്പിന് കൊടുക്കേണ്ടതായി വന്നു. ഇതിനെല്ലാം കനത്ത വില നൽകേണ്ടി വന്നത് കോട്ടയത്തെ ശക്തികേന്ദ്രമായിരുന്ന ഉമ്മൻചാണ്ടിയുടെ വിശ്വസ്തർക്കായിരുന്നു. ഏറ്റുമാനൂർ സീറ്റ് മോഹിച്ചിരുന്ന ലതികാസുഭാഷ് അടക്കമുള്ളവർ, കോൺഗ്രസ് പാർട്ടി വിട്ടു പോകുന്ന സാഹചര്യം വരെയുണ്ടായി. ഈ രീതിയിൽ ജോസഫ് ഗ്രൂപ്പിനെതിരെ അതിശക്തമായ വികാരം കോൺഗ്രസ് പാർട്ടിയിൽ ഉയരുന്നതിനിടെയാണ്, എഴുതപ്പെട്ട കരാർ പോലും പാലിക്കുവാൻ തയ്യാറാകാതെ ജോസഫ് ഗ്രൂപ്പ്, യുഡിഎഫിനെ വെല്ലുവിളിക്കുന്നത്. മാത്രമല്ല, കോട്ടയം ജില്ലാ ആസൂത്രണ കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ജോസഫ് ഗ്രൂപ്പിലെ അംഗങ്ങൾ എൽഡിഎഫിനെ ആയിരുന്നു പിന്തുണച്ചിരുന്നത്. ഇതും യുഡിഎഫിൽ വൻ വിവാദത്തിന് വഴിതെളിച്ചിരുന്നു

ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തിലടക്കം  കോൺഗ്രസിലെ ഉമ്മൻ ചാണ്ടി – രമേശ് വിഭാഗങ്ങൾ ഒതുക്കപ്പെട്ടു എന്ന നിലയിൽ,  ജോസഫ് ഗ്രൂപ്പിന്റെ ഭാഗത്തുനിന്ന് കൂടി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തർക്കെതിരെ ഇത്തരം നീക്കം നടക്കുന്നത് എന്നത് യുഡിഎഫിൽ, വൻ പൊട്ടിത്തെറിക്കാണ് വഴിയൊരുക്കുന്നത്. ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിൽ എഴുതപ്പെട്ട കരാർ പാലിക്കാത്തപക്ഷം കോട്ടയം ജില്ലയിൽ ജോസഫ് ഗ്രൂപ്പുമായി സഹകരിക്കേണ്ടതില്ലയെന്നാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റിയിലെ ഭൂരിഭാഗത്തിന്റെയും തീരുമാനം

Facebook Comments Box

By admin

Related Post