Kerala News

കേരള കോണ്‍. ജേക്കബ്‌ പിളരുന്നു; ജോണി നെല്ലൂര്‍ വിഭാഗം പി ജെ ജോസഫ്‌ ഗ്രൂപ്പിലേക്ക്‌

Keralanewz.com

കോട്ടയം ; കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് പിളര്‍ന്നു. കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിലെ ജോണി നെല്ലൂര്‍ വിഭാഗം കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ ലയിക്കും. അനൂപ് ജേക്കബ് വിഭാഗം ജേക്കബ് ഗ്രൂപ്പായി തുടരാനും തീരുമാനിച്ചു.

കോട്ടയത്ത് ജോണി നെല്ലൂര്‍ വിഭാഗം വിളിച്ചുകൂട്ടിയ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വൈസ് പ്രസിഡന്റ് ജോര്‍ജ് ജോസഫ് പ്രമേയം അവതരിപ്പിച്ചു. ജോസഫ് വിഭാഗവുമായുളള ലയനവുമായി ബന്ധപ്പെട്ട തുടര്‍ ചര്‍ച്ചകള്‍ക്ക് ജോണി നെല്ലൂരിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു പ്രമേയം. യോഗം പ്രമേയം അംഗീകരിച്ചു. അനൂപ് ജേക്കബിന്റെ എതിര്‍പ്പ് മറികടന്നാണ് തീരുമാനം. ഈ മാസം 29 ന് എറണാകുളത്ത് ലയന സമ്മേളനം നടത്താനാണ് ജോണി നെല്ലൂര്‍ വിഭാഗം തീരുമാനിച്ചിരിക്കുന്നത്. ലയന സമ്മേളനം നടക്കുമെന്ന് പി ജെ ജോസഫും വ്യക്തമാക്കിയിരുന്നു.

പാര്‍ട്ടിയെ തകര്‍ക്കാന്‍ അനൂപ് അച്ചാരം വാങ്ങിയെന്ന് യോഗത്തില്‍ സംസാരിച്ച ജോണി നെല്ലൂര്‍ ആരോപിച്ചു. ടി എം ജേക്കബിന്റെ സംസ്‌കാരചടങ്ങുകള്‍ക്ക് ശേഷം പള്ളിമുറ്റത്ത് വെച്ച്‌ പിറവം സീറ്റ് തനിക്ക് വേണമെന്ന് ആവശ്യപ്പെട്ടയാളാണ് അനൂപ് ജേക്കബ്.

ജേക്കബിന്റെ മരണശേഷം ആശുപത്രിയില്‍ വെച്ചുതന്നെ അധികാരസ്ഥാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് അനൂപ് ജേക്കബ് മുതിര്‍ന്നത്. മന്ത്രിയായിരിക്കുന്ന കാലയളവില്‍ ടി എം ജേക്കബിന്റെ സ്മാരകം പണിയുന്നതിന് വേണ്ടി യാതൊരു മുന്‍കൈയും അനൂപ് ജേക്കബ് എടുത്തില്ലെന്നും ജോണി നെല്ലൂര്‍ ആരോപിച്ചു.

മാണിഗ്രൂപ്പില്‍ നിന്ന് ജേക്കബ് ഗ്രൂപ്പിലേക്ക് സ്ഥാനമാനങ്ങള്‍ ഉപേക്ഷിച്ച്‌ വന്ന വ്യക്തിയാണ് താനെന്നും അക്കാര്യമെല്ലാം മറന്നാണ് അനൂപ് ജേക്കബ് തന്നെ സമനിലതെറ്റിയവനെന്ന് വിളിച്ച്‌ ആക്ഷേപിക്കുന്നതെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

കോട്ടയത്ത് അനൂപ് ജേക്കബ് വിളിച്ച യോഗം നടന്നുകൊണ്ടിരിക്കുകയാണ്. ലയനം വേണ്ടെന്ന നിലപാടിലാണ് അനൂപ് ജേക്കബ് വിഭാഗം യോഗം ചേരുന്നത്. പരമാവധി നേതാക്കളെ പങ്കെടുപ്പിച്ച്‌ കരുത്ത് കാട്ടാനാണ് അനൂപിന്റെ ശ്രമം. ജോണി നെല്ലൂരിന്റെ നീക്കത്തോടെ മറ്റൊരു പിളര്‍പ്പിനുകൂടി സാക്ഷിയാകുകയാണ് കേരള കോണ്‍ഗ്രസ് രാഷ്ട്രീയം. തനിക്കെതിരെ ജോണി നെല്ലൂര്‍ നുണപ്രചരണമാണ് നടത്തുന്നതെന്ന് അനൂപ് ജേക്കബ് ആരോപിച്ചു. ജോണി നെല്ലൂരിന്റെ വാക്കുകള്‍ അദ്ദേഹത്തിന്റെ സംസ്‌കാരമാണ് പ്രകടമാക്കുന്നതെന്നും അനൂപ് പറഞ്ഞു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *