വൈറലായി ക്രെയിൻ ഉപയോഗിച്ച് പൊക്കിയെടുത്ത ഭീമൻ പാമ്പ്! സത്യമെന്ത്?

Keralanewz.com

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു വിഡിയോയാണ് ക്രെയിൻ ഉപയോഗിച്ച് പൊക്കിയെടുത്ത ഭീമൻ പാമ്പിന്റേത്. ജാർഖണ്ഡിലെ ധൻബാദിൽ നിന്നുള്ള വീഡിയോയാണിത് എന്ന വിവരണവുമായാണ് വീഡിയോ പരന്നത്. “100 കിലോഗ്രാം ഭാരവും 6.1 മീറ്റർ നീളവുമുള്ള ഈ പെരുമ്പാമ്പിനെ ജാർഖണ്ഡിലെ ധൻബാദിൽ മാറ്റാൻ ഒരു ക്രെയിൻ വേണ്ടി വന്നു” എന്ന് രാജ്യസഭാംഗം, പരിമൾ നത്വാനി വീഡിയോ സഹിതം പോസ്റ്റ് ചെയ്തതോടെ വീഡിയോ കാട്ടുതീപോലെ സമൂഹ മാധ്യമങ്ങളിൽ പടർന്നു. പക്ഷെ യഥാർത്ഥത്തിൽ ധൻബാദിൽ നിന്നുള്ള വീഡിയോ ആണോ ഇത്?

അല്ല. കരീബിയൻ രാഷ്ട്രമായ ഡൊമിനിക്കയിലെ മഴക്കാടുകൾ വൃത്തിയാക്കുന്നതിനിടയിൽ തൊഴിലാളികളുടെ ശ്രദ്ധയിൽ പെട്ടതാണ് ഈ ഭീമൻ പാമ്പ്. തങ്ങളെകൊണ്ട് ഈ പാമ്പിനെ മാറ്റാൻ സാധിക്കില്ല എന്ന് മനസ്സിലാക്കിയ തൊഴിലാളികൾ ക്രെയിൻ വിളിച്ചുവരുത്തി. ക്രെയിൻ ഉപയോഗിച്ച് പാമ്പിനെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി തൊഴിലാളികൾ തങ്ങളുടെ ജോലി തുടർന്നു. ആരോ റെക്കോർഡ് ചെയ്ത വീഡിയോ അതിനകം ‘ലോകത്തിലെ ഏറ്റവും വലിയ പാമ്പ്’ എന്ന വിശേഷണവുമായി പടരാൻ തുടങ്ങി.

ടിക് ടോക്കിൽ പോസ്റ്റ് ചെയ്ത യഥാർത്ഥ വീഡിയോ 8 കോടിയിലധികം പേരാണ് കണ്ടത്. പാമ്പിനെ കണ്ട കുഴിയെടുക്കുന്നവർ, പാമ്പിന്റെ വലിപ്പവും ഭാരവും കാരണം ട്രക്കിൽ കയറ്റാൻ പാടുപെടുന്ന മറ്റൊരു വീഡിയോയുമുണ്ട് എന്ന് ദി സൺ റിപ്പോർട്ട് ചെയുന്നു. ഏത് ഇനത്തിൽപെട്ട പാമ്പാണ് ഇതെന്ന് ഇപ്പോഴും വ്യക്തമല്ല. ബോവ കൺസ്ട്രക്റ്റർ പാമ്പുകൾ ധാരാളമായി കാണുന്ന പ്രദേശമാണിത്. ബോവ ഇനത്തിൽപ്പെട്ടവയാണ് ആനക്കോണ്ടകളും. ആനക്കോണ്ടകളെപ്പോലെ വലുതും നീളമുള്ളതുമായ മറ്റ് പാമ്പുകൾ പൈത്തണുകളാണ്. പൈത്തണുകൾക്ക് 30 അടിയിലധികം നീളത്തിൽ വളരാൻ കഴിയും, പക്ഷേ അനക്കോണ്ടകളെപ്പോലെ അത്രയും വലുപ്പമില്ല.

Facebook Comments Box