Tue. May 7th, 2024

നീണ്ട ഇടവേളയ്ക്ക് ശേഷം തിരികെ സ്കൂളിലേക്ക്; ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ, കർശനനിയന്ത്രണം; ബയോബബിളായി പഠനം

By admin Nov 1, 2021 #news
Keralanewz.com

തിരുവനന്തപുരം: ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്കൂളുകൾ തുറക്കുന്നു. കർശനമായ സുരക്ഷാ പാഠങ്ങളുമായി 42 ലക്ഷത്തോളം കുട്ടികളാണ് ഇന്ന് സ്കൂളുകളിലെത്തുന്നത്

ഇന്നു രാവിലെ 8.30ന് തിരുവനന്തപുരം ഗവ. കോട്ടൺഹിൽ യുപി സ്കൂളിലാണ് സംസ്ഥാനതല പ്രവേശനോത്സവം. ഒന്നു മുതൽ ഏഴു വരെയുളള ക്ലാസ്സുകളും, 10, 12 ക്ലാസ്സുകളുമാണ് ഇന്ന് ആരംഭിക്കുന്നത്. ഇന്ന് സ്കൂളുകളിൽ നേരിട്ടെത്താത്തത് അയോഗ്യതയായി കണക്കാക്കില്ല. നേരിട്ട് വരാൻ തയാറല്ലാത്തവർക്ക് ഡിജിറ്റൽ പഠനം തുടരാം. തിരക്ക് ഒഴിവാക്കാൻ 8, 9 ക്ലാസുകൾ ഈ മാസം 15 നാണു തുടങ്ങുക. പ്ലസ് വൺ ക്ലാസുകളും 15നു തുടങ്ങും. 

സുരക്ഷ അതീവപ്രധാനം

സ്കൂളുകൾ തുറക്കുന്നതോടെ വിദ്യാലയങ്ങളിൽ നേരിട്ട് നടക്കേണ്ട വിദ്യാഭ്യാസത്തിന്റെ അഭാവം സൃഷ്ടിച്ചിരുന്ന വെല്ലുവിളിക്ക് പരിഹാരമാവുകയാണെന്നും സുരക്ഷിതമായ രീതിയിൽ വിദ്യാലയങ്ങളുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോവേണ്ടത് അതീവപ്രധാനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്കൂളുകൾ പൂർണ സജ്ജമായെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 

ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ

സ്‌കൂൾ തുറന്നാൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചും ആദ്യ രണ്ടാഴ്ചയിലെ അക്കാദമിക് പ്രവർത്തനങ്ങൾ സംബന്ധിച്ചും മാർഗരേഖ പുറത്തിറക്കിയിട്ടുണ്ട്. രാവിലെ 9 മുതൽ 10 വരെയുള്ള സമയത്തിനിടയ്ക്ക് ക്ലാസുകൾ തുടങ്ങണം. സ്‌കൂളുകളിൽ ആകെ കുട്ടികളുടെ എണ്ണം 25% ആയി ക്രമീകരിക്കണം. ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ വീതം ആയിരിക്കണം ഇരിക്കേണ്ടത്. കുട്ടികൾ ഭക്ഷണം കഴിക്കുമ്പോൾ ഒന്നിച്ചിരുന്ന് കഴിക്കാതെ രണ്ട് മീറ്റർ അകലംപാലിക്കണം. 

ആദ്യ രണ്ടാഴ്ച ഉച്ചവരെയാകും ക്ലാസുകൾ. ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച് കുട്ടികൾ ഒരുമിച്ചെത്തുന്നത് ഒഴിവാക്കിയാകും ക്ലാസുകൾ നടത്തുക. ബാച്ചുകൾ സ്കൂളുകൾക്ക് തിരിക്കാം. ഒരോ ബാച്ചിനും തുടർച്ചയായ മൂന്ന് ദിവസം ക്ലാസ്. അടുത്ത ബാച്ചിന് അടുത്ത മൂന്ന് ദിവസം ക്ലാസ്. ഓരോ ഗ്രൂപ്പിനെയും ബയോബബിളായി കണക്കാക്കിയാകും പഠനം.

വാക്‌സിൻ മസ്റ്റ്

2282 അധ്യാപകർ വാക്‌സിൻ എടുക്കാത്തതായുണ്ട്. ഈ അധ്യാപകരോട് സ്‌കൂളുകളിൽ വരേണ്ടതില്ലെന്ന് വാക്കാൽ നിർദേശം കൊടുത്തിട്ടുണ്ട്. അവർ വീടുകളിൽ ഇരുന്ന് ഓൺലൈൻ ആയി കുട്ടികളെ പഠിപ്പിച്ചാൽ മതി. ഡെയ്‌ലി വേജസിൽ വാക്‌സിൻ എടുക്കാത്ത അധ്യാപകരുണ്ടെങ്കിൽ അവർ ഇനി ജോലിയ്ക്ക് വരേണ്ടതില്ല.

കുട്ടികളെ കൊണ്ട് വരുന്ന രക്ഷിതാക്കൾ സ്കൂളിൽ പ്രവേശിക്കരുത്. ഇതൊക്കെയാണ് പൊതു നിർദ്ദേശങ്ങൾ. ആദ്യരണ്ടാഴ്ചക്ക് ശേഷം ക്ലാസിലെത്തേണ്ട കുട്ടികളുടെ എണ്ണം, ഷിഫ്റ്റ് എന്നിവയിലടക്കമുള്ള മാറ്റമുണ്ടാകും.
 

Facebook Comments Box

By admin

Related Post