Fri. Apr 26th, 2024

മാസം അഞ്ചുകിലോ സൗജന്യ ഭക്ഷ്യധാന്യം; ഗരീബ് കല്യാണ്‍ അന്നയോജന മാര്‍ച്ച് വരെ നീട്ടി

By admin Nov 24, 2021 #news
Keralanewz.com

ന്യൂഡല്‍ഹി: കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി നീട്ടി. കോവിഡ് കേസുകള്‍ കുറയുകയും സമ്പദ് വ്യവസ്ഥ പൂര്‍വ്വ സ്ഥിതിയിലേക്ക് തിരികെ വരുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ പദ്ധതി നീട്ടില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പദ്ധതി മാര്‍ച്ച് വരെ നീട്ടാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചതായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിലാണ് പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യധാന്യം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി പ്രഖ്യാപിച്ചത്. മാസം അഞ്ചുകിലോ വീതം ഭക്ഷ്യധാന്യം പാവപ്പെട്ടവരുടെ ഇടയില്‍ സൗജന്യമായി വിതരണം ചെയ്യുന്നതാണ് പദ്ധതി. 80 കോടി ഗുണഭോക്താക്കള്‍ക്ക് ഗുണം ചെയ്യുന്ന പദ്ധതി വിവിധ ഘട്ടങ്ങളിലായി നവംബര്‍ 30 വരെ നീട്ടിയിരുന്നു. ഇതാണ് മാര്‍ച്ച് വരെ നീട്ടിയത്. 

തുടര്‍ന്നും നീട്ടുമോ എന്നതിനെ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനിടെ, പദ്ധതി നീട്ടുന്നതുമായി ബന്ധപ്പെട്ട് ഒരു നിര്‍ദേശവും സര്‍ക്കാരിന്റെ മുന്നില്‍ ഇല്ലെന്ന കേന്ദ്ര ഭക്ഷ്യ സെക്രട്ടറിയുടെ വാക്കുകള്‍ വലിയ വാര്‍ത്തയായിരുന്നു. കോവിഡിനെ തുടര്‍ന്ന് തളര്‍ച്ച നേരിട്ട സമ്പദ് വ്യവസ്ഥ മടങ്ങിവരവിന്റെ പാതയിലാണ്. ഭക്ഷ്യധാന്യ ശേഖരം ഉയര്‍ന്നതും വിലയിരുത്തി പദ്ധതി നീട്ടാന്‍ സര്‍ക്കാരിന്റെ മുന്നില്‍ ആലോചനയില്ലെന്നാണ് ഭക്ഷ്യസെക്രട്ടറി അന്ന് പറഞ്ഞത്. കോവിഡ് രണ്ടാം തരംഗം രൂക്ഷമായ ഘട്ടത്തിലാണ് പദ്ധതി നവംബര്‍ 30 വരെ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചത്

Facebook Comments Box

By admin

Related Post