Thu. Apr 25th, 2024

സമ്പന്നരായ അംഗപരിമിതരെ വിവാഹം കഴിച്ചു കബളിപ്പിച്ചു പണവും ആഭരണവും കവരും; ഇൻഡോർ സ്വദേശികളായ സഹോദരിമാർക്കു 3 വർഷം കഠിന തടവും 9.5 ലക്ഷം രൂപ പിഴയും

By admin Dec 5, 2021 #news
Keralanewz.com

സമ്പന്നരായ അംഗപരിമിതരെ വിവാഹം കഴിച്ചു കബളിപ്പിച്ചു പണവും ആഭരണവും കവരുന്ന കേസിൽ ഇൻഡോർ സ്വദേശികളായ സഹോദരിമാർക്കു 3 വർഷം കഠിന തടവും 9.5 ലക്ഷം രൂപ പിഴയും മജിസ്ട്രേട്ട് കോടതി വിധിച്ചു. ഒന്നും രണ്ടും പ്രതികളായ മേഘ ഭാർഗവ (30) സഹോദരി പ്രചി ശർമ്മ ഭാർഗവ (32) എന്നിവർക്കാണു ശിക്ഷ വിധിച്ചത്. ഇവർ തട്ടിയെടുത്ത പണം പരാതിക്കാരനു തിരികെ നൽകാനും കോടതി വിധിച്ചു. മലയാളികളായ 4 പേർ ഉൾപ്പെടെ 11 പേർ ഇവരുടെ തട്ടിപ്പിന് ഇരകളായിട്ടുണ്ട്. മൂന്നും നാലും പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു.

വൈറ്റിലയിൽ മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന ഇതരസംസ്ഥാനക്കാരനായ സംസാരിക്കാൻ ബുദ്ധിമുട്ടുള്ള വ്യക്തി സമർപ്പിച്ച പരാതിയിലാണു കടവന്ത്ര പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. സംഭവത്തെ തുടർന്നു ഹൃദയാഘാതം വന്ന് ഇരയുടെ പിതാവ് മരിച്ചതു കേസിന്റെ ഗൗരവം വർധിപ്പിച്ചു.

നേരത്തേ വിവാഹിതയാണെന്ന വിവരം മറച്ചു വച്ചാണു മേഘ പരാതിക്കാരൻ അടക്കമുള്ള എല്ലാവരെയും കബളിപ്പിച്ചത്. അംഗ പരിമിതിയുള്ളവരെയാണ് ഇവർ തട്ടിപ്പിനു തിര‍ഞ്ഞെടുത്തിരുന്നത്.വിവാഹം കഴിഞ്ഞു രണ്ടോ മൂന്നോ ദിവസം ഭർത്താവിന്റെ വീട്ടിൽ താമസിച്ചതിനു ശേഷം അവിടെയുള്ള പണവും ആഭരണങ്ങളും മോഷ്ടിച്ചു കടന്നുകളയുന്നതായിരുന്നു തട്ടിപ്പിന്റെ രീതി.

2015 സെപ്റ്റംബറിലാണു വൈറ്റില സ്വദേശിയെ മേഘ വിവാഹം ചെയ്തത്. വിവാഹാലോചന നടത്തിയതു മേഘയുടെ വീട്ടുകാരാണ്. നഗരത്തിലെ ഒരു ക്ഷേത്രത്തിൽ വിവാഹം നടന്നു. 2 ദിവസം പിന്നിട്ടപ്പോൾ സ്വർണാഭരണങ്ങളും വാച്ചും വജ്ര‌ാഭരണവും വസ്ത്രങ്ങളും അഞ്ചര ലക്ഷം രൂപയുമടക്കം 9.50 ലക്ഷം രൂപയുടെ മുതലുമായി മേഘ ഇൻഡോറിലേക്കു മുങ്ങി. മേഘയെ തിരികെ കൊണ്ടുവരാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണു പരാതിയുമായി പൊലീസിനെ സമീപിച്ചത്.

ഉയർന്ന സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങളിലെ അംഗപരിമിതിയുള്ള യുവാക്കളെയാണു പ്രതികൾ തട്ടിപ്പിനു വേണ്ടി ലക്ഷ്യമിട്ടിരുന്നത്. നാണക്കേടു ഭയന്നു പലരും പരാതി നൽകാതിരുന്നതു കൂടുതൽ തട്ടിപ്പിന് ഇവർക്കു പ്രേരണയായി.

കേസന്വേഷിച്ച സിറ്റി പൊലീസ് മേഘ, പ്രചി, വിവാഹത്തിന് ഇടനിലക്കാരായ മഹേന്ദ്ര ബുണ്ടേല, ദേവേന്ദ്ര ശർമ എന്നിവരെ അറസ്റ്റ് ചെയ്തു. കടവന്ത്ര എസ്ഐ ടി.ഷാജി കുറ്റപത്രം സമർപ്പിച്ച കേസിലാണു മജിസ്ട്രേട്ട് എൽദോസ് മാത്യൂസിന്റെ വിധി. പ്രോസിക്യൂഷനു വേണ്ടി അസി.പബ്ലിക് പ്രോസിക്യൂട്ടർമാരായ ലെനിൻ പി. സുകുമാരൻ, എസ്. സൈജു എന്നിവർ ഹാജരായി

Facebook Comments Box

By admin

Related Post