Kerala News

കൈക്കൂലി: വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍

Keralanewz.com

പത്തനംതിട്ട: വസ്തു പോക്കുവരവ് ചെയ്തുനല്‍കുന്നതിന് ഉടമയില്‍ നിന്ന് കൈക്കൂലി വാങ്ങിയ ഓമല്ലൂര്‍ വില്ലേജ് ഓഫീസര്‍ കിടങ്ങന്നൂര്‍ കോട്ട സൗപര്‍ണികയില്‍ എസ്.കെ.

സന്തോഷ് കുമാര്‍ (52)നെ വിജിലന്‍സ് അറസ്റ്റുചെയ്തു. വാഴമുട്ടം സ്വദേശി ശിവകുമാറിന്റെ കൈയില്‍ നിന്ന് 3000 രൂപ വാങ്ങുമ്ബോഴാണ് പിടിയിലായത്. ചൊവ്വാഴ്ച അപേക്ഷ നല്‍കിയപ്പോള്‍ പ്രമാണത്തില്‍ ചില തടസങ്ങള്‍ ഉണ്ടെന്നുപറഞ്ഞ് 5000 രൂപയുമായി വരാന്‍ വില്ലേജ് ഓഫീസര്‍ ആവശ്യപ്പെടുകയായിരുന്നു. ഇത്രയും പണം നല്‍കാന്‍ നിര്‍വാഹമില്ലെന്ന് പറഞ്ഞപ്പോള്‍ 3000 രൂപ കൊണ്ടുവരാന്‍ പറഞ്ഞു.

തുടര്‍ന്ന് ശിവകുമാര്‍ പത്തനംതിട്ട വിജിലന്‍സ് ഡിവൈ. എസ്. പി ഹരിവിദ്യാധരന് പരാതി നല്‍കി. വിജിലന്‍സ് നല്‍കിയ പണവുമായാണ് ഇന്നലെ വൈകിട്ട് 4ന് ഓഫീസില്‍ എത്തിയത്.

ഒരു വിജിലന്‍സ് ഉദ്യോഗസ്ഥന്‍ വിവരാവകാശ അപേക്ഷ നല്‍കാനെന്ന പേരില്‍ വില്ലേജ് ഓഫീസിനുള്ളില്‍ നിന്നു. പുറത്ത് മറ്റ് വിജിലന്‍സ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. മുറിയിലെ ജനാല കര്‍ട്ടനുകള്‍ നീക്കിയിട്ടും പുറത്താരും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷവുമാണ് ശിവകുമാറിനോട് വില്ലേജ് ഓഫീസര്‍ പണം വാങ്ങിയത്. ഉടനെ വിജിലന്‍സ് പിടികൂടി. ഈ സമയം ഇയാളുടെ കിടങ്ങന്നൂരിലെ വീട്ടിലും റെയ്ഡ് നടന്നു . വില്ലേജ് ഓഫീസര്‍ക്കെതിരെ എറെ നാളായി വ്യാപക പരാതികളുണ്ടായിരുന്നു

Facebook Comments Box