തിരുവനന്തപുരം നഗരത്തില്‍ ഗുണ്ടകളുടെ അഴിഞ്ഞാട്ടം; ആറംഗ സംഘം പോലീസ് പിടിയില്‍; അറസ്റ്റിലായവര്‍ കഞ്ചാവ് ലഹരിയിലെന്ന് പോലീസ്; പിടിയിലായവരില്‍ പതിനാലുകാരനും
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടകളുടെ വിളയാട്ടം. മയക്കുമരുന്ന് ഉപയോഗിച്ചെത്തിയ സംഘം നഗരത്തില്‍ ബഹളം വയ്‌ക്കുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മ്യൂസിയം പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. പതിനാല് വയസുകാരന്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. തിരുവനന്തപുരത്തെ പിഎംജി ജംങ്ഷനില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.
മോഷണക്കേസ് പ്രതികളെ അടക്കമാണ് പോലീസ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന മാരുതി വാന്‍ പിഎംജി ജംങ്ഷനില്‍ അപകടത്തില്‍ പെടുകയായിരുന്നു. പോസ്റ്റിലും മറ്റൊരു വാഹനത്തിലും ഇടിച്ചാണ് അപകടമുണ്ടായത്. അപകടം കണ്ട് നാട്ടുകാര്‍ ഓടികൂടി. ഈ സമയം വാഹനത്തിലുണ്ടായിരുന്ന ഗുണ്ടാ സംഘം പുറത്തിറങ്ങി നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും ഓടിച്ചുവിടുകയും ചെയ്തു. ഇത് അറിഞ്ഞ് മ്യൂസിയം പോലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് സംഘത്തിലെ അഞ്ച് പേര്‍ പോലീസ് അന്വേഷിക്കുന്ന പ്രതികളാണെന്ന് തിരിച്ചറിഞ്ഞത്.
കൊലക്കേസില്‍ പ്രതിയായ കണ്ണപ്പന്‍ രതീഷും, പോലീസ് കസ്റ്റഡിയിലിരിക്കെ രക്ഷപ്പെട്ട മോഷണക്കേസിലെ പ്രതി ഫാന്റം പൈലിയെന്ന ഷാജിയും സംഘത്തിലുണ്ടായിരുന്നു. ആറു പേരെയും പരിശോധിച്ചപ്പോള്‍ ഇവരെല്ലാം കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തി. കോവളത്തുനിന്നും വര്‍ക്കലയ്‌ക്ക് പോകുകയായിരുന്നു പ്രതികള്‍. ഗുണ്ടാസംഘം കോവളത്ത് എത്തിയത് എന്തിനാണെന്നും വര്‍ക്കയിലേയ്‌ക്ക് പോയത് എന്തിനാണെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.