Kerala News

മോന്‍സണുമായി അടുപ്പം: നടി ശ്രുതിലക്ഷ്മിയെ ഇ.ഡി ചോദ്യം ചെയ്തു

Keralanewz.com

കൊച്ചി: നടി ശ്രുതിലക്ഷ്മിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. മോന്‍സണ്‍ മാവുങ്കലിന്റെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്തത്. മോന്‍സണിന്റെ വീട്ടില്‍ നടന്ന ആഘോഷപരിപാടിയില്‍ ശ്രുതിലക്ഷ്മി നൃത്തം അവതരിപ്പിച്ചിരുന്നു. കൊച്ചിയിലെ ഇ.ഡി ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍.
മോന്‍സണും ശ്രുതിലക്ഷ്മിയും തമ്മില്‍ അടുപ്പം പുലര്‍ത്തിയിരുന്നതായി ഇഡിക്ക് വ്യക്തമായിട്ടുണ്ട് എന്നാണ് വിവരം. ഇവര്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളേക്കുറിച്ച് അറിയുന്നതിനുവേണ്ടിയാണ് ശ്രുതിലക്ഷ്മിയെ ചോദ്യം ചെയ്തത്. മോന്‍സണിന്റെ വീട്ടില്‍ നടന്ന ആഘോഷത്തില്‍ ശ്രുതിലക്ഷ്മി പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ നേരത്തേതന്നെ പുറത്തുവന്നിരുന്നു.
ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ എത്രമാത്രം സാമ്പത്തിക ഇടപാടുകള്‍ മോന്‍സണുമായി നടന്നിട്ടുണ്ടെന്നും എന്തായിരുന്നു ഇതിന്റെ ഉദ്ദേശമെന്നും കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളേക്കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിക്കും. ഈ സാധ്യതകള്‍ പരിഗണിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശ്രുതിലക്ഷ്മിയെ ചോദ്യം ചെയ്തത്.
മോന്‍സനെതിരെ പരാതി നല്‍കിയവരെ ഉള്‍പ്പടെ അന്വേഷണ സംഘം ഈ ദിവസങ്ങളില്‍ ചോദ്യം ചെയ്യുന്നുണ്ട്. മോന്‍സന്റെ അടുത്ത് മുടി കൊഴിച്ചിലിനു ചികിത്സയ്ക്കു പോയിരുന്നതായി നേരത്തേ ശ്രുതി ലക്ഷ്മി വെളിപ്പെടുത്തിയിരുന്നു.
പ്രാഥമിക ഘട്ടത്തില്‍ ശ്രുതി ലക്ഷ്മിയില്‍ നിന്നു മൊഴിയെടുക്കുക മാത്രമാണു ലക്ഷ്യമെന്നാണ് വിവരം. കള്ളപ്പണ കേസ് അന്വേഷിക്കാന്‍ ഹൈക്കോടതി ഇഡിക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇയാളുമായി ഇടപാടുകള്‍ നടത്തിയിട്ടുള്ളവരെ വിളിച്ചു വരുത്തിയിരിക്കുന്നത്. കേസില്‍ ഇഡി അന്വേഷണം ശക്തമാക്കുകയാണ്. കഴിഞ്ഞ ദിവസം മോന്‍സനെതിരെ ക്രൈംബ്രാഞ്ച് രണ്ടു പോക്‌സോ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു

Facebook Comments Box