National News

യുവതിയുടെ തലയില്‍ തുപ്പിയ വീഡിയോ വൈറലായി; മാപ്പപേക്ഷയുമായി ഹെയര്‍ ഡ്രസര്‍

Keralanewz.com

ഒരു യുവതിയുടെ തലമുടിയില്‍ തുപ്പുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് വിവാദത്തില്‍ അകപ്പെട്ട ഹെയര്‍സ്‌റ്റൈലിസ്റ്റ് ജാവേദ് ഹബീബ് മാപ്പപേക്ഷയുമായി രംഗത്ത്. ‘സോറി’ എന്ന അടിക്കുറിപ്പോടെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് ജാവേദ് ഹബീബ് മാപ്പപേക്ഷ നടത്തിയത്.
ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന പൂജ ഗുപ്തയുടെ മുടിയില്‍ ജാവേദ് ഹബീബ് തുപ്പുന്ന വീഡിയോയാണ് വിവാദമായത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ വെച്ച് നടന്ന ഒരു പരിശീലന സെമിനാറിനിടെയാണ് സംഭവം ഉണ്ടായത്. വിവാദ വീഡിയോ ദൃശ്യത്തില്‍ ഹബീബ് ഒരു യുവതിയുടെ മുടി ചീകുന്നതും സെമിനാറില്‍ പങ്കെടുക്കുന്ന മറ്റുള്ളവരോട് ശ്രദ്ധയോടെ തന്നെ കേള്‍ക്കാന്‍ ആവശ്യപ്പെടുന്നതും കാണാം. തുടര്‍ന്ന്, മുടി വെട്ടുമ്പോള്‍ ഉപയോഗിക്കാന്‍ വെള്ളം തീര്‍ന്നാല്‍ പകരം തുപ്പല്‍ ഉപയോഗിക്കാം എന്ന് പറഞ്ഞ് ഹബീബ് യുവതിയുടെ തലയില്‍ തുപ്പുകയായിരുന്നു.
‘സെമിനാറിനിടെ ഞാന്‍ പറഞ്ഞ ചില വാക്കുകള്‍ പലരെയും വേദനിപ്പിച്ചു. ഇതെല്ലാം പ്രൊഫഷണല്‍ വര്‍ക്ക്‌ഷോപ്പുകളാണ്. എന്റെ അതേ പ്രൊഫഷന്‍ പിന്തുടരുന്ന ആളുകളാണ് ഇവയില്‍ പങ്കെടുക്കാറുള്ളത്. സെമിനാര്‍ സെഷനുകള്‍ ദീര്‍ഘിക്കുമ്പോള്‍ പലപ്പോഴും തമാശകള്‍ പറയേണ്ടി വരും. നിങ്ങളെ അത് വേദനിപ്പിച്ചെങ്കില്‍ ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. എന്നോട് ക്ഷമിക്കുക’, അദ്ദേഹം പറഞ്ഞു.
അതേസമയം, സെമിനാര്‍ സെഷനിലുടനീളം ഹബീബ് തന്നെ അപമാനിക്കുകയായിരുന്നു എന്ന് ആരോപിച്ചുകൊണ്ടുള്ള പൂജ ഗുപ്തയുടെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ‘ഹബീബ് വളരെ ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറുന്നത്. സെമിനാറിനിടെ പൂജ ഗുപ്ത ചില ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍, താന്‍ 900 ഹെയര്‍ സലോണുകള്‍ നടത്തുന്നുണ്ടെന്നും പൂജയ്ക്ക് ഒരൊറ്റ ബ്യൂട്ടി പാര്‍ലര്‍ മാത്രമേ ഉള്ളൂ എന്നും പറഞ്ഞ് അയാള്‍ യുവതിയെ അധിക്ഷേപിക്കുന്നുണ്ട്. കൂടുതല്‍ അപമാനിക്കാന്‍ വേണ്ടിയാണ് അയാള്‍ പൂജയെ വേദിയിലേക്ക് വിളിച്ചു വരുത്തുകയും തലയില്‍ തുപ്പുകയും ചെയ്തത്’, പ്രസ്തുത വീഡിയോ പങ്കുവെച്ചുകൊണ്ട് മാധ്യമ പ്രവര്‍ത്തക സ്വാതി ഗോയല്‍ ശര്‍മ ട്വിറ്ററില്‍ കുറിച്ചു.
സെമിനാറില്‍ വെച്ച് തനിക്കുണ്ടായ ദുരനുഭവം മറ്റൊരു വീഡിയോയില്‍ പൂജ ഗുപ്ത പങ്കുവെക്കുന്നുണ്ട്. ‘ഞാന്‍ ബറൗട്ട് സ്വദേശിയാണ്. വന്‍ഷിക ബ്യൂട്ടി പാര്‍ലര്‍ എന്ന പേരില്‍ ഒരു സലൂണ്‍ നടത്തുന്നുണ്ട്. ഞാന്‍ അടുത്തിടെ ജാവേദ് ഹബീബ് സാറിന്റെ ഒരു സെമിനാറില്‍ പങ്കെടുക്കുകയുണ്ടായി. മുടി വെട്ടാനെന്ന് പറഞ്ഞ് അദ്ദേഹം എന്നെ വേദിയിലേക്ക് വിളിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു. വെള്ളം തീര്‍ന്നുപോയാല്‍ സലൈവ ഉപയോഗിച്ച് മുടി വെട്ടാമെന്ന് അദ്ദേഹം പറഞ്ഞു’, പൂജ ഗുപ്ത പറയുന്നു.
അതേസമയം ഈ സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷനും പ്രതികരിച്ചിട്ടുണ്ട്. വിവാദ വീഡിയോയ്ക്ക് ആസ്പദമായ സംഭവത്തില്‍ അന്വേഷണം നടത്താനും ഉചിതമായ നടപടി സ്വീകരിക്കാനും കമ്മീഷന്‍ അധ്യക്ഷ ഉത്തര്‍പ്രദേശ് ഡിജിപിയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായി ദേശീയ വനിതാ കമ്മീഷന്‍ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അറിയിച്ചു

Facebook Comments Box