Fri. May 3rd, 2024

ബംഗളൂരു നൈസ് റോഡില്‍ വാഹനാപകടം; മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു

By admin Jan 8, 2022 #news
Keralanewz.com

ബംഗളൂരു: ബംഗളൂരു നൈസ് റോഡിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി 10.30 ഓടെ ഇലക്‌ട്രോണിക് സിറ്റിക്ക് സമീപമാണ് വന്‍ അപകടമുണ്ടായത്. രണ്ടു കണ്ടെയ്നര്‍ ലോറികളും കാറുകളുമാണ് അപകടത്തില്‍പ്പെട്ടത്.

ഐ.ടി കമ്ബനി ജീവനക്കാരാണ് മരിച്ചതെന്നാണ് വിവരം.

കൊച്ചി തമ്മനം ചന്ദ്രമതി ലൈനില്‍ കെ. ശില്‍പ (30), ബൊമ്മനഹള്ളിയില്‍ താമസിക്കുന്ന കോഴിക്കോട് പറമ്ബത്ത് തലക്കുളത്തൂര്‍ റാഹത്ത് പിലാക്കിയില്‍ റഹീമി​ന്‍റെ മകന്‍ ഫാദില്‍ (24), കോഴിക്കോട് സ്വദേശി ആദര്‍ശ് എന്നിവരാണ് മരിച്ച മലയാളികള്‍. മരിച്ച ഒരാളുടെ വിവരം ലഭ്യമായിട്ടില്ല.

കേരള രജിസ്ട്രേഷനിലുള്ള മാരുതി വാഗണര്‍ കാറിന് പിന്നില്‍ കണ്ടെയ്നര്‍ ലോറി ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഈ കാര്‍ മുന്നിലുണ്ടായിരുന്ന മഹീന്ദ്ര സ്കോര്‍പ്പിയോയിലും ഇടിച്ചു. സ്കോര്‍പ്പിയോ മുന്നിലുണ്ടായിരുന്ന കണ്ടെയ്നറിലും ഇടിച്ചു. രണ്ടു കാറുകളും മുന്നിലും പിന്നിലുമായുണ്ടായിരുന്ന കണ്ടെയ്നര്‍ ലോറികള്‍ക്കിടയില്‍ പെട്ട് തകരുകയായിരുന്നു. കാറിലുണ്ടായിരുന്ന നാലു പേരും സംഭവ സ്ഥലത്തുതന്നെ മരിച്ചു.

നിരവധി പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ കാറുകള്‍ പൂര്‍ണമായും തകര്‍ന്നു. പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. ഇലക്‌ട്രോണിക് സിറ്റി ഭാഗത്തുനിന്നും മൈസൂരു റോഡ് ഭാഗത്തേക്ക് വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന ടോള്‍ റോഡാണ് നൈസ് റോഡ്. ആള്‍ ഇന്ത്യ കെ.എം.സി.സി പ്രവര്‍ത്തകരുടെ സഹായത്തോടെ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി

Facebook Comments Box

By admin

Related Post