Thu. May 2nd, 2024

ജലാശയങ്ങളിൽ കുട്ടികൾ അപകടത്തിൽപെടുന്ന സാഹചര്യത്തിൽ സ്കൂൾ വിദ്യാർഥികൾക്ക് നീന്തൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം; ജോസ് കെ മാണി എം.പി

By admin Jan 11, 2022 #news
Keralanewz.com

.

കോട്ടയം: സംസ്ഥാനത്തെ ജലാശയങ്ങളില്‍ കുട്ടികള്‍ അപകടത്തില്‍പ്പെടുന്ന സംഭവങ്ങള്‍  വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് സ്കൂൾതലത്തിൽ നീന്തൽ പാഠ്യ വിഷയമാക്കി ഉൾപ്പെടുത്തണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് ആവശ്യമുന്നയിച്ച് അദ്ദേഹം  വിദ്യാഭ്യാസ വകുപ്പ് മന്ത്രിവി. ശിവൻ കുട്ടിക്ക് കത്തയച്ചു.   നദികളിലും കുളങ്ങളിലും പുഴകളിലും അബദ്ധത്തില്‍ വീഴുന്ന കുട്ടികളില്‍ പലര്‍ക്കും നീന്തല്‍ വശമില്ലാത്തതിനാല്‍ മരണത്തിനു വരെ കീഴടങ്ങേണ്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

കായലുകളും നദികളും കടല്‍ തീരങ്ങളുമുള്ള നമ്മുടെ സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ കൂടുതല്‍ ആളുകളും നേരിട്ട്  ഈ മേഖലകളുമായി  ബന്ധപ്പെട്ടാണ് ജീവിക്കുന്നത്. എന്നാല്‍ പുതുതലമുറയിലുള്ള കുട്ടികളില്‍ കുറച്ചുപേര്‍ക്ക് മാത്രമാണ് നീന്തല്‍ അറിയാവുന്നത്. ഭൂരിപക്ഷം വിദ്യാര്‍ഥികള്‍ക്കും നീന്തല്‍ വശമില്ല. ഈ സാഹചര്യമാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ ഇടയാകുന്നത്. ഇതിനു പ്രതിവിധി കണ്ടെത്തേണ്ടത് സ്‌കൂള്‍ തലത്തില്‍ തന്നെയാണ്

പൊതുവിദ്യാഭ്യാസ വകുപ്പ് പ്രൈമറി ക്ലാസ് മുതലുള്ള വിദ്യാര്‍ഥികളുടെ പാഠ്യപദ്ധതിയില്‍ നീന്തല്‍ക്കൂടി ഉള്‍പ്പെടുത്താനുള്ള ക്രമീകരണം ഉണ്ടാക്കണമെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടു..  ശാരീരിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികള്‍ ഒഴികെ എല്ലാവരും നീന്തല്‍ അറിഞ്ഞിരിക്കണമെന്ന തീരുമാനം വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തു നിന്നുമുണ്ടായാല്‍ ,നീന്തല്‍ അറിയാത്തതു മൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനും ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതിനും സഹായിക്കും. കരിക്കുലത്തില്‍ നീന്തല്‍ ഉള്‍പ്പെടുത്തുന്ന കാര്യം പൊതുവിദ്യാഭ്യാസ വകുപ്പ് അനുഭാവപൂര്‍വം പരിഗണിക്കണം

ഗ്രാമപ്രദേശങ്ങളില്‍ ഉള്‍പ്പെടെ നിലവില്‍ ലഭ്യമായ പരിശീലന സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതു കൂടാതെ ത്രിതല പഞ്ചായത്തുകളുടെ  സഹകരണത്തോടെ നീന്തല്‍ക്കുളം ഇല്ലാത്ത സ്ഥലങ്ങളില്‍ കുളങ്ങള്‍ നിര്‍മിച്ച് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്കണമെന്നും ജോസ് കെ മാണി പറഞ്ഞു. സർക്കാർ തലത്തിൽ കൂടാതെ സന്നദ്ധസംഘടനകളുടെ സഹായങ്ങളും പദ്ധതിക്കായി പ്രയോജനപ്പെടുത്തണം. റോട്ടറി ക്ലബ്ബുകള്‍, ലയണ്‍സ് ക്ലബ്ബുകള്‍, ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ സഹായം ലഭ്യമാകുമോ എന്ന കാര്യം പരിശോധിക്കണം. സ്വിമ്മിംഗ് ഫെഡറേഷന്റെ ഭാഗത്തു നിന്നും ഇക്കാര്യത്തില്‍ എന്തൊക്കെ സഹായങ്ങള്‍ ലഭ്യമാക്കാമെന്ന കാര്യവും സര്‍ക്കാര്‍ തലത്തില്‍ പരിശോധിച്ച് ഉചിതമായ നടപടി കൈക്കൊള്ളണമെന്നും ജോസ് കെ മാണി ആവശ്യമുന്നയിച്ചു.


നീന്തല്‍ പഠിച്ച വിദ്യാര്‍ഥികള്‍ അപകടത്തില്‍പ്പെട്ട നിരവധി ആളുകളെ രക്ഷിച്ച സംഭവങ്ങള്‍ അടുത്ത നാളുകളില്‍ ഉണ്ടായിട്ടുണ്ട്. ആലപ്പുഴ കൈനടി സ്വദേശിയായ അതുല്‍ ബിനീഷ് എന്ന 12 വയസുകാരന്‍ കഴിഞ്ഞ വര്‍ഷം വീടിനു സമീപത്തുള്ള ആഴമേറിയ തോട്ടില്‍ അപകടത്തില്‍പ്പെട്ട അമ്മയേയും രണ്ടു മക്കളേയും അതി സാഹസീകമായി രക്ഷിച്ചു. ഈ വിദ്യാര്‍ഥിയും വിദ്യാഭ്യാസ മന്ത്രിയെ കാണാനെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. നീന്തലിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് വേമ്പനാട് കായലില്‍ നാലു കിലോമീറ്റര്‍ ദൂരം നീന്തി കടന്ന് , കഴിഞ്ഞ ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയ കോതമംഗലം സ്വദേശിനി ഏഴുവയസുകാരി ജുവല്‍ മറിയം ബേസിലും കുട്ടികള്‍ക്ക് ഒരു മാതൃകയാണ്.  ഇത്തരത്തില്‍ രക്ഷകരായ മാറുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനമേഖലയില്‍ ഗ്രേസ് മാര്‍ക്ക് നല്കുന്നതും സര്‍ക്കാര്‍ പരിശോധിക്കണമന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇച്ഛാശക്തിയുള്ള  സര്‍ക്കാര്‍ ഭരണത്തിലിരിക്കുമ്പോള്‍ സംസ്ഥാനത്തെ പുതു തലമുറയുടെ ജീവനു കാവലായി നില്‌ക്കേണ്ടത് സര്‍ക്കാരാണ്. നീന്തല്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതു തലമുറയുടെ ജീവനു സംരക്ഷണം നല്കുന്നതോടൊപ്പം ആരോഗ്യമുള്ള ഒരു ശരീരത്തിന് ഉടമയാകാനും വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ടാക്കണമെന്ന്  ജോസ് കെ മാണി ആവശ്യപ്പെട്ടു.

Facebook Comments Box

By admin

Related Post