സ്‌ത്രീധനത്തിന്റെ പേരിൽ മാനസികമായും ശാരീരികമായും ഉള്ള പീഡനവും ക്രൂരമായ പെരുമാറ്റവും നിന്ദയും അടക്കം ക്രിമിനൽ കുറ്റമാണ്; പരാതി കൊടുക്കേണ്ടത് എങ്ങനെ എന്ന് അറിയാം

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

കഴിഞ്ഞ ദിവസങ്ങളിലെല്ലാം കേരളം കണ്ടത് സ്ത്രീധനത്തിന്റെ പേരിൽ ജീവനൊടുക്കിയ യുവതികളെയും അവരുടെ മാതാപിതാക്കളുടെ കണ്ണീരുമാണ്. വർഷങ്ങൾക്കു മുൻപുതന്നെ നിയമം മൂലം നിരോധിക്കപ്പെട്ട ഒരു കാര്യത്തിന്റെ പേരിൽ ഇന്നും യുവതികളുടെ ജീവൻ നഷ്ടമാകുന്നതു തുടരുമ്പോൾ പലപ്പോഴും വിനയാകുന്നത് നിയമത്തെക്കുറിച്ചുള്ള അജ്ഞത കൂടിയാണ്. 1961ൽ ആണ് സ്‌ത്രീധനം നിയമം മൂലം നിരോധിക്കപ്പെട്ടത്. 1983ൽ ഇന്ത്യൻ ശിക്ഷാനിയമം 498 വകുപ്പിനൊപ്പം 498 എ എന്ന കൂട്ടിച്ചേർക്കൽ നടത്തി. ഇതോടെ സ്‌ത്രീധനത്തിന്റെ പേരിൽ മാനസികമായും ശാരീരികമായും ഉള്ള പീഡനവും ക്രൂരമായ പെരുമാറ്റവും നിന്ദയും അടക്കം ക്രിമിനൽ കുറ്റമായി. ശിക്ഷിക്കപ്പെടുന്നതിൽ 30 ശതമാനത്തോളം സ്‌ത്രീകൾ തന്നെയാണ്.

ഗാർഹികപീഡന നിരോധന നിയമം

സ്വന്തം വീട്ടിൽ സ്ത്രീകളും പെൺകുട്ടികളും നേരിടുന്ന പീഡനങ്ങൾ തടയാനാണു ഗാർഹിക പീഡന നിരോധന നിയമം. ഒരു വീട്ടിൽ താമസിക്കുന്ന രക്‌തബന്ധത്തിൽ പെട്ടതോ, വിവാഹബന്ധത്തിൽ പെട്ടതോ, വിവാഹം മൂലമുള്ള ബന്ധത്തിൽ പെട്ടതോ, ദത്തുബന്ധത്തിൽ പെട്ടതോ ആയ ഒരു സ്‌ത്രീക്ക് വീട്ടിലെ പ്രായപൂർത്തിയായ പുരുഷനിൽ നിന്നു നേരിടുന്ന മാനസികമോ ശാരീരികമോ ആയ പീഡനമാണ് ഈ നിയമത്തിന്റെ പരിധിയിൽ വരുന്നത്.

പരാതിപ്പെടേണ്ടത് ഇങ്ങനെ

പരാതിക്കാരി താമസിക്കുന്ന സ്‌ഥലം, പരാതിക്കാധാരമായ സംഭവം നടന്ന സ്‌ഥലം അല്ലെങ്കിൽ എതിർകക്ഷി താമസിക്കുന്ന സ്‌ഥലം എന്നിവയിലേതെങ്കിലും ഒരിടത്തെ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണു പരാതിപ്പെടേണ്ടത്. സ്‌ത്രീകളെ നിരാലംബരാക്കി വഴിയിൽ ഇറക്കിവിടുന്നതും നിയമം വിലക്കുന്നു. അങ്ങനെയുണ്ടായാൽ ഇവർക്കു സംരക്ഷണം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ഉത്തരവ് മജിസ്ട്രേട്ടിനു പുറപ്പെടുവിക്കാം

ജോലി സ്ഥലത്ത് സുരക്ഷ

ജോലി സ്‌ഥലത്ത് സ്‌ത്രീകളുടെ സംരക്ഷണം ഉറപ്പാക്കാൻ 2013ൽ ആണു നിയമം വരുന്നത്. സ്‌ഥിരം– കരാർ ജോലിക്കാരും സംരക്ഷണ പരിധിയിൽ വരും. അഹിതമായ സ്‌പർശമോ ചേഷ്‌ടയോ വാക്കുകളോ മുതൽ ജോലിയോ സ്‌ഥാനമോ സംബന്ധിച്ച പ്രത്യക്ഷമോ പരോക്ഷമോ ആയ ഭീഷണിയും നിയമത്തിന്റെ പരിധിയിൽ കുറ്റകരമാണ്. പൊതുസ്‌ഥലങ്ങളിൽ സ്‌ത്രീകളോട് അശ്ലീലമായി പെരുമാറുന്നതിന് ആറു മാസം വരെയാണു തടവ്. ആംഗ്യം, സംസാരം, ചേഷ്‌ട തുടങ്ങി സ്‌ത്രീകൾക്കു ഹിതകരമല്ലാത്ത രീതിയിലുള്ള നടപടി എന്തും ഇതിൽപെടുന്നു.

സൈബർ കുറ്റങ്ങൾക്കെതിരെ

സൈബർ കുറ്റങ്ങൾക്കെതിരായി 509–ാം വകുപ്പു പ്രകാരമാണു നടപടികൾ. ഇന്റർനെറ്റ്, ഇമെയിൽ, മൊബൈൽ ഫോൺ തുടങ്ങിയവ വഴി പെൺകുട്ടികളെ കെണിയിലകപ്പെടുത്തുക, അവരുടെ അറിവോ സമ്മതമോ ഇല്ലാതെ ചിത്രങ്ങളെടുക്കുക തുടങ്ങിയവയെല്ലാം ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ 509–ാം വകുപ്പ് പ്രകാരവും കുറ്റകരമാണ്. സമൂഹ മാധ്യമത്തിലെ അശ്ലീല കമന്റുകൾക്കെതിരെ പോലും നമുക്കു നിയമനടപടി സ്വീകരിക്കാം. പരാതിക്കാരുടെ താമസസ്‌ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കുമെന്ന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവും ശ്രദ്ധേയമാണ്.

പരാതി പരിഹാര സെല്ലുകൾ

കോവിഡിന്റെ രണ്ടാംവരവിലെ ലോക്ഡൗണിനു പിന്നാലെ കേരള പൊലീസും പ്രത്യേക പരാതി പരിഹാര സെല്ലുകൾ ആരംഭിച്ചിട്ടുണ്ട്. 2020 മാർച്ച് മുതൽ 2021ഏപ്രിൽ വരെ 5507 പരാതികളാണു റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഓരോ ജില്ലയിലെയും വനിതാ സെല്ലുകളുമായി ബന്ധപ്പെട്ടാണു ഡൊമസ്റ്റിക് കോൺഫ്ലിക്ട് റസലൂഷൻ സെന്റർ അഥവാ ഡിസിആർസികൾ. കഴിഞ്ഞ ലോക്ഡൗൺ കാലത്തും ഇത്തരം സമിതികൾ രൂപീകരിച്ചിരുന്നു. പൊലീസിലടക്കം ലഭിക്കുന്ന പരാതികളാണ് ഇവിടെ കൈകാര്യം ചെയ്യുന്നത്. പ്രാഥമികമായി പരാതിപരിഹാരത്തിനും അനുരഞ്ജന മാർഗങ്ങൾക്കുമൊക്കെയാണു ഡിസിആർസികളിൽ മുൻഗണന. ഇതിനായി വിദഗ്ധ പരിശീലനം ലഭിച്ച കൗൺസിലർമാരെയും നിയോഗിച്ചിട്ടുണ്ട്. കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിക്കേണ്ട കുറ്റകൃത്യങ്ങളാണെങ്കിൽ നിയമനടപടികളും കൈക്കൊള്ളും


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •