International News

റഷ്യയിലേക്ക് ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തുന്ന മലയാളി സംഘങ്ങൾ സജീവം; തട്ടിപ്പിനിരയായി കുടുങ്ങി കിടക്കുന്നത് നൂറിലധികം മലയാളികൾ

Keralanewz.com

റഷ്യയിലേക്ക് ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തുന്ന മലയാളി സംഘങ്ങൾ സജീവം. ഇത്തരം തട്ടിപ്പുകാരെ കരുതിയിരിക്കാൻ തിരുവനന്തപുരത്തെ റഷ്യ കോൺസുൽ രതീഷ് സി നായരുടെ മുന്നറിയിപ്പ്. കഴിഞ്ഞ രണ്ടു വർഷമായി നൂറിലധികം മലയാളികൾ റഷ്യയിൽ തട്ടിപ്പിനിരയായി കുടങ്ങിയിട്ടുണ്ടെന്നാണ് സൂചന.

പത്ത് വർഷം മുമ്പ് സംസ്ഥാനത്ത് നടന്ന തട്ടിപ്പിനു സമാനമായ തട്ടിപ്പാണ് ഇപ്പോൾ നടക്കുന്നത്. റഷ്യയിൽ വിവിധ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയതാണു തട്ടിപ്പ്. ഫേസ്ബുക്ക് വഴിയാണ് ഇരകളെ കണ്ടെത്തുന്നത്. ഇതിനുശേഷം ജോലി വാഗ്ദാനം ചെയ്തു അഡ്വാൻസ് വാങ്ങും. പിന്നീട് നൽകുന്ന വിസ ടൂർ വിസയോ ബിസിനസ് വിസയോ ആയിരിക്കും. മുഴുവൻ പണവും നൽകി റഷ്യയിൽ എത്തിയ ശേഷമാകും തട്ടിപ്പിനു ഇരയായെന്ന് വ്യക്തമാകുക. ഇത്തരം തട്ടിപ്പുകാരെ കരുതിയിരിക്കാനാണ് മുന്നറിയിപ്പ്.

ഏതെങ്കിലും സ്ഥാപനങ്ങൾ ജോലി വാഗ്ദാനം ചെയ്തു വിസ നൽകുകയാണെങ്കിൽ അതു പരിശോധിച്ച് ഉറപ്പുവരുത്തണം. ടൂർ വിസയിലോ ബിസിനസ് വിസയിലോ പോയി ജോലക്ക് കയറാൻ പറ്റില്ലെന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടതെന്നും ഏതെങ്കിലും തരത്തിൽ സംശയമുണ്ടെങ്കിൽ കോൺസുൽ ഓഫീസുമായി ബന്ധപ്പെടണമെന്നും രതീഷ് സി നായർ പറഞ്ഞു.

Facebook Comments Box