ഉഴവൂര്‍ ബ്ലോക്ക് ഡിവിഷനില്‍ 1.11 കോടിയുടെ വികസനപദ്ധതി; ഡോ. സിന്ധുമോള്‍ ജേക്കബ്

Keralanewz.com

കുറവിലങ്ങാട്: ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഉഴവൂര്‍ ഡിവിഷനില്‍ ഈ സാമ്പത്തിക വര്‍ഷം 1.11 കോടി രൂപയുടെ വികസനപദ്ധതികള്‍ അനുവദിച്ച് നടപ്പിലാക്കുന്നതായി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ് അറിയിച്ചു. ഉഴവൂര്‍, രാമപുരം പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്ന ഉഴവൂര്‍ ബ്ലോക്ക് ഡിവിഷനില്‍ ശുദ്ധജല പദ്ധതികള്‍, പട്ടിക ജാതി വികസനം, ഉഴവൂര്‍ കെ.ആര്‍ നാരായണന്‍ ആശുപത്രി എന്നിങ്ങനെയാണ് തുക അനുവദിച്ചുള്ളത്


ഉഴവൂര്‍ കെ.ആര്‍ നാരായണന്‍ ആശുപത്രിക്ക് ഡയാലിസിസ് യൂണിറ്റ് ആരംഭിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് അരക്കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് അനുവദിച്ച 40 ലക്ഷം രൂപയും സന്നദ്ധസംഘടനകള്‍ ലഭ്യമാക്കിയ 25 ലക്ഷം രൂപയും ഉള്‍ക്കൊള്ളിച്ച് 1.15 കോടി രൂപയാണ് ഡയാലിസ് യൂണിറ്റ് പ്രവര്‍ത്തനത്തിനായി കണ്ടെത്തിയിട്ടുള്ളത്. കെ.ആര്‍ നാരായണന്‍ ആശുപത്രിക്ക് ആംബുലന്‍സ് വാങ്ങുന്നതിനായി അര ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് നല്‍കിയിട്ടുണ്ട്. ജില്ലാപഞ്ചാത്തില്‍ നിന്നുള്ള 15.5 ലക്ഷം രൂപയും ആംബുലന്‍സ് വാങ്ങുന്നതിനായി ലഭ്യമാക്കിയിട്ടുണ്ട്


ഉഴവൂര്‍ പഞ്ചായത്തിലെ ചിറയില്‍ക്കുളത്ത് വയോജന പാര്‍ക്ക് നിര്‍മ്മിക്കാന്‍ ബ്ലോക്ക് ഡിവിഷനില്‍ 6.5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പുല്‍പ്പാറ പട്ടിക ജാതി കോളനിക്ക് പട്ടികജാതി കോര്‍പ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി സംരക്ഷണഭിത്തി നിര്‍മ്മാണത്തിനായി 19 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്


രാമപുരം പഞ്ചായത്തിലെ ചിറകണ്ടം വളക്കാട്ടുകുന്ന്, നടുവിലാമാവ് ശുദ്ധജലപദ്ധതികള്‍ക്ക് ടാങ്ക് നിര്‍മ്മാണത്തിനായി  നാല് ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് അനുവദിച്ചിട്ടുണ്ട്. രാമപുരം പഞ്ചായത്തിലെ ചക്കാമ്പുഴഅംബോദ്ക്കര്‍ കോളനിയില്‍ 25 കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാനായി കുഴക്കിണര്‍ നിര്‍മ്മാണത്തിന് 35 ലക്ഷം രൂപയും അനവദിച്ചിട്ടുള്ളതായി ഡോ. സിന്ധുമോള്‍ ജേക്കബ് അറിയിച്ചു


പദ്ധതികളുടെ നിര്‍വഹണം കാലതാമസമില്ലാതെ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായും വൈസ് പ്രസിഡന്റ് പറഞ്ഞു

Facebook Comments Box