National News

ഗായകനും സംഗീത സംവിധായകനുമായ ബപ്പി ലഹരി അന്തരിച്ചു

Keralanewz.com

സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലഹിരി അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രിയ ഗായകന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി സിനിമാലോകം എത്തിക്കൊണ്ടിരിക്കുകയാണ്. 69കാരനായ ബപ്പി ഒരുമാസത്തോളമായി ആശുപത്രിയില്‍ കഴിഞ്ഞുവരികയായിരുന്നു. തിങ്കളാഴ്ചയായിരുന്നു അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തത്. ആരോഗ്യനില ഗുരുതരമായതോടെയാണ് വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയത്

സിനിമാലോകവും പ്രേക്ഷകരും ഇന്നും ഓര്‍ത്തിരിക്കുന്ന പല ഗാനങ്ങളുടേയും പിന്നില്‍ ബപ്പിയാണ്. 1970-1980 കളിലായി ബപ്പിയൊരുക്കിയ ഗാനങ്ങളെല്ലാം സൂപ്പര്‍ഹിറ്റായിരുന്നു. ചല്‍തേ, ചല്‍തേ, ഡിസ്‌കോ ഡാന്‍സര്‍, ശരാബി തുടങ്ങിയ ഗാനങ്ങളൊരുക്കിയത് ബപ്പിയായിരുന്നു. ബാഗി 3യായിരുന്നു ബപ്പിയുടേതായൊരുങ്ങിയ അവസാനത്തെ ചിത്രം

ഡിസ്‌കോ കിംഗെന്നാണ് ബപ്പി ലഹിരിയെ വിശേഷിപ്പിക്കുന്നത്. സംഗീത കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 19ാമത്തെ വയസിലാണ് ലഹിരി സംഗീത സംവിധായകനാവുന്നത്. ബംഗാളി ചിത്രമായ ഡാഡുവിന് വേണ്ടിയായിരുന്നു ലഹിരി ആദ്യം ഈണമൊരുക്കിയത്. നന്‍ഹ ശിക്കാരിയായിരുന്നു ലഹിരിയുടെ ആദ്യ ബോളിവുഡ് ചിത്രം. സംഗീത സംവിധാനത്തിനൊപ്പമായി ഗാനം ആലപിക്കുകയും ചെയ്തിരുന്നു അദ്ദേഹം. ഫിലിം ഫെയര്‍ ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കിടാറുള്ള ബപ്പി ലഹിരിയുടെ പോസ്റ്റുകള്‍ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന ക്യാപ്ഷനോടെയായി തന്റെ പഴയൊരു ചിത്രമായിരുന്നു അദ്ദേഹം ഒടുവിലായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്

Facebook Comments Box