കോട്ടയം താഴത്തങ്ങാടി അറുപറയിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു; മുങ്ങി മരിച്ചത് തിരുവനന്തപുരം കളിയിക്കാവിള സ്വദേശി
കോട്ടയം: താഴത്തങ്ങാടി അറുപറയിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് കാൽവഴുതി വെള്ളത്തിൽ വീണ് മുങ്ങി മരിച്ചു. വെള്ളത്തിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം അഗ്നിരക്ഷാ സേനയുടെ സ്‌കൂബാ ഡൈവിംങ് സംഘം എത്തിയാണ് കണ്ടെത്തിയത്. താഴത്തങ്ങാടി അറുപറയിൽ പ്രവർത്തിക്കുന്ന അൽ അമീൻ എന്ന ഫർണിച്ചർ സ്ഥാപനത്തിലെ ജീവനക്കാരൻ കളിയിക്കാവിള സ്വദേശി അജി (34)യാണ് മരിച്ചത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ
തിങ്കളാഴ്ച വൈകിട്ട് മൂന്നുമണിയോടെ താഴത്തങ്ങാടി അറുപറയിലായിരുന്നു സംഭവം. സ്ഥാപനത്തിലെ ജോലിയ്ക്കു ശേഷം കുളിക്കുന്നതിനായി ആറ്റിൽ ഇറങ്ങിയതായിരുന്നു അജി. ഈ സമയം കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. അജി വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ട് ഒപ്പമുണ്ടായിരുന്നവർ വിവരം നാട്ടുകാരെ അറിയിച്ചു. നാട്ടുകാരാണ് അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചത്
കോട്ടയം യൂണിറ്റിൽ നിന്നുള്ള അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി റബർ ഡിങ്കി ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ മൃതദേഹം അറുപുറ കടവിൽ നിന്നും കണ്ടെത്തി. തുടർന്നു, മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. സ്ഥാപനത്തിന്റെ ഉടമകൾ അടക്കമുള്ളവർ മെഡിക്കൽ കോളേജിൽ എത്തിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം അടക്കമുള്ള നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും. വെസ്റ്റ് പൊലീസ് സംഭവത്തിൽ കേസെടുത്തു