അധ്യാപകനും എഴുത്തുകാരനുമായ പ്രഫ. മാത്യു ഉലകംതറ വിടപറഞ്ഞു
മലയാള സാഹിത്യ ചരിത്രത്തിലും ക്രൈസ്തവസഭാ ചരിത്രത്തിലും സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച പ്രഫ.
മാത്യു ഉലകംതറ(91) അന്തരിച്ചു.
വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
തെള്ളകത്തെ സ്വകാര്യ അശുപത്രിയിലായിരുന്നു അന്ത്യം.
സംസ്‌കാരം നാളെ (ശനി) രാവിലെ 10ന് കുടമാളൂര്‍ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പള്ളി സെമിത്തേരിയില്‍.
1931ല്‍ വൈക്കത്താണു ജനനം. തേവര എസ്.എച്ച് കോളജില്‍ മലയാളം അധ്യാപകനായി 1986വരെ സേവനമനുഷ്ഠിച്ചു.
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലാ ഓണററി പ്രഫസറായും ദീപിക ആഴ്ചപ്പതിപ്പിന്റെ മുഖ്യപത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേരള, എംജി സര്‍വകലാശാലകളില്‍ ചീഫ് എക്സാമിനര്‍, എക്സാമിനേഷന്‍ ബോര്‍ഡ് ചെയര്‍മാന്‍, പാഠപുസ്തക സമിതിയംഗം, ഓറിയന്റല്‍ ഫാക്കല്‍റ്റി, ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
ആകാശവാണിയില്‍ പ്രഭാതഭേരിയടക്കം പരിപാടികളില്‍ അദ്ദേഹത്തിന്റെ ശബ്ദമുണ്ടായിരുന്നു.
ഭാര്യ: ത്രേസ്യാമ്മ (റിട്ട. ഹെഡ്മിസ്ട്രസ് സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂള്‍ അരൂര്‍). വെച്ചൂച്ചിറ പുത്തേട്ട് കുടുംബാഗമാണ്