Sat. Apr 27th, 2024

ഐടി പാർക്കുകളിൽ ബാറുകളും പബുകളും തുറക്കാൻ കരട് മാർ​ഗനിർദേശമായി;കള്ള് ഷാപ്പിന്റെ ദൂരപരിധി കുറക്കാനും ശുപാർശ

By admin Feb 25, 2022 #news
Keralanewz.com

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ ടി പാർക്കുകളിൽ ബാറുകളും പബുകളും വരുമെന്ന്  ഉറപ്പായി. മദ്യനയത്തിൽ ആകും പബുകൾ പ്രഖ്യാപിക്കുക. ഇതിനുള്ള മാർ​ഗ നിർദേശത്തിന്റെ കരടായിട്ടുണ്ട്. ഐ‌ ടി സെക്രട്ടറിയുടെ റിപ്പോർട്ട് സർക്കാർ തത്വത്തിൽ അം​ഗീകരിച്ചിട്ടുണ്ട്.

10 വർഷം പ്രവൃത്തി പരിചയമുള്ള , മികച്ച പേരുള്ള ഐ ടി സ്ഥാപനങ്ങൾക്ക് ആകും പബ് ലൈസൻസ് നൽകുക. നിശ്ചിത വാർഷിക വിറ്റുവരവുള്ള ഐ ടി കമ്പനികളായിരിക്കണമെന്ന നിബന്ധനയുമുണ്ട് കരട് മാർ​ഗ നിർദേശത്തിൽ. പബുകൾ ഐടി പാർക്കിനുള്ളിൽ ആകും . ഇവിടേക്ക് പുറത്തു നിന്നുള്ളവർക്ക്  പ്രവേശനം ഉണ്ടാകില്ല. പബ് നടത്തിപ്പിന്  ഐ ടി സ്ഥാപനങ്ങൾക്ക് വേണമെങ്കിൽ ഉപകരാർ നൽകാം .
ക്ലബുകളുടെ ഫീസിനേക്കാൾ കൂടിയ തുക ലൈസൻസ് ഫീസായി ഈടാക്കാനാണ് ആലോചന.

സംസ്ഥാനത്തെ ഐടി പാർലറുകളിൽ വൈൻ പാർലറുകൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലാണ് പ്രഖ്യാപിച്ചത്. ഐടി പാർക്കുകളിൽ പ്രവർത്തിക്കുന്ന വിവിധ കമ്പനി പ്രതിനിധികൾ തയ്യാറാക്കുന്ന റിപ്പോർട്ടിൽ പബ് പോലുള്ള സൗകര്യങ്ങളില്ലാത്തത് പ്രധാന പോരായ്മയായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വൈൻ പാർലറുകൾ തുടങ്ങാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി അന്ന്വ്യ ക്തമാക്കിയിരുന്നു.

കൊവിഡിൽ കേരളത്തിലെ ഐടി പാർക്കുകൾ പലതും അടച്ചുപൂട്ടി കമ്പനികൾ വർക് ഫ്രം ഹോം മോഡിലേക്ക് മാറിയതോടെയാണ് ഇക്കാര്യത്തിൽ തുടർനടപടികൾ നിലച്ചത്. കൊവിഡ് പ്രതിസന്ധി തീരുന്ന മുറയ്ക്ക് ഇക്കാര്യം സജീവമായി മുന്നോട്ട് കൊണ്ടു പോകുകയാണ് സർക്കാർ.

നിലവിൽ തിരുവനന്തപുരം ടെക്നോപാർക്കിന്‍റെ ഗസ്റ്റ് ഹൗസിൽ ഒരു ബിയർ പാർലർ പ്രവർത്തിക്കുന്നുണ്ടെന്നത് മാത്രമാണ് ഇടവേളകൾ ചെലവഴിക്കാനുള്ള ഒരേയൊരു ഉപാധി. ”യുവതയാണല്ലോ വിവിധ ഐടി പാർക്കുകളിൽ പ്രധാനമായും ജോലി ചെയ്യുന്നത്. അവർ മറ്റ് സംസ്ഥാനങ്ങളിലെ ഐടി പാർക്കുകളിൽ ലഭ്യമായ സൗകര്യങ്ങൾ ഇവിടെയും കിട്ടണമെന്ന് ആഗ്രഹിക്കും. മറ്റ് ഐടി കേന്ദ്രങ്ങളിലെ സൗകര്യങ്ങളില്ല ഇവിടെ എന്നത് പോരായ്മയാണ്. കമ്പനികൾ സ്വന്തമായി ഇത്തരം കേന്ദ്രങ്ങളിലേക്ക് ജോലി ചെയ്യുന്നവർക്ക് പോകാൻ സൗകര്യം ചെയ്ത് കൊടുക്കുന്നത് മാത്രമേയുള്ളൂ. ഐടി പാർക്കുകളിൽ പ്രവർത്തിക്കുന്ന വിവിധ കമ്പനി പ്രതിനിധികൾ തയ്യാറാക്കുന്ന റിപ്പോർട്ടിൽ പബ് പോലുള്ള സൗകര്യങ്ങളില്ല എന്നാണ് അന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്

സംസ്ഥാനത്താകെ ഒന്നര ലക്ഷം ഐടി ജീവനക്കാരാണുള്ളത്. തിരുവനന്തപുരം ടെക്നോപാർക്കിൽ മാത്രം ജോലി ചെയ്യുന്നത് 60,000 പേരാണ്. ടെക്നോ പാർക്ക്, ഇൻഫോ പാർക്ക്, സൈബർ പാർക്ക് എന്നിവിടങ്ങളിലായി ഇത്രയധികം പേർ ജോലി ചെയ്യുന്നുണ്ടെന്നിരിക്കേ, ഇവർക്ക് വിശ്രമ സമയങ്ങളും ഇടവേളകളും ചെലവഴിക്കാൻ ഇത്തരം കേന്ദ്രങ്ങൾ തുറക്കുന്നത് കൂടുതൽ ടെക്കികളെ കേരളത്തിലെ ഐടി പാർക്കുകളിലേക്ക് ആകർഷിക്കുമെന്നാണ് കണക്ക് കൂട്ടൽ.

നേരത്തേ നിസ്സാൻ കമ്പനി കേരളത്തിലെത്തിയപ്പോൾ അടിസ്ഥാനസൗകര്യവികസനവുമായി ബന്ധപ്പെട്ട് ചില നിലപാടുകൾ വ്യക്തമാക്കിയിരുന്നു. കൂടുതൽ അന്താരാഷ്ട്ര വിമാനസർവീസുകൾ അടക്കം വേണമെന്നായിരുന്നു ആവശ്യം. നിസ്സാൻ കമ്പനിയും വിനോദോപാധികൾ കേരളത്തിലെ ഐടി പാർക്കുകളിലില്ല എന്ന് വ്യക്തമാക്കിയിരുന്നു. പിന്നീട് നാസ്കോം നടത്തിയ പഠനത്തിലും വിനോദോപാധികളുടെ കുറവ് പരിഹരിക്കണമെന്ന് നിർദേശം നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് ഒന്നാം പിണറായി സർക്കാർ ഇത്തരത്തിൽ പബ്ബുകളടക്കം സ്ഥാപിക്കുന്ന കാര്യം ആലോചിക്കാനുള്ള നീക്കവുമായി മുന്നോട്ട് പോയത്. കൊവിഡ് പ്രതിസന്ധി ഇതിനിടെ വന്നത് മൂലം ആ നീക്കം വഴിമുട്ടി. നിലവിൽ ഐടി പാർക്കുകൾ പലതും തുറന്ന് വരുന്ന സ്ഥിതിയിൽ, വീണ്ടും ഇത്തരം നീക്കങ്ങൾ സജീവമാക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.

ഇക്കാര്യത്തിൽ നേരത്തേ പല വിവാദങ്ങളും ഉയർന്നിരുന്നതാണ്. വി എം സുധീരൻ അടക്കമുള്ള നേതാക്കൾ ഇതിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. ടൂറിസ്റ്റുകൾ വരാൻ അടക്കം മദ്യവ്യാപനം വേണമെന്നത് മുട്ടുന്യായങ്ങളാണ് എന്ന് വി എം സുധീരൻ ആരോപിച്ചിരുന്നു. എന്തെങ്കിലും പേര് പറഞ്ഞ് ഇവിടെ ഇടത് സർക്കാർ മദ്യവ്യാപനം നടപ്പാക്കുകയാണ് എന്നും സുധീരൻ ആരോപിച്ചിരുന്നു

Facebook Comments Box

By admin

Related Post