Sun. Apr 28th, 2024

സിപിഎം. ഏരിയാ സെക്രട്ടറിക്കെതിരെ ഫേസ്‌ബുക്കില്‍ കമന്റ്; കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൈയും കാലും തല്ലിയൊടിച്ചു

By admin Mar 3, 2022 #Attack #congress party #cpm
Keralanewz.com

തൊടുപുഴ: സിപിഎം.ഏരിയാ സെക്രട്ടറിക്കെതിരേ ഫേസ്‌ബുക്ക് പോസ്റ്റില്‍ കമന്റിട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൈയും കാലും തല്ലിയൊടിച്ചു. സംഭവത്തില്‍ രണ്ട് ഡിവൈഎഫ്‌ഐ. നേതാക്കളെ പൊലീസ് അറസ്റ്റുചെയ്തു. ഹോട്ടല്‍ തൊഴിലാളിയായ ഉടുമ്ബന്നൂര്‍ സ്വദേശി ജോസഫ് വെച്ചൂരിനെ(51) ആണ് മര്‍ദിച്ചത്. സിപിഎം. കരിമണ്ണൂര്‍ ഏരിയാ സെക്രട്ടറിയെയും അച്ഛനെയും അധിക്ഷേപിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

ഡിവൈഎഫ്‌ഐ. കരിമണ്ണൂര്‍ ബ്ലോക്ക് പ്രസിഡന്റ് കൊടിവേലി പുളിയംപള്ളില്‍ സോണി സോമി (26), ഉടുമ്ബന്നൂര്‍ മേഖലാ ട്രഷറര്‍ പുത്തന്‍പുരയില്‍ അനന്തു സന്തോഷ് (23) എന്നിവരെയാണ് അറസ്റ്റുചെയ്തത്. സിപിഎം. ഏരിയാ സെക്രട്ടറി പി.പി.സുമേഷ്, അരുണ്‍ദാസ് എന്നിവരുള്‍പ്പെടെ കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. കേരള കോണ്‍ഗ്രസ് (എം.) കരിമണ്ണൂര്‍ മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയുടെ ഫേസ്‌ബുക്ക് പോസ്റ്റിനടിയില്‍ ജോസഫ് കമന്റിട്ടിരുന്നു. ഇത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജോസഫുമായി വാക്കുതര്‍ക്കവുമുണ്ടായി. ഇതാണ് പ്രകോപനമെന്ന് പൊലീസ് പറയുന്നു.

ഏരിയാ സെക്രട്ടറിയെയും കുടുംബത്തെയും സാമൂഹിക മാധ്യമങ്ങളിലൂടെയും ഫോണിലൂടെയും അധിക്ഷേപിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും കാട്ടി ജോസഫിനെതിരേ സിപിഎം. ഏരിയാ കമ്മിറ്റി കരിമണ്ണൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയില്‍ കേസെടുക്കണമെങ്കില്‍ കോടതിയുടെ അനുമതിവേണം. കരിമണ്ണൂര്‍ സിഐ. സുമേഷ് സുധാകരന്റെ നേതൃത്വത്തിലാണ് അന്വേഷണം.

ചൊവ്വാഴ്ച രാത്രി ഒന്‍പതിന് ഉടുമ്ബന്നൂര്‍ ടൗണിലെത്തിയ അക്രമിസംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന വ്യാജേന, ടൗണിലെ കടയില്‍ ജോലിചെയ്യുകയായിരുന്ന ജോസഫിനെ വിളിച്ച്‌ പുറത്തിറക്കി മര്‍ദിച്ചെന്നാണ് പരാതി. ഇവര്‍ കമ്ബിവടികൊണ്ട് ജോസഫിനെ അടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ജോസഫിനെ തൊടുപുഴയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇടതുകൈയും ഇടതുകാലുമാണ് ഒടിഞ്ഞത്.

ആരോപണം അടിസ്ഥാനരഹിതം-സിപിഎം.
ഡിവൈഎഫ്‌ഐ. പ്രവര്‍ത്തകരെ ആക്രമിക്കാന്‍ തുനിഞ്ഞത് പ്രതിരോധിച്ചപ്പോഴാണ് ജോസഫിന് പരിക്കേറ്റതെന്നാണ് സിപിഎം. വിശദീകരണം. കരിമണ്ണൂര്‍ ഏരിയാ സെക്രട്ടറി പി.പി.സുമേഷിനെതിരേയുള്ള പരാതി അടിസ്ഥാനരഹിതമാണ്. സംഭവം നടക്കുമ്ബോള്‍ ഏരിയാ സെക്രട്ടറി സ്ഥലത്തുണ്ടായിരുന്നില്ല. ജോസഫ് ഏരിയാ സെക്രട്ടറിക്കും പിതാവിനുമെതിരേ മോശമായ കമന്റ് ഇട്ടിരുന്നു. ഇത് നീക്കംചെയ്യണമെന്നാവശ്യപ്പെട്ടപ്പോള്‍ അസഭ്യം പറഞ്ഞു. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും സിപിഎം. കരിമണ്ണൂര്‍ ഏരിയാ കമ്മിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു.

Facebook Comments Box

By admin

Related Post