Fri. May 3rd, 2024

യു.എ.പി.എ, പൊലീസിലെ ആര്‍.എസ്.എസുകാര്‍… പിണറായി സാക്ഷി, ആഭ്യന്തര വകുപ്പിനെ നിര്‍ത്തിപ്പൊരിച്ച്‌ പ്രതിനിധികള്‍

Keralanewz.com

കൊച്ചി: മുഖ്യമന്ത്രിക്ക് കീഴിലുള്ള ആഭ്യന്തര വകുപ്പിനും പൊലീസിനുമെതിരെ സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികളുടെ രൂക്ഷവിമര്‍ശനം.

റഷ്യന്‍ അധിനിവേശത്തിന് എതിരായ പരാമര്‍ശംപോലും ഉള്‍പ്പെടുത്താത്ത കേന്ദ്ര കമ്മിറ്റിക്ക് എതിരെയും അംഗങ്ങള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയില്‍ വിമര്‍ശനം ചൊരിഞ്ഞു. അതേസമയം, സംസ്ഥാന നേതൃത്വം ഇടപെട്ട് മുന്‍മന്ത്രി ജി. സുധാകരന് എതിരെ വിമര്‍ശനം ഉണ്ടാവുന്നത് തടയുകയും ചെയ്തു.

കോഴിക്കോട് പന്തീരാങ്കാവില്‍ യുവാക്കളായ അലന്‍ ശുഹൈബിനും ത്വാഹ ഫസലിനും എതിരെ ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ ചുമത്തിയതിലും പൊലീസ് സേനയിലെ ആര്‍.എസ്.എസ്വത്കരണം അനസ്യൂതം തുടരുന്നതിനും എതിരെയായിരുന്നു പിണറായി വിജയന്‍റെ സാന്നിധ്യത്തിലെ വിമര്‍ശനം. അലന്‍റെയും ത്വാഹയുടെയും പേരെടുത്ത് പറയാതെയാണ് കോഴിക്കോട്ടുനിന്നുള്ള പ്രതിനിധി യു.എ.പി.എ അന്യായമായി ചുമത്തിയ വിഷയം ഉന്നയിച്ചത്. യു.എ.പി.എ ചുമത്തുന്നതില്‍ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

പൊലീസിന്‍റെ നടപടികള്‍ തുടര്‍ഭരണത്തിലും എല്‍.ഡി.എഫ് സര്‍ക്കാറിന്‍റെ ശോഭ കെടുത്തുന്നുവെന്നാണ് കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, എറണാകുളം ജില്ലകളില്‍നിന്ന് സംസാരിച്ച ഭൂരിപക്ഷം പ്രതിനിധികളും കുറ്റപ്പെടുത്തിയത്. പൊലീസ് സ്റ്റേഷനുകളില്‍ നിര്‍ണായക പദവികള്‍ ആര്‍.എസ്.എസുകാരായ പൊലീസുകാരാണ് വഹിക്കുന്നത്. സി.പി.എം പ്രവര്‍ത്തകര്‍ വാദികളായ പരാതികളില്‍പോലും സി.പി.എമ്മുകാരെക്കൂടി പ്രതികളാക്കിയശേഷമേ ആര്‍.എസ്.എസുകാര്‍ക്കെതിരെ കേസ് എടുക്കുന്നുള്ളൂ. ഇടതുപക്ഷക്കാരായ ചില പൊലീസുകാര്‍ക്കും ഇടതുനയമില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.

യുക്രെയ്നിന് എതിരായ റഷ്യന്‍ അധിനിവേശത്തിനും യുദ്ധത്തിനും എതിരായ പരാമര്‍ശങ്ങള്‍ കേന്ദ്ര കമ്മിറ്റി പ്രമേയത്തിലില്ലെന്ന് ചില പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. നിരവധി മലയാളികളുടെ ജീവന്‍ ഇപ്പോഴും അപകടത്തിലാണ്. യുദ്ധത്തിനെതിരെ കടുത്ത നിലപാട് കേന്ദ്ര നേതൃത്വം സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാനതലത്തില്‍ വിഭാഗീയത അവസാനിച്ചെന്ന് നേതൃത്വം പറയുമ്ബോഴും ചില ജില്ലകളില്‍ ഇപ്പോഴും വിഭാഗീയത നിലനില്‍ക്കുന്നുവെന്നും അഭിപ്രായം ഉയര്‍ന്നു. കര്‍ശന നടപടി സംസ്ഥാന നേതൃത്വം എടുത്ത് വിഭാഗീയത അവരസാനിപ്പിച്ചാല്‍ പാര്‍ട്ടിക്ക് ഒറ്റമനസ്സോടെ നീങ്ങാനാവുമെന്ന് കണ്ണൂരടക്കം ജില്ലകളിലുള്ളവര്‍ അഭിപ്രായപ്പെട്ടു.

മലപ്പുറം ജില്ലയിലെ പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന സംഘടന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്ന് എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്‍റ് വി.പി. സാനുവും ഇ. ജയനും കുറ്റപ്പെടുത്തി. നേതൃത്വത്തെയും പാര്‍ട്ടിയെയും ശത്രുക്കള്‍ ആക്രമിക്കുമ്ബോള്‍ ഒറ്റക്കെട്ടായി അതിനെ പ്രതിരോധിക്കുന്നതില്‍ പരാജയം സംഭവിച്ചെന്ന് കണ്ണൂരില്‍നിന്നുള്ള എന്‍. ചന്ദ്രന്‍ പറഞ്ഞു. മകനെതിരായ ആരോപണങ്ങളുടെ പേരില്‍ കോടിയേരി ബാലകൃഷ്ണനെ രാഷ്ട്രീയ എതിരാളികള്‍ വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ ഇടപെടലുണ്ടായില്ലെന്ന് സൂചിപ്പിച്ചായിരുന്നു വിമര്‍ശം. ബുധനാഴ്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലുള്ള ചര്‍ച്ച അവസാനിച്ചു. ഇന്ന് സംസ്ഥാന സെക്രട്ടറി മറുപടി നല്‍കും. തുടര്‍ന്ന് വികസന നയരേഖയില്‍ ചര്‍ച്ച നടക്കും.

Facebook Comments Box

By admin

Related Post