National NewsPolitics

ബലാത്സംഗക്കേസ്; പ്രതിയെ രാജ്യം വിടാൻ സഹായിച്ച മോദി മാപ്പുപറയണം -രാഹുല്‍

Keralanewz.com

ബംഗളൂരു: ഹാസനിലെ എൻ.ഡി.എ സ്ഥാനാർഥിയും ജെ.ഡി.എസ് എം.പിയുമായ പ്രജ്വല്‍ രേവണ്ണയുടേത് വെറും ലൈംഗികാപവാദമല്ലെന്നും തുടർച്ചയായി നടത്തിയ കൂട്ട ബലാത്സംഗമാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.

ശിവമൊഗ്ഗയില്‍ കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. ജെ.ഡി.എസുമായി സഖ്യമുണ്ടാക്കി കൂട്ടബലാത്സംഗക്കേസ് പ്രതിക്ക് വോട്ടുതേടുകയാണ് ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചെയ്യുന്നത്. കൂട്ട ബലാത്സംഗം നടത്തിയയാള്‍ക്കുവേണ്ടി വോട്ട് തേടുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. നൂറുകണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും അവരുടെ അശ്ലീല വിഡിയോകള്‍ പകർത്തുകയും ചെയ്തയാളാണ് പ്രജ്വല്‍ രേവണ്ണ. നിറഞ്ഞ വേദിയില്‍നിന്ന് ബലാത്സംഗിയായ ഒരാളെ പിന്തുണക്കാൻ പറയുന്ന നരേന്ദ്ര മോദി, നിങ്ങള്‍ അയാള്‍ക്ക് വോട്ട് ചെയ്താല്‍ അത് എനിക്ക് സഹായകമാകുമെന്നാണ് പറയുന്നത്.

എല്ലാവിധ സംവിധാനങ്ങളുമുണ്ടായിട്ടും അയാള്‍ ജർമനിയിലേക്ക് കടക്കുന്നത് മോദി തടഞ്ഞില്ല. ഇതാണ് മോദിയുടെ ഗ്യാരന്റി. നേതാവ് അഴിമതിക്കാരനാണെങ്കിലും കൂട്ട ബലാത്സംഗം ചെയ്തയാളാണെങ്കിലും ബി.ജെ.പി അയാളെ സംരക്ഷിക്കും. പ്രധാനമന്ത്രി പ്രജ്വലിന്‍റെ ഇരകളായ മുഴുവൻ സ്ത്രീകളോടും മാപ്പ് പറയണം-രാഹുല്‍ പറഞ്ഞു. നിരവധി അശ്ലീല വിഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവരുകയും വീട്ടുജോലിക്കാരി ലൈംഗികാതിക്രമ പരാതി നല്‍കുകയും ചെയ്തതോടെ ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് കടന്ന പ്രജ്വല്‍ രേവണ്ണക്കെതിരെ പ്രത്യേകാന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തില്‍ പ്രജ്വല്‍ രേവണ്ണക്കും പിതാവും എം.എല്‍.എയുമായ രേവണ്ണക്കും പ്രത്യേകാന്വേഷണസംഘം കഴിഞ്ഞ ദിവസം സമൻസയച്ചിരുന്നു. ഇതിനിടെ പ്രജ്വലിന്‍റെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കുന്നത് ഉള്‍പ്പെടെ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കുകയും ചെയ്തു.

പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീല വിഡിയോകളെ കുറിച്ച്‌ 2023 ഡിസംബര്‍ എട്ടിന് കര്‍ണാടകയിലെ ബി.ജെ.പി നേതാവും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഹൊലെനർസിപുരയില്‍ സ്ഥാനാർഥിയുമായിരുന്ന ദേവരാജ ഗൗഡ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന് അയച്ച കത്ത് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. തനിക്ക് ലഭിച്ച പെന്‍ഡ്രൈവില്‍ ആകെ 2976 വിഡിയോകളുണ്ടെന്നാണ് ദേവരാജ ഗൗഡ കത്തില്‍ പറഞ്ഞിരുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സ്ത്രീകളടക്കമുള്ളവരുമായി 33കാരൻ ലൈംഗിക വേഴ്ചയിലേര്‍പ്പെടുന്ന ദൃശ്യങ്ങളാണിതെന്നും വിഡിയോകള്‍ സൂക്ഷിച്ചുവെച്ച്‌ സ്ത്രീകളെ ഭീഷണിപ്പെടുത്തി വീണ്ടും ലൈംഗിക ആവശ്യത്തിന് ഉപയോഗിച്ചിരുന്നതായും ദേവരാജ ഗൗഡ കത്തില്‍ ആരോപിച്ചിരുന്നു. ഇക്കാര്യം ബി.ജെ.പി മറച്ചുവെച്ചതും പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പ്രജ്വലിനൊപ്പം വേദി പങ്കിട്ടതും ആയുധമാക്കിയ കോണ്‍ഗ്രസ് പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

Facebook Comments Box