ലോക്സഭ എൽഡിഎഫിന് 10 മുതൽ 12 സീറ്റിൽ വരെ വിജയ സാധ്യതയുണ്ടെന്ന് കേരള കോൺഗ്രസ് എം വിലയിരുത്തൽ.
സിപിഐ എം പത്ത് സീറ്റുകളിൽ വിജയിക്കും. സിപിഐക്ക് ഒന്നും കേരള കോൺഗ്രസിന് കോട്ടയവും ലഭിക്കും ഇതാണ് ജയം ഉറപ്പിക്കാവുന്ന സീറ്റുകളെന്നും പാർട്ടി സംസ്ഥാന ഹൈപവർ കമ്മിറ്റിയുടെ വിലയിരുത്തൽ. തൃശ്ശൂരിൽ നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കാമെന്ന പ്രതീക്ഷയും പാർട്ടി നേതൃത്വം പങ്കുവച്ചു.
ആറ്റിങ്ങൽ, പത്തനംതിട്ട, ഇടുക്കി, ചാലക്കുടി, ആലത്തൂർ, പാലക്കാട്, കണ്ണൂർ, വടകര, കാസർകോട്, കോഴിക്കോട് സീറ്റുകളിലും ഇടതു മുന്നണിക്ക് വിജയിക്കാനാകുമെന്നാണ് പാർട്ടി വിലയിരുത്തൽ. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പോലെ കോൺഗ്രസ് അനുകൂല തംരംഗം ഉണ്ടാകില്ലെന്ന് യോഗത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. കോൺഗ്രസ് അധികാരത്തിൽ തിരിച്ചുവരുമെന്ന ചിന്ത ജനങ്ങളിലുണ്ടായിരുന്നതും രാഹുൽ ഗാന്ധി മത്സരിക്കാനെത്തിയതും കഴിഞ്ഞ തവണ അവർക്ക് അനുകൂല ഘടകമായി. ഇത്തവണ രാഹുൽ അനുകൂല തരംഗം ഇല്ല. ബിജെപിയെ എതിർക്കാൻ എൽഡിഎഫിനെ കഴിയൂ എന്ന ചിന്ത ജനങ്ങളിലുണ്ടെന്ന് പാർട്ടി വിലയിരുത്തുന്നു.
കോട്ടയത്ത് പാർട്ടി സ്ഥാനാർത്ഥി തോമസ് ചാഴികാടൻ മുപ്പതിനായിരത്തിനും നാല്പത്തിനായിരത്തിനും ഇടയ്ക്ക് വിജയിക്കും എന്നാണ് കേരള കോൺഗ്രസ് എം കണക്കുകൂട്ടൽ. മണ്ഡലത്തിൽ ആകെ അലയടിച്ച പിണറായി വിരുദ്ധ ഭരണ വിരുദ്ധ വികാരത്തെ തോമസ് ചാഴികാടന്റെ വ്യക്തിപരമായ മികവുകൊണ്ട് അതിജീവിക്കാൻ കഴിഞ്ഞു എന്ന് പാർട്ടി വിശ്വസിക്കുന്നു. കൂടാതെ എൽഡിഎഫിലെ കക്ഷികൾ ഒത്തുചേർന്ന് പ്രവർത്തിച്ചതും കോൺഗ്രസ് വോട്ടുകൾ പോള് ചെയ്യാതിരുന്നതും തുഷാർ വെള്ളാപ്പള്ളിക്ക് കോൺഗ്രസ് വോട്ടുകൾ ലഭിച്ചുവെന്നതും കേരള കോൺഗ്രസ് എമ്മിൻ്റെ പ്രതീക്ഷകൾ വാനോളമുയർത്തുന്നു. കൂടാതെ മധ്യ തിരുവിതാംകൂർ മേഖലയിലെ എൽഡിഎഫിന്റെ വിജയത്തിൽ പാർട്ടിക്ക് നിർണായക ഘടകമായി മാറുവാൻ കഴിഞ്ഞതും കേരള കോൺഗ്രസ് എം എടുത്തുപറയുന്നു.