Sun. May 5th, 2024

ആ മണി നാദം നിലച്ചിട്ട് ഇന്ന് ആറാണ്ട്; മണിയുടെ മരണമില്ലാത്ത ഓര്‍മകള്‍ക്ക് ഇന്ന് 6 വയസ്

By admin Mar 6, 2022 #kalabhavan mani
Keralanewz.com

കലാഭവന്‍ മണിയുടെ മരണമില്ലാത്ത ഓര്‍മകള്‍ക്ക് ഇന്ന് ആറ് വയസ്. മണിയുടെ ചിരി മലയാളിക്ക് എന്നും ഒരു ഹരമായിരുന്നു.

മിമിക്രി, അഭിനയം, ഗായകന്‍ സാമൂഹികപ്രവര്‍ത്തനം എന്നു തുടങ്ങി മലയാള സിനിമയില്‍ ആര്‍ക്കും ചെയ്യുവാനാകാത്തവിധം സര്‍വതല സ്പര്‍ശിയായി പടര്‍ന്നുപന്തലിച്ച ഒരു വേരായിരുന്നു കലാഭവന്‍ മണി.

വെള്ളിത്തിരയിലെ നക്ഷത്രമായിരുന്നിട്ടും കലാഭവന്‍ മണി എന്ന ചാലക്കുടിക്കാരന്റെ കാല്‍ മണ്ണില്‍ തന്നെ ഉറച്ചു നിന്നു . ചാലക്കുടി ടൗണില്‍ ഓട്ടോ ഡ്രൈവറായി ജീവിതം ആരംഭിച്ച മണി മലയാള സിനിമാലോകത്തെ മിന്നും നക്ഷത്രമായത് കഠിനാധ്വാനം ഒന്നുകൊണ്ടുമാത്രമാണ്.

പട്ടിണി ജീവിതത്തിന്റെ താളം തെറ്റിച്ച ബാല്യവും കൗമാരവും. ഇതിനിടയില്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മോണോ ആക്ടി ല്‍ ഒന്നാം സ്ഥാനം. ജീവിത യാത്രയുടെ ഗതിമാറ്റി വിട്ട വിജയമായിരുന്നു അത്. 1995 ല്‍ സിബിമലയില്‍ ചിത്രമായ അക്ഷരത്തില്‍ ഓട്ടോ ഡ്രൈവറായി അഭിനയിച്ചു കൊണ്ട് തന്നെ സിനിമയുടെ മാന്ത്രിക ലോകത്തെത്തി.

ഹാസ്യ കഥപ്പാത്രമായും നായകനായും വില്ലനായും ആക്ഷന്‍ ഹീറോയായും അരങ്ങു വാണു.പോലീസായും കളക്ടറായും സിനിമയിലെത്തുമ്ബോള്‍ പൊതു സമൂഹത്തിന്റെ വിവേചനമാണ് നേരിടേണ്ടി വന്നത്. ഇന്നും മാറുവാന്‍ മടിയ്ക്കുന്ന സവര്‍ണ മേധാവിത്വത്തിന്റെ പ്രതിഫലനമായിരുന്നു അത്‌ .

സിനിമയിലെ ഉയര്‍ച്ച താഴ്ചകളെ നേരിടുവാന്‍ ജീവിതാനുഭവം നല്‍കിയ സമ്ബത്ത് മാത്രം മതിയാരുന്നു. ഏത് അഭിമുഖത്തിലും പൂര്‍വ്വകാല കഷ്ടങ്ങളെ യാതൊരു മടിയും കൂടാതെ വെളിപ്പെടുത്തി. നാടന്‍ പാട്ടുകളിലൂടെ ആ മണികിലുക്കം നാട്ടുവഴികളില്‍ പ്രതിധ്വനിച്ചു . അടിസ്ഥാന വര്‍ഗ്ഗത്തിന്റെ വിഷമതകള്‍ പറയുന്ന പാട്ടുകളായി അവ എക്കാലവും ശ്രദ്ധിക്കപ്പെട്ടു.

സിനിമ പാട്ടുകളില്‍ നിന്നും നാടന്‍ പാട്ടുകളിലേക്ക് മലയാളിയുടെ ഇഷ്ടത്തെ അദ്ദേഹം പറിച്ചുനട്ടു. മലയാളി മറന്നുപോയ നാടന്‍പാട്ടുകളെ അവര്‍ പോലുമറിയാതെ ചുണ്ടുകളിലേക്ക് കൊണ്ടുവരുവാന്‍ മണിയോളം ശ്രമിച്ച കലാകാരനില്ല.

ആടിയും പാടിയും സാധാരണക്കാരോട് ചേര്‍ന്ന്നിന്നുകൊണ്ട് മണി സാധാരണക്കാരനായി നില നിന്നു. ആറു വര്‍ഷങ്ങള്‍ക്കിപ്പുറം ആ മണി നാദം നിലച്ചു എന്ന ചാലക്കുടിപ്പുഴ പോലും വിശ്വസിച്ചിട്ടില്ല

Facebook Comments Box

By admin

Related Post