Fri. Apr 26th, 2024

ആ നിലാവ് മാഞ്ഞു; പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഭൗതികശരീരം ഖബറടക്കി

Keralanewz.com

മലപ്പുറം: അന്തരിച്ച മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഭൗതികശരീരം ഖബറടക്കി.

തിങ്കളാഴ്ച രാവിലെ ഒമ്ബതിനാണ് ഖബറടക്കം തീരുമാനിച്ചിരുന്നതെങ്കിലും പ്രതികൂല സാഹചര്യങ്ങളെ തുടര്‍ന്ന് പുലര്‍ചെ രണ്ടരയോടെ സംസ്ഥാന സര്‍കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം നടത്തുകയായിരുന്നു.

ഭൗതിക ശരീരം ഏറെനേരം വയ്ക്കാന്‍ സാധിക്കാത്തതിനാലാണ് ഇത്തരം ഒരു തീരുമാനം എന്നാണ് കുടുംബാഗങ്ങള്‍ അറിയിക്കുന്നത്. പ്രമുഖരടക്കം പാതിരാത്രിയിലും തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. നേരത്തെ വന്‍ ജനതിരക്ക് കാരണം മലപ്പുറം ടൗണ്‍ഹാളിലെ പൊതുദര്‍ശനം അവസാനിപ്പിച്ചിരുന്നു.

പാണക്കാട് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ പിതാവ് പൂക്കോയ തങ്ങളുടെയും മാതാവ് മറിയം ചെറിഞ്ഞി ബീവിയുടെയും സഹോദരന്മാരായ ഉമറലി ശിഹാബ് തങ്ങളുടെയും മുഹമ്മദലി ശിഹാബ് തങ്ങളുടെയും സമീപത്താണ് ഖബറടക്കം നടത്തിയത്. ജുമാമസ്ജിദില്‍ നടന്ന നിസ്‌കാരത്തിന് സാദിഖലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. പാണക്കാട് കുടുംബത്തിലെ പലരുടേയും ഖബറിടങ്ങളും ഇവിടെയുണ്ട്. ഖബറിന്റെ ജോലികള്‍ ഞായറാഴ്ച വൈകീട്ടോടെതന്നെ പൂര്‍ത്തീകരിച്ചിരുന്നു.

തിങ്കളാഴ്ച രാവിലെ വരെ മലപ്പുറം ടൗണ്‍ഹാളില്‍ പൊതുദര്‍ശനം ഉണ്ടാകുമെന്ന് അറിയിച്ചെങ്കിലും രാത്രി 12.30 ഓടെ പാണക്കാട്ടേക്ക് കൊണ്ടുപോയി. ആരും പാണക്കാട്ടേക്ക് വരണ്ടെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ മൈകിലൂടെ അറിയിച്ചെങ്കിലും പലരും പ്രിയ നേതാവിനെ കാണാന്‍ പാണക്കാട്ടേക്ക് തിരിച്ചു.

ഈ സമയമത്രയും കുന്നുമ്മലില്‍ പ്രവര്‍ത്തകരേയും പൊതുജനങ്ങളേയും നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ടിലായിരുന്നു പൊലീസും വൊളന്റിയര്‍മാരും. പാണക്കാടേക്ക് യാത്രതിരിച്ചവരെ വലിയങ്ങാടിയിലും ഹാജിയാര്‍പള്ളിയിലും പൊലീസ് തടഞ്ഞു.

മൃതദേഹം പാണക്കാട് വീട്ടിലെത്തിയപ്പോഴും വലിയ ജനാവലി തങ്ങളെ അവസാനമായി കാണാനുണ്ടായിരുന്നു. വീട്ടില്‍ നിന്ന് മൃതദേഹം രാത്രി രണ്ടേടെ പാണക്കാട് ജുമാ മസ്ജിദില്‍ എത്തിച്ച്‌ ഖബറടക്കി. പുലര്‍ച്ചെ നാലോടെയാണ് പ്രാര്‍ഥനാ ചടങ്ങുകള്‍ അവസാനിച്ചു.

അര്‍ബുദ ബാധിതനായി എറണാകുളം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിടവാങ്ങല്‍ അപ്രതീക്ഷിതമായിരുന്നു.

2009 ല്‍ ജ്യേഷ്ഠന്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അപ്രതീക്ഷിതമായ മരണത്തെത്തുടര്‍ന്നാണ് ഹൈദരലി തങ്ങള്‍ മുസ്ലിം ലീഗിന്റെ അധ്യക്ഷനായത്. അതിന് മുമ്ബ് 19 വര്‍ഷം പാര്‍ടിയുടെ മലപ്പുറം ജില്ലാ പ്രസിഡന്റ്ായിരുന്നു അദ്ദേഹം. 100 കണക്കിന് പേര്‍ ആത്മീയ ഉപദേശങ്ങള്‍ തേടി ദിവസവും പാണക്കാട്ടെത്തിയിരുന്നു. അവരെയൊക്കെ പ്രാര്‍ഥനയാലും സ്‌നേഹത്താലും ചേര്‍ത്ത് നിര്‍ത്തിയ വ്യക്തിത്വമായിരുന്നു അദ്ദേഹം.

കൈ നിറയെ സഹായവുമായാണ് പാണക്കാട്ട് എത്തിയ നിര്‍ധനര്‍ തിരിച്ച്‌ പോയത്. അധികാരത്തിന്റെ വെള്ളിവെളിച്ചത്തില്‍ നിന്നും എപ്പോഴും മാറി നടന്ന വ്യക്തിയായിരുന്നു തങ്ങള്‍. വീതം വെപ്പുകളില്‍ അദ്ദേഹത്തിന് താല്പര്യമില്ലായിരുന്നു. പാര്‍ടിയിലെ വലിയ തര്‍ക്കങ്ങള്‍ക്കിടയില്‍ ചെറിയ ചിരിയോടെ നിന്ന് തീരുമാനങ്ങളെടുത്ത അദ്ദേഹം 12 വര്‍ഷം കേരളത്തിലെ ലീഗിനെ നയിച്ചത് ആറ്റിക്കുറുക്കിയ വാക്കുകളിലെ പുഞ്ചിരിയോടെയായിരുന്നു.

Facebook Comments Box

By admin

Related Post