പത്തനംതിട്ടയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; പ്രതിക്ക് 60 വര്‍ഷം തടവ്

Spread the love
       
 
  
    

പത്തനംതിട്ട ∙ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി അച്ചന്‍കോവില്‍ ഗിരിജന്‍ കോളനിയില്‍ രാജീവ് എന്ന സുനിലിനെ (35) 60 വര്‍ഷം തടവിന് പത്തനംതിട്ട പോക്സോ കോടതി ശിക്ഷിച്ചു.

പോക്സോ ആക്‌ട് 5 (1) പ്രകാരം 30 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വകുപ്പ് 5 (n) പ്രകാരം 30 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ ഒടുക്കാതിരുന്നാല്‍ ഒരു വര്‍ഷം അധിക കഠിന തടവ് അനുഭവിക്കണം.

ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 30 വര്‍ഷം കഠിന തടവ് അനുഭവിച്ചാല്‍ കാലാവധി പൂര്‍ത്തിയാകും. പോക്സോ കോടതി ജഡ്ജി ജയകുമാര്‍ ജോണിന്റേതാണ് വിധി. 2015ല്‍ ആണ് കേസിന് ആസ്പദമായ സംഭവം.

പ്രതി അച്ചന്‍കോവിലില്‍നിന്നു ജോലി തേടി കോന്നിയില്‍ എത്തിയ സമയം കൊക്കാത്തോട്ടിലുള്ള ബന്ധുവീട്ടില്‍ താമസിക്കവെ 15 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിക്കുക പതിവായിരുന്നു. വിദ്യാഭ്യാസ സൗകര്യത്തിനായി ഹോസ്റ്റലിലേക്കു മാറിയ പെണ്‍കുട്ടി വയറുവേദനയ്ക്കു ചികില്‍സ തേടിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം മനസ്സിലായത്.

ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രോസിക്യൂഷനു വേണ്ടി ജയ്സണ്‍ മാത്യൂസ് ഹാജരായി. കോന്നി പൊലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ആര്‍.ജോസ് ആണ് അന്വേഷണം പൂര്‍ത്തിയാക്കിയത്.

Facebook Comments Box

Spread the love