കൊല്ലത്ത് ഭാര്യയെ അനാവശ്യം പറഞ്ഞത് ചോദ്യ ചെയ്തു; ഭര്‍ത്താവിനെ അയല്‍വാസി കുത്തിക്കൊന്നു
കൊല്ലം: ഭാര്യയെ അനാവശ്യം പറഞ്ഞത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ അയല്‍വാസി കുത്തിക്കൊന്നു.കാറ്റാടിമൂട് പേരയത്ത് കോളനിയിലെ താമസക്കാരനായ ജോണി എന്ന ജോണ്‍സന്‍(41) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ അയല്‍വാസിയായ ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി നടന്ന കൊലപാതകത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ കുറേ നാളുകളായി ബാബു ജോണ്‍സന്‍റെ ഭാര്യയെ അനാവശ്യം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ജോണ്‍സണ്‍ ഇത് ചോദ്യം ചെയ്തു.
ഇന്നലെ രാത്രിയിലായിരുന്നു സംഭവം. മദ്യപിച്ച് ജോണ്‍സന്‍റെ വീട്ടിലെത്തിയ ബാബു ജോണ്‍സനെ കുത്തിക്കൊല്ലുകയായിരുന്നു. നെഞ്ചിലേറ്റ ആഴമേറിയ മുറിവാണ് മരണത്തില്‍ കലാശിച്ചത്. സംഭവത്തിനു പിന്നാലെ ബാബു ഒളിവില്‍ പോകാന്‍ ശ്രമിച്ചു. രാത്രി വൈകിയും പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ സമീപത്തെ റബര്‍ തോട്ടത്തില്‍ നിന്ന് ബാബുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൊലീസ് പൂര്‍ത്തിയാക്കി. ജോണ്‍സണുമായുളള സംഘര്‍ഷത്തിനിടെ കാലിന് പരിക്കേറ്റ ബാബുവിനെ പൊലീസ് എടുത്തു കൊണ്ട് നടന്നാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. ബാബുവിനെ കോടതി റിമാന്‍ഡ് ചെയ്തു.