Thu. Apr 25th, 2024

ഇറച്ചിക്കോഴി വില 200ലേക്ക് അടുക്കുന്നു; കോഴി തീറ്റയ്ക്ക് സബ്സീഡി വേണമെന്ന് കര്‍ഷകര്‍

By admin Mar 14, 2022 #news
Keralanewz.com

തൃശ്ശൂര്‍: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് ഇറച്ചിക്കോഴി വില. കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടെ ഇറച്ചിക്കോഴിയുടെ വില ഏറ്റവും ഉയര്‍ന്ന നിരക്കായ 164 ലേക്ക് എത്തി.

വര്‍ധിച്ച്‌ വരുന്ന ഉത്പാദന ചിലവ് മൂലം കേരളത്തിലെ കോഴിവളര്‍ത്തല്‍ നാമമാത്രമാവുകയും, അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയുണ്ടായതുമാണ് വില വര്‍ധനവിന് കാരണമായത്. അതേസമയം, വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കോഴിതീറ്റക്ക് സര്‍ക്കാര്‍ സബ്സീഡി അനുവദിക്കണമെന്ന് കോഴി കര്‍ഷകര്‍ ആവശ്യപ്പെട്ടു.

ഡിസംബര്‍- ജനുവരി മാസങ്ങളില്‍ കോഴിത്തീറ്റയുടെ വില ക്രമതീതമായി വര്‍ധിച്ചത് ചെറുകിട ഫാമുകള്‍ പൂട്ടുന്നതിന് കാരണമായി. തുടര്‍ന്നാണ് 97 രൂപയുണ്ടായിരുന്ന ഒരു കിലോ കോഴിയുടെ ഉത്പാദന ചിലവ് ഇപ്പോള്‍ 103 രൂപ വരെ എത്തിയത്. ഇത് കേരളത്തിലെ ചെറുകിട കോഴി കര്‍ഷകരെ കോഴി വളര്‍ത്തലില്‍ നിന്നും പിന്മാറാന്‍ ഇടയാക്കിയിട്ടുണ്ടെന്നും കര്‍ഷകര്‍ പറഞ്ഞു. ഇതോടെ തമിഴ്നാട് അടക്കമുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമാണ് ഇപ്പോള്‍ കേരളത്തിന്‌ ആവശ്യമായ ഇറച്ചിക്കോഴി എത്തിക്കുന്നത്. ഇതാണ് വിലക്കയറ്റത്തിന്‍റെ പ്രധാന കാരണമായി കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

രണ്ട് മാസം മുന്‍പ് വരെ 98 രൂപയില്‍ നിന്നിരുന്ന വിലയാണ് ഇന്ന് 164 ലേക്ക് എത്തിയത്. കോഴിതീറ്റക്ക് സബ്സീഡി നിരക്ക് അനുവദിക്കുകയും, കേരള ചിക്കന് നല്‍കുന്ന ആനുകൂല്യങ്ങള്‍ കേരളത്തിലെ മുഴുവന്‍ കോഴി കര്‍ഷകര്‍ക്കും നല്‍കി വില നിയന്ത്രിക്കാന്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്ന് കേരള പൗള്‍ട്രിഫാര്‍മേഴ്സ് ആന്‍റ് ട്രേഡേഴ്സ് സമിതി സംസ്ഥാന പ്രസിഡന്‍റ് ബിന്നി ഇമ്മട്ടി പറഞ്ഞു.

കോഴിവില ഉയര്‍ന്ന സാഹചര്യത്തില്‍ ചിക്കന്‍ വിഭവങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുന്ന കാര്യത്തെ കുറിച്ച്‌ ആലോചിക്കുകയാണ് ഹോട്ടല്‍ ഉടമകള്‍. ഇതോടെ ഹോട്ടല്‍ ഭക്ഷണത്തിനും വില ഉയരാനിടയാവുമെന്നും ബിന്നി ഇമ്മട്ടി കൂട്ടിച്ചേര്‍ത്തു

Facebook Comments Box

By admin

Related Post