Kerala News

തൃശൂരില്‍ വനിതാ വ്യാപാരി നടുറോഡില്‍ വെട്ടേറ്റ് മരിച്ചു

Keralanewz.com

തൃശൂര്‍: നടുറോഡില്‍ വെട്ടേറ്റ വനിതാ വ്യാപാരി മരിച്ചു.

എറിയാട് ബ്ലോക്കിനു കിഴക്കു വശം മാങ്ങാരപറമ്ബില്‍ റിന്‍സി നാസര്‍ (30) ആണ് മരിച്ചത്. മക്കളോടൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുംവഴി ഇന്നലെ രാത്രിയാണ് വെട്ടേറ്റത്. റിന്‍സിയുടെ ഉടമസ്ഥതയിലുള്ള തുണിക്കടയിലെ മുന്‍ ജീവനക്കാരന്‍ പുതിയ വീട്ടില്‍ റിയാസ് (25) ആണ് ആക്രമിച്ചത്. ഇന്നലെ വൈകിട്ട് 7.30 നായിരുന്നു സംഭവം.

എറിയാട് കെവിഎച്ച്‌എസ് സ്‌കൂളിനു സമീപം നിറക്കൂട്ട് എന്ന വസ്ത്ര സ്ഥാപനം നടത്തുകയായിരുന്നു റിന്‍സി. ബൈക്കില്‍ പിന്തുടര്‍ന്ന റിയാസ് ഇവരുടെ സ്‌കൂട്ടറിനെ മറികടന്ന് ഇടിച്ചു വീഴ്ത്തിയ ശേഷം കത്തിയെടുത്തു റിന്‍സിയുടെ മുഖത്തും കയ്യിലും വെട്ടുകയായിരുന്നു. റിന്‍സിയുടെ മൂന്നു വിരലുകള്‍ അറ്റു. റിന്‍സിയുടെ ശരീരത്തില്‍ 30 ഓളം വെട്ടുകളേറ്റു.

ആക്രമണം കണ്ടു ഭയന്ന മക്കളുടെ കരച്ചില്‍ കേട്ടാണു നാട്ടുകാര്‍ സംഭവം അറിഞ്ഞത്. ഓടിയെത്തിയവരെ റിയാസ് ഭീഷണിപ്പെടുത്തി അകറ്റി. റിയാസ് ഒളിവിലെന്നാണ് വിവരം. റിന്‍സിയുടെ വീടിനു നേരെ അക്രമം നടത്തിയ കേസില്‍ മാസങ്ങള്‍ക്കു മുന്‍പ് പൊലീസ് റിയാസിനെ താക്കീത് ചെയ്തിരുന്നു. പലപ്പോഴും കടയിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായും സൂചനയുണ്ട്

Facebook Comments Box