വിവാഹം പോലെ വിവാഹമോചനത്തിനും ഇനി രജിസ്ട്രേഷന്‍ നിര്‍ബന്ധം, സംസ്ഥാനം പുതിയ നിയമനിര്‍മാണം കൊണ്ടു വരുന്നു
വിവാഹം റജിസ്റ്റര്‍ ചെയ്യുന്നതു പോലെ വിവാഹമോചനത്തിനും ഇനി രജിസ്ട്രേഷന്‍ വരുന്നു. ഇതിനായി നിയമവും ചട്ടഭേദഗതിയും തയാറാകുന്നതായി മന്ത്രി എം.വി.ഗോവിന്ദന്‍ അറിയിച്ചു.
2008ലെ കേരള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍ ചട്ടങ്ങളില്‍ വിവാഹമോചനങ്ങളുടെ രജിസ്‌ട്രേഷനുള്ള വ്യവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തി ചട്ടങ്ങള്‍ ഭേദഗതി ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
സ്ത്രീകളുടെയും കുട്ടികളുടെയും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ ശുപാര്‍ശ പ്രകാരമാണു നടപടി. ഇന്ത്യയില്‍ വിവാഹമോചനം നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന നിയമം ഒരു സംസ്ഥാനത്തും നിലവിലില്ല. കേരളം ഈ കാര്യത്തിലും രാജ്യത്തിനു മാതൃകയാവുകയാണെന്നു മന്ത്രി പറഞ്ഞു.
വിവാഹമോചന രജിസ്‌ട്രേഷന്‍ സമയത്തു കുഞ്ഞുങ്ങള്‍ ഉണ്ടെങ്കില്‍ അവരുടെ സംരക്ഷണം സംബന്ധിച്ച വിവരങ്ങള്‍ കൂടി ഇതില്‍ ഉള്‍പ്പെടുത്തും. പുനര്‍വിവാഹിതരാവുമ്ബോള്‍ കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതത്വം ഉറപ്പാക്കാന്‍ ആവശ്യമായ നിയമനിര്‍മാണവും ഇതിന്റെ ഭാഗമായി ഉണ്ടാവും. മതഭേദമന്യേയുള്ള വിവാഹ രജിസ്‌ട്രേഷനു ചട്ടങ്ങള്‍ മാത്രമാണുള്ളത് എന്ന വസ്തുത പരിഗണിച്ചു ‘കേരള വിവാഹങ്ങളും വിവാഹമോചനങ്ങളും രജിസ്റ്റര്‍ ചെയ്യല്‍ ആക്‌ട്’ എന്ന പേരിലാകും നിയമനിര്‍മാണം നടത്തുക.
ഇന്ത്യന്‍ നിയമ കമ്മിഷന്റെ 2008ലെ റിപ്പോര്‍ട്ടില്‍ വിവാഹവും വിവാഹമോചനവും രജിസ്റ്റര്‍ ചെയ്യേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയിരുന്നു. മതമോ വ്യക്തിനിയമമോ പരിഗണിക്കാതെ രാജ്യമാകെ എല്ലാ പൗരന്‍മാര്‍ക്കും ഇതു ബാധകമാക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നിയമനിര്‍മാണങ്ങള്‍ ഒന്നും നടന്നിട്ടില്ല.
വിവാഹവും വിവാഹമോചനവും ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിനാല്‍ വിവാഹമോചന രജിസ്‌ട്രേഷനായി സംസ്ഥാനത്തിനു നിയമനിര്‍മാണം നടത്താം