Fri. Apr 19th, 2024

മതസ്പര്‍ധ വളര്‍ത്തല്‍: യൂട്യൂബ് ചാനല്‍ വാര്‍ത്താ അവതാരകന്‍ അറസ്റ്റില്‍

By admin Mar 18, 2022 #news
Keralanewz.com

നെയ്യാറ്റിന്‍കര: മതസ്പര്‍ധ വളര്‍ത്തുന്ന വീഡിയോ യൂട്യൂബ് ചാനല്‍ വഴി വാര്‍ത്തയായി അവതരിപ്പിച്ച അവതാരകന്‍ അറസ്റ്റില്‍. നെയ്യാറ്റിന്‍കര, മണലൂര്‍, കണിയാംകുളം, കുളത്തിന്‍കര വീട്ടില്‍നിന്ന് ഇരുമ്പിലിന് സമീപം വയലറത്തല വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ബാദുഷ ജമാല്‍ (32) ആണ് അറസ്റ്റിലായത്.


ഒരാഴ്ച മുന്‍പ് വഴിമുക്ക്, പച്ചിക്കോട്, നിസാം മന്‍സിലില്‍ നിസാം, ഭാര്യ ആന്‍സില, രണ്ടു വയസ്സുള്ള ഇവരുടെ മകന്‍ എന്നിവരെ സമീപവാസികള്‍ ആക്രമിച്ച സംഭവമുണ്ടായി. ഇതില്‍ നെയ്യാറ്റിന്‍കര പോലീസ് കേസ് എടുത്തെങ്കിലും പ്രതികളെ പിടികൂടിയിരുന്നില്ല. ഈ സംഭവത്തെ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ ഡെമോക്രസി എന്ന യൂട്യൂബ് ചാനല്‍ വഴി ബാദുഷ ജമാല്‍ പ്രചരിപ്പിച്ചുവെന്നാണ് പോലീസ് കണ്ടെത്തിയത്.
മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള വേറെയും വാര്‍ത്തകള്‍ പ്രതി യൂട്യൂബ് ചാനല്‍ വഴി നേരത്തേ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു. മാത്രവുമല്ല 2017ല്‍ പോലീസിന്റെ കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിച്ചതിന് ബാദുഷയുടെ പേരില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു.


ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. എസ്. ശ്രീകാന്ത്, സി.ഐ. വി.എന്‍. സാഗര്‍, എസ്.ഐ. ടി.പി. സെന്തില്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി നേരത്തേ ചില മാധ്യമങ്ങളിലെ പ്രാദേശിക ലേഖകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതി വാര്‍ത്ത പ്രചരിപ്പിക്കാനായി ഉപയോഗിച്ച കംപ്യൂട്ടര്‍ പോലീസ് പിടിച്ചെടുത്തു. മതസ്പര്‍ധ വളര്‍ത്തിയതിനും ഇലക്‌ട്രോണിക് മാധ്യമം ദുരുപയോഗം ചെയ്തതിനുമാണ് പോലീസ് കേസ് എടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

Facebook Comments Box

By admin

Related Post