Sat. Apr 27th, 2024

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില ജി. എസ്. ടി യുടെ പരിധിയിലാക്കണം: ഡോ. ബിജു കൈപ്പാറേടൻ

By admin Jul 3, 2021 #news
Keralanewz.com

ഇന്ധനവില നൂറു കടന്ന സാഹചര്യത്തിൽ പെട്രോളിന്റെയും ഡീസലിന്റെയും വില ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടുവരണമെന്ന് ജനതാ ദൾ (യു) സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ബിജു കൈപ്പാറേടൻ ആവിശ്യപ്പെട്ടു.

കേന്ദ്ര സംസ്ഥാന സർക്കാരുകളും GST കൗൺസിലും ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കണം.
സർക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സാണ് ഇന്ധന നികുതി. അത് പെട്ടെന്ന് വെട്ടിക്കുറയ്ക്കാൻ കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാർ ഇഷ്ടപ്പെടുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

എണ്ണവില ജി. എസ്. ടി പരിധിയിൽ കൊണ്ടുവരുന്നതിനെ എതിർക്കുമെന്നാണ് കേരള ധനമന്ത്രി പറയുന്നത്. എണ്ണ വിലക്ക് ജി.എസ്.ടി. ഏർപ്പെടുത്തിയാൽ പെട്രോൾ 75 രൂപയ്ക്കും ഡീസൽ 68 രൂപയ്ക്കും ലഭിക്കുമെന്ന് ബിജു കൈപ്പാറേടൻ ചൂണ്ടിക്കാട്ടി.

ഇന്ധന നികുതിയുടെ കാര്യത്തിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിപറഞ്ഞ് ജനങ്ങളെ പിഴിയുകയാണ്.

സംസ്ഥാനം ഈടാക്കുന്ന സെയിൽസ് ടാക്സ് കുറയ്ക്കാൻ സംസ്ഥാനങ്ങൾ തയ്യാറായാൽ എണ്ണവില കുറയുമെന്ന് കേന്ദ്രം പറയും. കേന്ദ്രം പിരിച്ചെടുക്കുന്ന എക്സയിസ് ഡ്യൂട്ടി കുറക്കാൻ സംസ്ഥാനങ്ങൾ തിരിച്ചു കേന്ദ്രത്തോടും പറയും.

2014 മുതൽ 2021 മാർച്ച് വരെയുള്ള ഏഴ് വർഷത്തിനിടയിൽ പെട്രോളിന്റെ വിലയിലുണ്ടായ വർദ്ധനവ് 258 ശതമാനവും ഡീസലിന്റേത് 828 ശതമാനവുമാണ്. വില വർദ്ധിക്കുമ്പോൾ നികുതിത്തുകയും നിശ്ചിത തോതനുസരിച്ച് ആപേക്ഷികമായി വർദ്ധിക്കും.

ആഗോള തലത്തിൽ ഇന്ധനവില കുറഞ്ഞാലും ഇന്ത്യയിലെ എണ്ണക്കമ്പിനികൾ ആ വിലക്കുറവ് നാട്ടുകാർക്കു നൽകുന്നില്ല. അവർ ദിവസം തോറും വില വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നിലവിലുള്ള നിയമപ്രകാരം സർക്കാരിന് ഇക്കാര്യത്തിൽ സമ്മർദ്ധം ചെലുത്താമെന്ന ല്ലാതെ നേരിട്ട് ഇടപെടാൻ ചട്ടങ്ങൾ അനുവദിക്കുന്നില്ല. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് വില വർദ്ധനവ് ഉണ്ടാകാതിരുന്നത് നാം കണ്ടതാണ്. കേന്ദ്രസർക്കാരും കമ്പിനികളും ഒരു ‘അഡ്ജസ്റ്റ്മെന്റി’ ലാണു നീങ്ങുന്നത് എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും. പക്ഷേ അതിനുള്ള ഇശ്ചാശക്തി കേന്ദ്രം കാണിക്കുന്നില്ല.

എക്സൈസ് ഡ്യൂട്ടി പിരിക്കുന്നത് കേന്ദ്രമായതിനാൽ സംസ്ഥാനങ്ങൾ പുറമെയ്ക്ക് കേന്ദ്രത്തെ കുറ്റപ്പെടുത്തുമെങ്കിലും യഥാർത്ഥത്തിൽ കേന്ദ്രം പിരിക്കുന്ന എക്സൈസ് ഡ്യൂട്ടിയിൽ നിന്ന് 41 ശതമാനം സംസ്ഥാനങ്ങൾക്ക് തിരികെ ലഭിക്കുന്നുണ്ട്. സംസ്ഥാനം പിരിക്കുന്ന വൻ വിൽപ്പന നികുതിയ്ക്കു പുറമേയാണിത്.

ചുരുക്കത്തിൽ ഇന്ധന നികുതിയിൽ നിന്നുള്ള മുഖ്യ വരുമാനക്കാരൻ സംസ്ഥാനവും രണ്ടാം വരുമാനക്കാരൻ കേന്ദ്രവുമാണ്. നിലവിലെ നികുതി ഘടന സംസ്ഥാനങ്ങൾക്ക് ലോട്ടറിയാണെന്നർത്ഥം. പക്ഷേ ഈ വസ്തുത സംസ്ഥാനങ്ങൾ പരസ്യമായി അംഗീകരിക്കാറില്ല.

പെട്രോളിയം ഉൽപ്പന്നങ്ങളെ ജി.എസ്.ടിയുടെ പരിധിയിലാക്കിയാൽ സംസ്ഥാനങ്ങൾക്ക് വിൽപ്പന നികുതി ഈടാക്കാനാവില്ല. തന്നെയുമല്ല എണ്ണക്ക് കമ്പിനിവിലയുടെ 28 ശതമാനം മാത്രമേ GST യായി ഈടാക്കാൻ കഴിയുകയുള്ളു. അതാകട്ടെ ഇരു കൂട്ടരും തുല്യമായി വീതിക്കേണ്ടിയും വരും. അതോടെ സംസ്ഥാനങ്ങളുടെ നിലവിലുള്ള വരുമാന മേൽക്കോയ്മ നഷ്ടപ്പെടും. അതാണ് ഇക്കാര്യത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ GST വിരുദ്ധ നിലപാടിനു കാരണം.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഈ ഇരട്ടത്താപ്പിനെ അന്ധമായി പിന്തുണക്കുന്ന എല്ലാവരും ഇക്കാര്യം മനസ്സിലാക്കണമെന്ന് ഡോ. കൈപ്പാറേടൻ ആവശ്യപ്പെട്ടു.

Facebook Comments Box

By admin

Related Post