എന്നെ ദ്രോഹിച്ചതും സ്വന്തം പാര്‍ട്ടിക്കാര്‍, പരാതി പറഞ്ഞിട്ടും നടപടിയില്ല: മനസ് മടുത്തെന്ന് പദ്മജ വേണുഗോപാല്‍
തൃശൂര്‍: പാര്‍ട്ടിയോടുള്ള അതൃപ്തി വ്യക്തമാക്കി കെപിസിസി ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് വനിതാ വിഭാഗം നേതാവുമായ പദ്മജ വേണുഗോപാല്‍.
തന്നെ ദ്രോഹിച്ചത് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണെന്നും പരാതി പറഞ്ഞിട്ടും ഇവര്‍ക്കെതിരെ നടപടി ഉണ്ടായില്ലെന്നും പദ്മജ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ചില കാര്യങ്ങള്‍ താന്‍ തുറന്നു പറയുമെന്നും തന്റെ മനസ് വല്ലാതെ മടുത്തിരിക്കുന്നുവെന്നും പദ്മജ വേണുഗോപാല്‍ പറഞ്ഞു.
മുന്‍മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളാണ് പദ്മജ വേണുഗോപാല്‍. 2004ല്‍ മുകുന്ദപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നു മത്സരിച്ച പത്മജ, ലോനപ്പന്‍ നമ്ബാടനോട് പരാജയപ്പെട്ടു. 2016ല്‍ പത്മജ തൃശൂരില്‍നിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ചുവെങ്കിലും എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന വിഎസ് സുനില്‍കുമാറിനോട് പരാജയപ്പെട്ടു. 2021ല്‍ തൃശൂരില്‍ നിന്ന് മത്സരിച്ചെങ്കിലും ജയിക്കാന്‍ സാധിച്ചില്ല.
പദ്മജയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
എനിക്കും ചില കാര്യങ്ങള്‍ പറയാന്‍ ഉണ്ട്.. പക്ഷെ എന്നും അച്ചടക്കം ഉള്ള ഒരു പ്രവര്‍ത്തകയാണ് ഞാന്‍.. പക്ഷേ പറയേണ്ടത് നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്, ഇപ്പോഴും പറഞ്ഞിട്ടുണ്ട് എന്തെങ്കിലും നല്ലത് നടക്കുമോ എന്നറിയട്ടെ.. എന്റെ സഹോദരന്‍ എന്തു തോന്നിയാലും അത് പരസ്യമായി പറയും..
പരസ്യമായി പറയുന്നതാണോ നല്ലത് അതോ ഇത്രയും നാള്‍ ഞാന്‍ പാര്‍ട്ടിവേദികളില്‍ പറഞ്ഞ രീതി ആണോ നല്ലത്? എന്തു വേണമെന്ന ആലോചനയിലാണ് ഞാന്‍.. ഇനിയെങ്കിലും ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞില്ലെങ്കില്‍ അത് ശരിയല്ല എന്ന് എനിക്ക് തോന്നുന്നു.. ചില സത്യങ്ങള്‍ കൈപ്പ് ഏറിയതാണ് ..
എന്നെ സഹായിച്ചതും ദ്രോഹിച്ചതും എന്റെ പാര്‍ട്ടിക്കാര്‍ തന്നെയാണ്.. എന്നെ ദ്രോഹിച്ച പാര്‍ട്ടിക്കാര്‍ക്കെതിരെ പരാതി പറഞ്ഞിട്ടും ഒരു പരിഹാരവും ഉണ്ടായില്ല…എന്റെ മനസ്സ് വല്ലാതെ മടുത്തിരിക്കുന്നു