Sun. May 5th, 2024

നിയന്ത്രണം വിട്ട കാര്‍ കൊക്കയിലേക്ക് മറിഞ്ഞു; സിനിമ-സീരിയല്‍ താരം അനു നായര്‍ക്കും സുഹൃത്തിനും പരിക്ക്; സഹായമായത് മലക്കപ്പാറയിലേക്ക് പോയ വിനോദസഞ്ചാരികള്‍

By admin Aug 14, 2022 #news
Keralanewz.com

തൃശൂര്‍: ആനമല റോഡില്‍ പത്തടിപ്പാലത്തിന് സമീപം നിയന്ത്രണംവിട്ട കാര്‍ 50 അടി താഴ്ചയുള്ള കൊക്കയിലേക്ക് പലവട്ടം തലകീഴായി മറിഞ്ഞെങ്കിലും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

എറണാകുളം സ്വദേശിയായ സിനിമ- സീരിയല്‍ താരം അനു നായര്‍, സുഹൃത്ത് അഞ്ജലി എന്നിവര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കാറിനുള്ളിലെ എയര്‍ബാഗ് സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിച്ചതുകൊണ്ടാണ് യാത്രക്കാര്‍ രക്ഷപെട്ടതെന്നാണ് നിഗമനം

മലക്കപ്പാറയില്‍ നിന്ന് ചാലക്കുടിയിലേക്ക് വരികയായിരുന്ന കാര്‍ റോഡിലെ കല്ലില്‍ കയറി താഴേക്ക് മറിയുകയായിരുന്നു. കാര്‍ പലതവണ കരണം മറിഞ്ഞ് ഒരു മരത്തില്‍ തട്ടിനിന്നു. കാറില്‍ നിന്ന് പുറത്തിറങ്ങിയ ഇവര്‍ ഏറെ ബുദ്ധിമുട്ടി കൊക്കയില്‍ നിന്ന് റോഡിലേക്ക് കയറുകയായിരുന്നു. തുടര്‍ന്ന് മലക്കപ്പാറയിലേക്ക് പോയ വിനോദസഞ്ചാരികളുടെ വാഹനത്തില്‍ കയറി മലക്കപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെത്തി വനപാലകരെ വിവരമറിയിച്ചു. വനപാലകര്‍ ഇവര്‍ക്ക് പ്രഥമശുശ്രൂഷയും ഭക്ഷണവും നല്‍കി തിരികെ പോകുന്നതിനായി ജീപ്പും

സംഘടിപ്പിച്ചു നല്‍കി.

ആനമലറോഡില്‍ അമ്ബലപ്പാറ മുതല്‍ മലക്കപ്പാറ വരെ പണിക്കായി റോഡ് പൊളിച്ചിട്ടിരിക്കുന്നതിനാല്‍ നിരവധി അപകടങ്ങള്‍ ഇവിടെ ഉണ്ടാകുന്നുണ്ട്. കൊക്കയിലേക്ക് മറിഞ്ഞ കാറില്‍ നിന്ന് ഏറെ ബുദ്ധിമുട്ടിയാണ് യാത്രക്കാര്‍ പുറത്തിറങ്ങിയത്. റോഡില്‍ ഈ സമയത്ത് തിരക്ക് കുറവായിരുന്നത് കാരണം കാര്‍ അപകടത്തില്‍പ്പെടുന്നത് ആരുടേയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.

റോഡില്‍ നിന്ന് നോക്കിയാല്‍ കൊക്കയിലേക്ക് വീണ കാര്‍ കാണാന്‍ കഴിയുന്ന അവസ്ഥയിലുമായിരുന്നില്ല. മലക്കപ്പാറയിലേക്ക് പോയ വിനോദസഞ്ചാരികളുടെ വാഹനത്തിലാണ് ഇവര്‍ പിന്നീട് ഫോറസ്റ്റ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചത്

Facebook Comments Box

By admin

Related Post