Kerala News

മലപ്പുറത്ത് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്ന് വീണ് അപകടം; നൂറിലധികം പേര്‍ക്കു പരുക്ക്

Keralanewz.com

മലപ്പുറം: കാളികാവ് പൂങ്ങോട് എല്‍പി സ്‌കൂള്‍ മൈതാനിയില്‍ അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണു. അപകടത്തില്‍ കളി കാണാനെത്തിയ നൂറിലേറെ പേര്‍ക്കു പരിക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ശനിയാഴ്ച രാത്രിയാണ് അപകടം. ഉള്‍ക്കൊള്ളാവുന്നതിലുമധികം കാണികള്‍ ഗ്യാലറിയില്‍ ഉണ്ടായിരുന്നു. എണ്ണായിരത്തോളം പേര്‍ ടൂര്‍ണമെന്റ് കാണാനെത്തിയതായാണ് വിവരം.


മലപ്പുറത്തെ ഏറ്റവും പ്രശസ്തമായ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ആയത് കൊണ്ട് തന്നെ ഫൈനല്‍ മത്സരം കാണാന്‍ ധാരാളം പേര്‍ എത്തിയിരുന്നു. ഫൈനല്‍ മത്സരത്തിന് തൊട്ടു മുമ്പാണ് ഗ്യാലറി തകര്‍ന്ന് വീണത്. കിഴക്ക് വശത്ത് മാത്രം മൂവായിരത്തോളം ആളുകള്‍ ഉണ്ടായിരുന്നു എന്നാണ് വിവരം.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയിലുണ്ടായ ബലക്ഷയമാണ് ഗ്യാലറി തകര്‍ന്നുവീഴാന്‍ ഇടയാക്കിയതെന്നാണ് കരുതുന്നത്. പരിക്കേറ്റവരില്‍ കുട്ടികളുള്‍പ്പെടെയുള്ളവര്‍ ഉണ്ട്. പരിക്കേറ്റവരില്‍ പകുതിയില്‍ അധികം പേരെയും പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. ബാക്കിയുള്ളവരെ പെരിന്തല്‍മണ്ണയിലേയും മഞ്ചേരി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഗ്യാലറിയില്‍ കൊള്ളാവുന്നതിലും കൂടുതല്‍ പേരെ പ്രവേശിപ്പിച്ച സംഘാടകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മലപ്പുറം എസ് പി പറഞ്ഞു. അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ആളുകളെത്തി നിയന്ത്രിക്കാന്‍ കഴിയാത്ത ഒരു സാഹചര്യം ഉണ്ടാവുകയും നേരത്തെ നിശ്ചയിച്ചതിന് മുമ്പ് തന്നെ മത്സരം തുടങ്ങാനിരിതക്കെയാണ് അപകടം സംഭവിച്ചതെന്നും സംഘാടകര്‍ പറഞ്ഞു

Facebook Comments Box