Sun. May 5th, 2024

കുപ്പിവെള്ളത്തിന് അമിത വില ഈടാക്കിയാല്‍ അധികൃതര്‍ ‘വെള്ളംകുടിപ്പിക്കും’

By admin Apr 2, 2022 #news
Keralanewz.com

പൊതുജനങ്ങള്‍ക്ക്പരാതി നല്‍കാം 8281698086 .

‘ജാഗ്രത ഡ്രൈവ് ‘ പരിശോധന ആരംഭിച്ചു.

പാലക്കാട്: വേനല്‍ കടുത്തതോടെ കടകളില്‍ വില്‍ക്കുന്ന കുപ്പിവെള്ളത്തിന് മാക്സിമം റീട്ടെയില്‍ പ്രൈസില്‍ (എം.ആര്‍.പി) കൂടുതല്‍ വില ഈടാക്കിയാല്‍ ഇനി നടപടി. ഇതിന്റെ ഭാഗമായി ജില്ലയില്‍ ലീഗല്‍മെട്രോളജി വകുപ്പിന്റെ നേതൃത്വത്തില്‍ ‘ജാഗ്രത ഡ്രൈവ് ‘ പരിശോധന ആരംഭിച്ചു. പലകടകളിലും തണുപ്പിച്ച കുപ്പിവെള്ളത്തിന് എം.ആര്‍.പിയില്‍ കൂടുതല്‍ വില ഈടാക്കുന്നതായും എം.ആര്‍.പി രേഖപ്പെടുത്താത്തതുമുള്ള പരാതിയെ തുടര്‍ന്നാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. ഒരുലിറ്റര്‍ കുപ്പിവെള്ളത്തിന് ഏത് കമ്ബനിയുടേതായാലും 20 രൂപയാണ് പരമാവധി ഈടാക്കുന്ന വില. എന്നാല്‍ തണുപ്പിച്ച വെള്ളത്തിന് 25 രൂപവരെ ഈടാക്കുന്നതായാണ് പരാതി. ഇതിന്റെ ഭാഗമായാണ് ജില്ലയില്‍ ആറ് താലൂക്കുകള്‍ കേന്ദ്രീകരിച്ച്‌ ഒരോ സ്ക്വാഡുകളുടെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നത്. ഓഫീസ് ഇന്‍സ്പെക്ടറും രണ്ട് അസി.ഇന്‍സ്പെക്ടറും ഉള്‍പ്പെടെ മൂന്ന് പേരാണ് ഒരു സ്ക്വാഡിലുള്ളത്. വേനല്‍ കടുത്തതോടെ അതിര്‍ത്തിപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്‌ തമിഴ്നാട്ടില്‍ നിന്നുള്ള വിവിധ കമ്ബനികളുടെ പേരില്‍ വലിയ തോതിലാണ് കുപ്പിവെള്ളം വിപണിയിലെത്തിക്കുന്നത്. അതിനാല്‍ പരാതികളുണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്ക് ജില്ലാ ലീഗല്‍മെട്രോളജി വകുപ്പിന്റെ 8281698086 എന്ന നമ്ബറില്‍ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.

ഒരു ലിറ്ററിന്റെ കുപ്പിയില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ കൂടുതല്‍ വില വാങ്ങിയാല്‍ 5000 രൂപ പിഴ ഈടാക്കുകയും സ്ഥാപനത്തിനെതിരെയും മാനുഫാക്ച്ചറിംഗ് യൂണിറ്റിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്യും. ജാഗ്രത ഡ്രൈവിന്റെ ഭാഗമായി ജില്ലയിലെ 4000 കടകള്‍ പരിശോധിച്ച്‌ ഏപ്രില്‍ 30നുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. നിലവില്‍ 250 കടകളില്‍ പരിശോധന പൂര്‍ത്തിയാക്കി. ഇതുവരെ കാര്യമായ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.

ജില്ലാ ലീഗല്‍ മെട്രോളജി വകുപ്പ്, പാലക്കാട്.

ഗുണനിലവാര പരിശോധനയും ശക്തം

വിതരണം ചെയ്യുന്ന വെള്ളം ശുദ്ധമാണോയെന്ന് അറിയാനായി ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. വെള്ളത്തിന്റെ മൈക്രോബയോളജി സാബിള്‍ എടുത്താണ് പരിശോധന. ടാങ്കര്‍ ലോറികളിലെ കുടിവെള്ളത്തിനു പുറമെ, ജ്യൂസ് കടകള്‍, ഹോട്ടലുകള്‍, മറ്റ് പാനീയങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയിലാണ് വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് ജില്ലയില്‍ പരിശോധന ആരംഭിച്ചിരിക്കുന്നത്. ജലവിതരണം ചെയ്യുമ്ബോള്‍ രജിസ്‌ട്രേഷന്‍ നമ്ബറും ലൈസന്‍സും വാഹനത്തില്‍ സൂക്ഷിക്കണം. കൂടാതെ വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ചതിന്റെ സര്‍ട്ടിഫിക്കറ്റും ഉണ്ടാകണം. വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഇല്ലെന്ന് കണ്ടെത്തിയാല്‍ വിതരണം നിര്‍ത്തിവയ്ക്കും.
വി.കെ.പ്രദീപ് കുമാര്‍, ഫുഡ് സേഫ്റ്റി അസി. കമ്മിഷണര്‍

Facebook Comments Box

By admin

Related Post