Kerala News

എം.ജി സർവകലാശാലയുടെ ഫീസ് രസീതിൽ കൃത്രിമം കാട്ടി വ്യാജരേഖ നൽകി ബി.കോം വിദ്യാർഥിനിയെ കബളിപ്പിച്ച കേസിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന ഉടമ അറസ്റ്റിൽ

Keralanewz.com

അടിമാലിയിലെ എയ്ഞ്ചലീസ അക്കാദമി ഉടമ അടിമാലി നിരപ്പേൽ സാബുവിനെയാണ് (50) പോലീസ് അറസ്റ്റ് ചെയ്തത്.

വെള്ളത്തൂവൽ ശെല്യാംപാറ സ്വദേശിയായ വിദ്യാർഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്​ അറസ്റ്റ്​. ഇത് മൂലം പെൺകുട്ടിയുടെ ഒരു അധ്യയന വർഷം നഷ്ടമായിരുന്നു. ബി.കോം ഫസ്റ്റ് ക്ലാസിൽ പാസായ വിദ്യാർഥിനി സാബുവിൻറെ സ്ഥാപനത്തിൽ ബി.കോം -കോഓപറേഷൻ പരീക്ഷ എഴുതാൻ കഴിഞ്ഞ അധ്യയന വർഷം മുതൽ ഫീസ് അടച്ച് പഠനം തുടങ്ങിയിരുന്നു. കഴിഞ്ഞ ഏപ്രിൽ 29നായിരുന്നു പരീക്ഷ. എന്നാൽ, അപേക്ഷ വൈകി ലഭിച്ചതിനാൽ പരീക്ഷ എഴുതാൻ കഴിയില്ലെന്ന അറിയിപ്പാണ്​ 26ന് വിദ്യാർഥിനിക്ക് സർവകലാശാലയിൽനിന്ന്​​ ലഭിച്ചത്. നേരിട്ട്​ അന്വേഷിച്ചപ്പോഴാണ്​ പരീക്ഷക്ക്​ തൻറെ പേര് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് വിദ്യാർഥിനി അറിയുന്നത്. എന്നാൽ, തൻറെ പേരിൽ ഫീസ് അടച്ചതിൻറെ രസീത്​ കൈവശമുണ്ടെന്ന്​ സർവകലാശാല അധികൃതരെ അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഫീസ് രസീതിൽ സാബു കൃത്രിമം നടത്തിയതായി കണ്ടെത്തിയത്​.

മറ്റൊരാളുടെ രസീതിൽ ഈ വിദ്യാർഥിനിയുടെ പേരുചേർത്ത് ഫീസ് അടച്ചിട്ടുണ്ടെന്ന് സാബു പെൺകുട്ടിയെ വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്നാണ് അടിമാലി പൊലീസിൽ പരാതി നൽകിയത്. കേസ് രജിസ്റ്റർ ചെയ്ത്​ അന്വേഷണം നടത്തി വരവേ ഇയാൾ കോടതിയെ സമീപിച്ചിരുന്നതായി അടിമാലി എസ്.എച്ച്.ഒ സുധീർ പറഞ്ഞു. കോടതി നിർദേശത്തെ തുടർന്ന് സ്റ്റേഷനിൽ ഹാജരായ പ്രതിയുടെ അറസ്റ്റ്​ രേഖപ്പെടുത്തുകയായിരുന്നു

Facebook Comments Box