Mon. May 20th, 2024

മീനച്ചിൽ റിവർവാലി പദ്ധതി: ഒത്തുപിടിച്ചാൽ വൈദ്യുതിയും കിട്ടും

By admin Jun 11, 2022 #news
Keralanewz.com

കോട്ടയം ; ജലസേചനത്തിനും കുടിവെള്ളത്തിനുമായി വിഭാവനം ചെയ്തിട്ടുള്ള മീനച്ചിൽ റിവർവാലി പദ്ധതിയിൽ നിന്ന് കുറഞ്ഞത് അഞ്ച് മെഗാവാട്ട് വൈദ്യുതിയും ഉത്പാദിപ്പിക്കാമെന്ന് കണ്ടെത്തൽ. മൂലമറ്റം പവർഹൗസിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ചശേഷമുള്ള വെള്ളം എത്തിച്ച് വർഷം മുഴുവൻ മീനച്ചിലാറിൽ ഒഴുക്ക് നിലനിറുത്തുന്നതു ലക്ഷ്യമിട്ടാണ് മീനച്ചിൽ റിവർവാലി പദ്ധതി ആസൂത്രണം ചെയ്യുന്നത്. എന്നാൽ ഈ വെള്ളം ഒഴുക്കി മൂന്നിലവിൽ എത്തിച്ചാൽ അഞ്ചു കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാമെന്നാണ് പ്രമുഖ എനർജി കൺസർവേറ്ററും ഈരാറ്റുപേട്ട മുൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുമായ ഉണ്ണികൃഷ്ണൻനായരുടെ കണ്ടെത്തൽ

ഒരു സെക്കന്റിൽ 20000-25000 ലിറ്റർ വെള്ളമാണ് മൂലമറ്റത്തെ വൈദ്യുതി ഉത്പാദനത്തിനു ശേഷം പുറത്തേക്ക് ഒഴുക്കുന്നത്. ഇത് പ്രയോജനമില്ലാതെ മൂവാറ്റുപുഴ ആറിലൂടെ വേമ്പനാട്ടുകായൽ വഴി കടലിൽ ചേരുകയാണ്. എന്നാൽ ഈ വെള്ളം ഈരാറ്റുപേട്ട മൂന്നിലവിൽ നിന്ന് തുരങ്കം വഴി കാഞ്ഞാറിൽ എത്തിച്ചശേഷം തടയണ നിർമിച്ച് വൈദ്യുതി ഉത്പാദനത്തിനു പ്രയോജനപ്പെടുത്താമെന്നാണ് ഉണ്ണികൃഷ്ണൻനായർ പറയുന്നത്. മൂലമറ്റം പവർഹൗസിന് 140 മീറ്റർ ഉയരവും മൂന്നിലവിൽ 50 മീറ്റർ ഉയരവുമുണ്ട്. അതിനാൽ തുരങ്കം വഴി എത്തുന്ന വെള്ളത്തിന്റെ ശക്തി കുറയില്ല. വൈദ്യുതി ഉത്പാദനംവച്ചു നോക്കുമ്പോൾ തുരങ്കത്തിന്റെയും തടയണയുടെയും ചെലവ് മറി കടക്കാനാവും

വൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ വെള്ളമെത്തുന്ന തുരങ്കവും തടയണവും പരിസ്ഥിതിദോഷകരമല്ലാത്തതിനാൽ എതിർപ്പിനും ഇടയില്ല. ജലസേചനത്തിനും കുടിവെള്ളത്തിനും കൂടുതൽ സഹായകമാവുകയും ചെയ്യും.മൂലമറ്റം പവർ ഹൗസിൽ നിന്നുള്ള വെള്ളം വൈക്കം വടയാർ വഴി മീനച്ചിലാറിൽ എത്തിച്ച് വർഷം മുഴുവൻ ഒഴുക്ക് നിലനിറുത്തുന്ന കുട്ടനാട് വാട്ടർ സ്കീം വർഷങ്ങൾക്ക് മുമ്പ് വിരമിച്ച ചീഫ് എൻജിനീയർ പി.എച്ച് വൈദ്യനാഥൻ വിഭാവനം ചെയ്തിരുന്നുവെങ്കിലും പല കാരണങ്ങളാൽ നടന്നില്ല


സ്വന്തമായി ജലസേചന പദ്ധതികൾ ഇല്ലാത്ത സംസ്ഥാനത്തെ ഏക ജില്ലയായ കോട്ടയത്തിനായി വർഷങ്ങൾക്കു മുന്നേ വിഭാവനം ചെയ്ത മീനച്ചിൽ റിവർ വാലി പദ്ധതി നടപ്പാക്കുവാൻ നിരവധി തവണ ശ്രമം ഉണ്ടായി എങ്കിലും രാഷ്ട്രീയ എതിർപ്പു കൊണ്ടു മാത്രം ഇല്ലാതാക്കിയതാണെന്ന് മീനച്ചിൽ റിവർ വാലി ആക്ഷൻ കൗൺസിൽ ചെയർമാൻ ജയ്സൺമാന്തോട്ടം പറഞ്ഞു. വേനലിൽ കരിഞ്ഞുണങ്ങുന്ന വിറ്റവരളുന്ന മീനച്ചിൽ നദീതടത്തെ നീരണിയിക്കുവാൻ ഈ പദ്ധതി കൊണ്ടു മാത്രമെ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു


മീനച്ചിൽ റിവർവാലി പദ്ധതിയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആറംഗ സമിതിയെ നിയോഗിച്ചതോടെ പദ്ധതി യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷ വീണ്ടും ഉയർന്നിട്ടുണ്ട്. മീനച്ചിൽ പദ്ധതിയുടെ ഉപജ്ഞാതാവായ കെ.എം.മണിയുടെ ഈ സ്വപ്ന പദ്ധതി പ്രിയശിഷ്യൻ മന്ത്രി റോഷി അഗസ്റ്റിൻ ഇതൊരു അഭിമാന പദ്ധതിയായി ഏറ്റെടുത്ത് ഇപ്രാവശ്യം പൂർത്തിയാക്കുമെന്നാണ് ജനങ്ങൾ കരുതുന്നത്.
ഇടുക്കി രണ്ടാം പ്രൊജക്ട് സാദ്ധ്യമാക്കണമെങ്കിൽ അധികജലം ഒഴുക്കിവിടാൻ മാർഗ്ഗം കണ്ടെത്തിയേ തീരൂ. ഇതാണ് ഇപ്പോൾ മീനച്ചിലിന് ഗുണമായി തീരുന്നത്-

Facebook Comments Box

By admin

Related Post