Thu. Mar 28th, 2024

ഓമിക്രോൺ; എറണാകുളം സ്വദേശിയുടെ അമ്മയ്ക്കും ഭാര്യക്കും കോവിഡ്; എത്തിഹാദ്‌ വിമാനത്തിലുണ്ടായിരുന്ന 149 യാത്രക്കാരെയും വിവരം അറിയിച്ചു

By admin Dec 13, 2021 #news
Keralanewz.com

കൊച്ചി/തിരുവനന്തപുരം/പത്തനംതിട്ട: തീവ്രവ്യാപനശേഷിയുള്ളതെന്നു ലോകം ആശങ്കപ്പെടുന്ന കൊറോണ വൈറസ്‌ വകഭേദമായ ഓമിക്രോണ്‍ കേരളത്തിലുമെത്തി. കഴിഞ്ഞ ആറിനു യു.കെയില്‍നിന്ന്‌ അബുദാബി വഴി കൊച്ചിയിലെത്തിയ എറണാകുളം സ്വദേശിയിലാണ്‌ ഓമിക്രോണ്‍ സ്‌ഥിരീകരിച്ചത്‌.
ഇദ്ദേഹത്തിന്റെ അമ്മയെയും ഭാര്യയെയും കോവിഡ്‌ പോസിറ്റീവാണെന്നു കണ്ടെത്തി ആശുപത്രിയിലേക്കു മാറ്റി. വൈറസിന്റെ ജനിതകഘടനാ പരിശോധനയുടെ ഫലം കാത്തിരിക്കുന്നു. മൂന്നു പേരുടെയും ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌ അറിയിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യാമാതാവ്‌ നിരീക്ഷണത്തിലാണ്‌.


കൊച്ചിയിലെത്തിയപ്പോള്‍ ആദ്യം നടത്തിയ പരിശോധനയില്‍ കോവിഡ്‌ നെഗറ്റീവായിരുന്നു. എട്ടിനു നടത്തിയ പരിശോധനയുടെ ഫലം പോസിറ്റീവായി. തുടര്‍ന്നു രക്‌തസാമ്പിളെടുത്ത്‌ തിരുവനനന്തപുരം രാജീവ്‌ ഗാന്ധി ബയോടെക്‌നോളജി സെന്ററിലും ഡല്‍ഹിയിയിലും വൈറസിന്റെ ജനിതകഘടന പരിശോധിച്ചപ്പോഴാണ്‌ ഓമിക്രോണാണെന്നു തിരിച്ചറിഞ്ഞത്‌.


ഇദ്ദേഹമെത്തിയ എത്തിഹാദ്‌ വിമാനത്തിലുണ്ടായിരുന്ന 149 യാത്രക്കാരെയും വിവരമറിയിക്കുകയും മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്‌തിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. തൊട്ടടുത്തുള്ള സീറ്റുകളില്‍ (26 മുതല്‍ 32 വരെ) സീറ്റുകളിലിരുന്നവരെ ഹൈ റിസ്‌ക്‌ കാറ്റഗറിയില്‍പ്പെടുത്തി ക്വാറന്റൈന്‍ ചെയ്‌തു. കേന്ദ്ര മാനദണ്ഡമനുസരിച്ച്‌ തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രി വീണ പറഞ്ഞു.
ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി സ്‌ഥീരികരിച്ച ഓമിക്രോണ്‍ പിന്നീടു പല രാജ്യങ്ങളിലേക്കും പടര്‍ന്നതായി കണ്ടെത്തിയിരുന്നു. ഇന്ത്യയില്‍ കര്‍ണാടകയിലും മഹാരാഷ്‌ട്രയിലും നേരത്തേ ഒമിക്രോണ്‍ സ്‌ഥിരീകരിച്ചിരുന്നു. വിദേശത്തുനിന്നു വരുന്നവരെ വിമാനത്താവളം മുതല്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന്‌ ആരോഗ്യമന്ത്രി പറഞ്ഞു. രോഗബാധിതരെ എത്രയും വേഗം കണ്ടെത്തി വിദഗ്‌ധ ചികിത്സ ഉറപ്പാക്കാനും രോഗവ്യാപനം തടയാനുമുള്ള നടപടിയാണു സ്വീകരിക്കുന്നത്‌.
വിദേശത്തുനിന്ന്‌ എത്തുന്നവരില്‍ കോവിഡ്‌ പോസിറ്റീവാകുന്നവരെ ആശുപത്രികളിലെ പ്രത്യേക വാര്‍ഡിലേക്കും റിസ്‌ക്‌ രാജ്യങ്ങളില്‍നിന്നു വരുന്നവരില്‍ നെഗറ്റീവാകുന്നവരെ ഹോം ക്വാറന്റൈലേക്കുമാണ്‌ അയയ്‌ക്കുന്നത്‌.

അല്ലാത്തവര്‍ക്ക്‌ സ്വയം നിരീക്ഷണമാണ്‌. ഹൈ റിസ്‌ക്‌ രാജ്യങ്ങളില്‍നിന്നു വരുന്നവരില്‍ ആര്‍.ടി.പി.സി.ആര്‍. പോസിറ്റീവാകുന്നവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്‌ക്ക്‌ അയയ്‌ക്കും

Facebook Comments Box

By admin

Related Post