Tue. Apr 23rd, 2024

നിയമസഭ കയ്യാങ്കളി കേസ് ഇന്ന് സുപ്രിംകോടതിയിൽ

By admin Jul 5, 2021 #news
Keralanewz.com

നിയമസഭ കയ്യാങ്കളി കേസ് ഇന്ന് സുപ്രിംകോടതിയിൽ. കേസ്‌ പിൻവലിക്കാൻ അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെയും, ആറ് ഇടത് നേതാക്കളുടെയും അപ്പീൽ കോടതി പരിഗണിക്കും. ഹൈക്കോടതിയുടെ പ്രതികൂല ഉത്തരവും, തിരുവനന്തപുരം സിജെഎം കോടതിയിലെ വിചാരണ നടപടികളും സ്റ്റേ ചെയ്യണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടും. അതേസമയം, തന്റെ വാദം കേൾക്കാതെ തീരുമാനമെടുക്കരുതെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച തടസഹർജിയും കോടതിക്ക് മുന്നിലെത്തും.

ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നിയമസഭ കയ്യാങ്കളി കേസ് പരിഗണിക്കുന്നത്. സംസ്ഥാന സർക്കാരും, പ്രതിപ്പട്ടികയിലുള്ള മന്ത്രി വി ശിവൻകുട്ടി, മുൻമന്ത്രി ഇപി ജയരാജൻ, മുൻമന്ത്രിയും നിലവിൽ എംഎൽഎയുമായ കെടി ജലീൽ, മുൻ എംഎൽഎമാരായ സികെ സദാശിവൻ, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവരുമാണ് അപ്പീലുമായി സുപ്രിംകോടതിയെ സമീപിച്ചത്. കേസ് പിൻവലിക്കാൻ മുന്നോട്ടുവച്ച വാദങ്ങൾ കേരള ഹൈക്കോടതി കണക്കിലെടുത്തില്ലെന്നാണ് അപ്പീലിലെ പരാതി.

നിയമസഭ സമ്മേളനത്തിനിടെ നടന്ന സംഭവത്തിൽ കേസെടുക്കണമെങ്കിൽ സ്പീക്കറുടെ അനുമതി അനിവാര്യമാണ്. അനുമതിയില്ലാതെ എഫ്ഐആർ രജിസ്റ്റർ ചെയ്തത് തെറ്റായ നടപടിയാണെന്നും, സഭയുടെ സവിശേഷാധികാരം നിലനിർത്താൻ കൂടിയാണ് കേസ് പിൻവലിക്കാനുള്ള തീരുമാനമെന്നും അപ്പീലിൽ സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി. എംഎൽഎമാരെന്ന നിലയിൽ നിയമസഭയിൽ പ്രതിഷേധം നടത്തിയതിന് ഭരണഘടനയുടെ സംരക്ഷണമുണ്ടെന്ന് ഇടത് നേതാക്കളും വാദിക്കുന്നു. വിചാരണനടപടികളുടെ അടക്കം സ്റ്റേ ആവശ്യത്തിൽ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. അപ്പീലിനെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എതിർക്കും

Facebook Comments Box

By admin

Related Post