Fri. Mar 29th, 2024

മുണ്ടക്കയം ബിവറേജസ് വില്‍പ്പനശാലയില്‍ നിന്ന് ആയിരം ലിറ്ററില്‍ അധികം മദ്യം കടത്തി

By admin Jun 16, 2021 #news
Keralanewz.com

കോട്ടയം: ലോക്ഡൗണ്‍ സമയത്ത് മുണ്ടക്കയം ബിവറേജസ് വില്‍പ്പനശാലയില്‍ നിന്ന് ആയിരം ലിറ്ററില്‍ അധികം മദ്യം കടത്തിയതായി കണ്ടെത്തി. കഴിഞ്ഞ ദിവസം നടന്ന കണക്കെടുപ്പിലാണ് എക്‌സൈസ് വ്യാപക തിരിമറി കണ്ടെത്തിയത്. സ്റ്റോക്കില്‍ പത്ത് ലക്ഷത്തിലധികം രൂപയുടെ കുറവ് ഉണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി. സംഭവത്തില്‍ എക്‌സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അടുത്തിടെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴാണ് മുണ്ടക്കയത്തെ ഔട്ട്‌ലെറ്റില്‍ നിന്ന് ജീവനക്കാര്‍ മദ്യം കടത്തിയത്. പ്രദേശത്ത് വ്യാപകമായി വിദേശമദ്യം കിട്ടുന്നുവെന്ന് എക്‌സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. മുണ്ടക്കയം ബിവറേജസ് ഔട്ട്ലെറ്റില്‍ നിന്നും ചില ജീവനക്കാരുടെ ഒത്താശയില്‍ മദ്യം പുറത്തെത്തിച്ച് വില്‍പന നടത്തുന്നു എന്നായിരുന്നു വിവരം. തുടര്‍ന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എ. സുല്‍ഫിക്കര്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഇതിന് പിന്നാലെ ഔട്ട്ലെറ്റ് സീല്‍ ചെയ്ത് ജീവനക്കാരില്‍ നിന്നും മൊഴിയെടുത്തു. ബിവറേജസ് കോര്‍പ്പറേഷന്‍ ഓഡിറ്റ് വിഭാഗവും എക്‌സൈസും ചേര്‍ന്ന് സ്റ്റോക്ക് പരിശോധിച്ചപ്പോളാണ് ജീവനക്കാരുടെ വെട്ടിപ്പ് വ്യക്തമായത്.

ആയിരം ലിറ്ററിലധികം മദ്യം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തല്‍. വെയര്‍ഹൗസില്‍ നിന്നും ഔട്ട്‌ലറ്റിലേക്ക് കൊണ്ട് വന്ന മദ്യത്തിന്റെ കണക്ക് കൂടി സംഘം പരിശോധിക്കും. ഇതു കൂടി പുറത്തു വന്നാല്‍ മാത്രമേ അന്തിമ കണക്ക് വ്യക്തമാകൂ എന്ന് എക്‌സൈസ് വ്യക്തമാക്കി. കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു

Facebook Comments Box

By admin

Related Post