കാണാതായ ഭാര്യയെയും കുഞ്ഞിനെയും തേടിയിറങ്ങുന്നതിനിടെ കുഴഞ്ഞു വീണു: നടി സുരഭി ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു
കോഴിക്കോട്: കാണാതായ ഭാര്യയെയും കുഞ്ഞിനെയും അന്വേഷിച്ചിറങ്ങിയതിനിടെ, പക്ഷാഘാതം വന്ന് കുഴഞ്ഞ് വീണ യുവാവ് മരിച്ചു.
കുഴഞ്ഞു വീണ യുവാവിനെ നടി സുരഭി ലക്ഷ്മിയും സുഹൃത്തുക്കളുമായിരുന്നു ആശുപത്രിയില്‍ എത്തിച്ചത്. പട്ടാമ്ബി സ്വദേശിയായ മുസ്തഫ ആണ് മരിച്ചത്. വീടു വിട്ടിറങ്ങിയ ഭാര്യയെയും കുഞ്ഞിനെയും തേടി ഇറങ്ങിയതായിരുന്നു മുസ്തഫ. ജീപ്പ് ഓടിക്കവെ കുഴഞ്ഞ് വീണ് റോഡില്‍ ആരും സഹായിക്കാനില്ലാതെ കുടുങ്ങിയപ്പോള്‍, നടി സുരഭിയാണ് ഇദ്ദേഹത്തെ സഹായിച്ചത്.
മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വീട്ടില്‍ നിന്നും യുവതി, തന്റെ മൂത്ത കുട്ടിയെ കൂട്ടി പുറത്തേക്ക് പോയിരുന്നു. എന്നാല്‍, മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന്, ഭര്‍ത്താവ് ഇളയ കുട്ടിയെയും രണ്ട് സുഹൃത്തുക്കളെയും കൂട്ടി ഇവരെ അന്വേഷിച്ചിറങ്ങി. നേരം ഇരുട്ടിയിട്ടും ഇവരെ കണ്ടെത്താനാകാതെ വന്നതോടെ, യുവാവ് പൊലീസില്‍ പരാതി നല്‍കി വീട്ടിലേക്ക് മടങ്ങി. ഇതിനിടെ, വഴിയറിയാതെ കുടുങ്ങിയ യുവതിയും കുഞ്ഞും മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലെത്തി.
ഇവരോട് വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ പൊലീസ്, യുവതിയുടെ പക്കല്‍ നിന്നും ലഭിച്ച ഭര്‍ത്താവിന്റെ ഫോണ്‍ നമ്ബറിലേക്ക് വിളിച്ച് കാര്യം പറഞ്ഞു. അപ്പോഴേക്കും സമയം രാത്രി 10 മണി ആയിരുന്നു. എങ്കിലും, ഇളയ കുഞ്ഞിനെയും സുഹൃത്തുക്കളെയും കൂട്ടി ഇയാള്‍ രാത്രി പൊലീസ് സ്റ്റേഷനിലേക്ക് ജീപ്പില്‍ പുറപ്പെട്ടു. തൊണ്ടയാട് മേല്‍പ്പാലത്തിന് താഴെയെത്തിയപ്പോള്‍ യുവാവിന് നെഞ്ചുവേദന അനുഭവപ്പെടുകയും വാഹനത്തില്‍ കുഴഞ്ഞു വീഴുകയുമായിരുന്നു. ഒപ്പമുള്ള കൂട്ടുകാര്‍ക്ക് ഡ്രൈവിങ് അറിയില്ലായിരുന്നു.
യുവാവിനെ ആശുപത്രിയില്‍ എത്തിക്കാനായി റോഡില്‍ നിരവധി വാഹനങ്ങള്‍ക്ക് സുഹൃത്തുക്കള്‍ കൈ കാണിച്ചെങ്കിലും ആരും നിര്‍ത്തിയില്ല. ഈ വഴി വന്ന സുരഭിയാണ് വാഹനം നിര്‍ത്തി, കാര്യമന്വേഷിച്ചത്. ഉടന്‍ തന്നെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് കാര്യമറിയിക്കുകയും പൊലീസെത്തി യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോവുകയുമായിരുന്നു