കൊച്ചി: വാഹനങ്ങളുടെ ഗ്ലാസുകളില്‍ സണ്‍ കണ്‍ട്രോള്‍ ഫിലിം ഒട്ടിക്കാൻ അനുമതി നല്‍കി ഹൈക്കോടതി. 2021 ഏപ്രിലില്‍ നിലവില്‍ വന്ന കേന്ദ്ര മോട്ടോർ വാഹനച്ചട്ടത്തിലെ വകുപ്പുകള്‍ വ്യാഖ്യാനം ചെയ്താണ് അനുവദനീയ പരിധിയില്‍ സണ്‍ഫിലിം അല്ലെങ്കില്‍ കൂള്‍ ഫിലിം ഒട്ടിക്കാമെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ഉത്തരവിട്ടത്.
മുമ്ബിലും പിന്നിലും 70 ശതമാനവും വശങ്ങളില്‍ 50 ശതമാനവും വീതം വെളിച്ചം കടക്കാവുന്ന പരിധിയില്‍ ഫിലിം ഒട്ടിക്കാമെന്നാണ് നിർദേശം.
ഫിലിം ഒട്ടിച്ച് കാഴ്ച മറച്ച വാഹനങ്ങള്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന് നിരീക്ഷിച്ചാണ് 2012ല്‍ സുപ്രീം കോടതി പൂർണനിരോധനം കൊണ്ടുവന്നത്. എന്നാല്‍ ഇതിന് ശേഷം മോട്ടോർ വാഹനച്ചട്ടത്തില്‍ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി പ്രകാരം 70 ശതമാനമെങ്കിലും വെളിച്ചം കടക്കാവുന്ന ഗ്ലാസുകള്‍ സ്ഥാപിക്കാമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. വാഹനം വാങ്ങുമ്ബോള്‍ തന്നെയുള്ള ഗ്ലാസുകളുടെ കാര്യത്തിലായിരുന്നു ഇത്. എന്നാല്‍ ഒട്ടിക്കുന്ന ഫിലിമിനും ഇത് ബാധകമാകാം എന്നാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്.
കൂളിങ് ഫിലിം നിർമാണകമ്ബനി, ഫിലിം ഒട്ടിച്ചതിൻ്റെ പേരില്‍ നോട്ടീസ് കിട്ടിയ വാഹന ഉടമ തുടങ്ങിയവരുടെ ഹർജിയിലാണ് സുപ്രധാന വിധി കേരള ഹൈക്കോടതി പുറപ്പെടുവിച്ചത്. ഫിലിം ഒട്ടിച്ചതിൻ്റെ പേരില്‍ ഇനി പിഴ ഈടാക്കാൻ പാടില്ലെന്ന് മാത്രമല്ല, മുൻപ് പിഴയടിച്ച കേസുകള്‍ റദ്ദാക്കാനും നിർദേശിച്ചിട്ടുണ്ട്. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ്, കേരള സർക്കാർ, ഡിജിപി, ട്രാൻസ്പോർട്ട് കമ്മിഷണർ എന്നിവരായിരുന്നു കേസില്‍ എതിർകക്ഷികള്‍.
കൊടുംചൂടിനെ പ്രതിരോധിക്കാൻ കാറുകളുടെ ഗ്ലാസുകളില്‍ ചെറിയ തോതിലെങ്കിലും ഫിലിം ഒട്ടിക്കാൻ സാധാരണക്കാർ പലരും നിർബന്ധിതരായിരുന്നു. പ്രായോഗികത ഒട്ടും നോക്കാത്ത ഉദ്യോഗസ്ഥരില്‍ ചിലർക്കാകട്ടെ വഴിനീളെ കാത്തുനിന്ന് ഇത് ഇളക്കിക്കുന്നത് ഹരമായിരുന്നു. അതേസമയം ഫിലിം ഒട്ടിച്ചും കർട്ടനിട്ടും, സ്വകാര്യതയും കൂളിങും ഉറപ്പുവരുത്തി പായുന്ന പ്രമാണിമാർക്കും നേതാക്കന്മാർക്കും സല്യൂട്ടടിച്ച് ഇവരെല്ലാം വണങ്ങിനിന്നു. ഈ ഇരട്ടനീതി അവസാനിപ്പിക്കുന്നു എന്നത് കൂടിയാണ് ജസ്റ്റിസ് നഗരേഷിൻ്റെ വിധിയുടെ പ്രസക്തി.