Mon. Apr 29th, 2024

സ്വിഫ്റ്റ് വന്നതോടെ നിരക്ക് കുറച്ച്‌ സ്വകാര്യ ബസുകള്‍; സ്ക്രീന്‍ഷോട്ട് പങ്കുവെച്ച്‌ കെ.എസ്.ആര്‍.ടി.സി

By admin Apr 15, 2022 #ksrtc swift
Keralanewz.com

തിരുവനന്തപുരം: സ്വിഫിറ്റ് ബസുകള്‍ ഓടിത്തുടങ്ങിയതോടെ സ്വകാര്യ ബസുകള്‍ നിരക്ക് കുറച്ചെന്ന് വ്യക്തമാക്കി കെ.എസ്.ആര്‍.ടി.സി.

സ്വകാര്യ ബസുകള്‍ അമിത നിരക്ക് ഈടാക്കുകയാണെന്ന് കാണിച്ച്‌ വ്യാഴാഴ്ച കെ.എസ്.ആര്‍.ടി.സിയുടെ ഫേസ്ബുക്ക് പേജില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വകാര്യ ബസുകള്‍ നിരക്ക് കുറച്ചതെന്ന് സ്ക്രീന്‍ ഷോട്ടുകളടക്കം നല്‍കി കെ.എസ്.ആര്‍.ടി.സി പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

കെ.എസ്.ആര്‍.ടി.സിയുടെ കുറിപ്പില്‍നിന്ന്:

ആരെയും തോല്പിക്കാനല്ല…

സാധാരണ യാത്രക്കാരുടെ ന്യായമായ യാത്രാ സ്വാതന്ത്ര്യം സംരക്ഷിക്കാനാണ് കെഎസ്‌ആര്‍ടിസിയുടെ പുതിയ സംരംഭമായ കെ-സ്വിഫ്റ്റ്. ആയതിന് ഫലം കണ്ടു തുടങ്ങിയിരിക്കുന്നു.

പ്രിയരേ… നിങ്ങള്‍ വസ്തുതകള്‍ മനസ്സിലാക്കൂ…

കെ.എസ്.ആര്‍.ടി.സിയുടെ നൂതന സംരംഭമായ കെ-സ്വിഫ്റ്റ് സര്‍വിസ് ആരംഭിച്ചത് മുതല്‍ വ്യാപകമായ രീതിയില്‍ പൊതുജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ സോഷ്യല്‍ മീഡിയകളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പടച്ചുവിട്ട അസത്യങ്ങള്‍ തിരിച്ചറിയൂ.

ഞങ്ങള്‍ ഇന്നലെ പോസ്റ്റ് ചെയ്ത “കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിനെ ഭയക്കുന്നതാര്? എന്തിന്?” എന്ന സ്‌റ്റോറി വന്ന് മണിക്കൂറുകള്‍ക്കകം സ്വകാര്യ കോണ്‍ട്രാക്‌ട് കാര്യേജ് ബസുകള്‍ അവരുടെ കൂടിയ നിരക്കുകള്‍ കുറച്ചുതുടങ്ങി. കെ.എസ്.ആര്‍.ടി.സിയെ സംബന്ധിച്ചിടത്തോളം ഞങ്ങള്‍ ആഗ്രഹിച്ചതും അത്രയേ ഉള്ളൂ, ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്ര സൗകര്യം ഏര്‍പ്പെടുത്തുക.

കേരള സര്‍ക്കാര്‍ നിരത്തിലിറക്കിയ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസുകള്‍ വ്യാപകമായി അപകടം ഉണ്ടാക്കുന്നു എന്ന് പറഞ്ഞവര്‍ തന്നെ അത് മാറ്റിപ്പറയേണ്ടി വന്ന സാഹചര്യം നിലനില്‍ക്കുകയാണ്. ഇന്നലെ വൈകീട്ട് സ്വകാര്യ ബസിന്റെ ബാംഗ്ലൂര്‍ – തിരുവനന്തപുരം സര്‍വിസ്

4000 മുതല്‍ 5000 രൂപ വരെയാണ് ഈടാക്കിയത്. എന്നാല്‍ ബുക്കിങ് സൈറ്റില്‍ നോക്കുമ്ബോള്‍ “From Rs.1599” എന്ന രീതിയില്‍ കബളിപ്പിക്കപ്പെടുന്ന തരത്തിലാണ്. വിഷു, ഓണം, ക്രിസ്മസ് തുടങ്ങിയ അവധി ദിവസങ്ങളില്‍ മാത്രം പത്രമാധ്യമങ്ങള്‍ ഈ കൊള്ളയുടെ വാര്‍ത്തകള്‍ ഇട്ടതിനുശേഷം മറ്റൊരു വിഷയത്തിലേയ്ക്ക് മാറുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകുമല്ലോ?

അന്നു കെ.എസ്.ആര്‍.ടി.സിയുടെ ബസുകള്‍ കൊണ്ട് നമുക്ക് ഇതിനൊരു പരിഹാരം കാണാന്‍ സാധിച്ചിരുന്നുമില്ല. അതിനെല്ലാം പരിഹാരമാര്‍ഗം എന്ന നിലയിലാണ് കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിന്റെ ഉദയം. ഇന്നലെ കെ.എസ്.ആര്‍.ടി.സി ഫേസ്ബുക്ക് പോസ്റ്റ് വന്നശേഷം സ്വകാര്യ ബസ് ലോബികള്‍ അമിത നിരക്ക് കുറച്ചതിന്റെ സ്ക്രീന്‍ ഷോര്‍ട്ട് ഞങ്ങള്‍ ഈ പോസ്റ്റിനൊപ്പം ചേര്‍ക്കുന്നു.

Facebook Comments Box

By admin

Related Post