Kerala News

വഴിപാടായി ലഭിച്ച ഥാര്‍ വീണ്ടും ലേലം ചെയ്യാന്‍ ഗുരുവായൂര്‍ ദേവസ്വം; ലേലം ജൂണ്‍ 6ന്

Keralanewz.com

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മഹീന്ദ്ര കമ്ബനി വഴിപാട് നല്‍കിയ വാഹനമായ ഥാര്‍ പുനര്‍ലേലം ചെയ്യാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു

ജൂണ്‍ 6ന് ലേലം നടക്കും. ലേല തീയതിയും വിശദാംശങ്ങളും പത്രത്തില്‍ പരസ്യം ചെയ്യും. മഹീന്ദ്ര കമ്ബനി 2021ഡിസംബര്‍ 4ന് ക്ഷേത്രത്തില്‍ വഴിപാടായി നല്‍കിയ ഥാര്‍, ഡിസംബര്‍ 18ന് തന്നെ ദേവസ്വം ലേലം ചെയ്തിരുന്നു. അമല്‍ മുഹമ്മദ് അലി എന്ന പ്രവാസി വ്യവസായിക്ക് വേണ്ടി സുഭാഷ് പണിക്കര്‍ എന്ന വ്യക്തി മാത്രമാണ് അന്ന് ലേലത്തില്‍ പങ്കെടുത്തത്. 15.10 ലക്ഷം രൂപയ്ക്ക് ദേവസ്വം ഭരണസമിതി ലേലം ഉറപ്പിച്ചു.

എന്നാല്‍, വേണ്ടത്ര പ്രചാരം നല്‍കാതെ കാര്‍ ലേലം ചെയ്തതും ലേലത്തില്‍ ഒരാള്‍ മാത്രം പങ്കെടുത്തിട്ടും ലേലം ഉറപ്പിച്ചു നല്‍കിയതും ചോദ്യം ചെയ്ത് ഹിന്ദു സേവാസംഘം ഹൈക്കോടതിയില്‍ പരാതി നല്‍കി. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരം ഏപ്രില്‍ 9ന് ദേവസ്വം കമ്മിഷണര്‍ ഡോ. ബിജു പ്രഭാകര്‍ ഗുരുവായൂരില്‍ സിറ്റിങ് നടത്തി പരാതികള്‍ കേട്ടു. അന്ന് 8 പേര്‍ പരാതികള്‍ അവതരിപ്പിച്ചു. അഡ്മിനിസ്ട്രേറ്റര്‍ കെ.പി.വിനയന്‍ ദേവസ്വം ഭാഗം വിശദീകരിച്ചു. ഇതിന് ശേഷമാണ് ഥാര്‍ വീണ്ടും ലേലം ചെയ്യണമെന്ന് ദേവസ്വം കമ്മിഷണര്‍ ഉത്തരവിട്ടത്.

ബുധനാഴ്ച ചേര്‍ന്ന ദേവസ്വം ഭരണസമിതി പുനര്‍ലേലത്തിന് തീരുമാനം എടുക്കുകയായിരുന്നു. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ.വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചെങ്ങറ സുരേന്ദ്രന്‍, കെ.വി.മോഹനകൃഷ്ണന്‍, മല്ലിശേരി പരമേശ്വരന്‍ നമ്ബൂതിരിപ്പാട്, തന്ത്രി ചേന്നാസ് ദിനേശന്‍ നമ്ബൂതിരിപ്പാട്, കെ.ആര്‍.ഗോപിനാഥ്, മനോജ്.ബി.നായര്‍, സി.മനോജ്, അഡ്മിനിസ്ട്രേറ്റര്‍ കെ.പി.വിനയന്‍ എന്നിവര്‍ പങ്കെടുത്തു

Facebook Comments Box